റൈറ്റ് ടു ഡിസ്കണക്ട് ബിൽ എന്ന വാക്ക് നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടാകും. അടുത്തിടെ മലയാളി സോഷ്യല് മീഡിയയില് ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വാക്കാണിത്. ജോലി സമയം കഴിഞ്ഞാൽ ഔദ്യോഗികമായ ഏത് സാഹചര്യത്തിൽ നിന്നും നമുക്ക് വിട്ടുനിൽക്കാൻ അവകാശം തരുന്ന ബിൽ ആണത്. ചുരുക്കിപ്പറഞ്ഞാൽ ഓഫീസ് ഫോണുകളോ മെയിലുകളോ ഒന്നും സ്വീകരിക്കാതെയിരിക്കാനും ഒരു ഓഫീസിൽ കാര്യങ്ങളിലും ഇടപെടാതെയിരിക്കാനും നമുക്ക് അവകാശം തരുന്ന ബിൽ.
കഴിഞ്ഞ ദിവസങ്ങളിൽ ഈ ബിൽ നിയമമായി എന്ന തരത്തിൽ വ്യാപക പ്രചാരണം നടന്നിരുന്നു. നിരവധി പേർ ഇത് സംബന്ധിച്ച് വീഡിയോകളും എഴുത്തുകളുമെല്ലാം പങ്കുവെച്ചിരുന്നു. എന്നാൽ ഇതെല്ലാം വ്യാജമാണ്. അങ്ങനയൊരു ബിൽ നിർദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അവ സഭയിൽ അവതരിപ്പിക്കപ്പെടുകയോ പാസാകുകയോ ചെയ്തിട്ടില്ല.
കാഞ്ഞിരപ്പള്ളി എംഎൽഎയായ എൻ ജയരാജ് ആണ് ഇത്തരത്തിലൊരു ബിൽ നിർദേശിച്ചത്. അനൗദ്യോഗിക അംഗങ്ങളുടെ ബിൽ അഥവാ പ്രൈവറ്റ് മെംബേർസ് ബിൽ എന്ന നിലയിലാണ് ഇവ നിർദേശിക്കപ്പെട്ടിട്ടുള്ളത്. മന്ത്രിമാർ അല്ലാതെ എംഎൽഎമാർ അവതരിപ്പിക്കുന്ന ബില്ലുകളാണ് പ്രൈവറ്റ് മെംബേർസ് ബിൽ അഥവാ സ്വകാര്യ ബിൽ.
ഇത്തരത്തിലൊരു ബിൽ അവതരിപ്പിക്കാൻ എംഎൽഎമാർ ആദ്യം സഭയിൽ നോട്ടീസ് നൽകണം. എന്നാൽ അതിന്റെ ഭാവി സർക്കാരാണ് തീരുമാനിക്കുക. ജയരാജ് ഇത്തരത്തിൽ ഒരു നോട്ടീസ് നൽകിയിട്ടുണ്ട് എങ്കിലും സഭയിൽ ബിൽ അവതരിപ്പിക്കപ്പെട്ടിട്ടില്ല. ഇങ്ങനെയിരിക്കെയാണ് നിയമം പാസ്സായെന്ന വ്യാജപ്രചരണം നടക്കുന്നത്.
തൊഴിലാളികൾക്ക് അനുകൂലമായ നിരവധി നിർദേശങ്ങൾ അടങ്ങിയതാണ് റൈറ്റ് ടു ഡിസ്കണക്ട് ബിൽ എന്നതിൽ സംശയമില്ല. ജോലി സമയം കഴിഞ്ഞിട്ടും ജീവനക്കാരെ ജോലിക്കാര്യങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നത് കുറ്റമാണ് എന്നാണ് ബിൽ പറയുന്നത്. ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ തടയുകയും അവരെ ശിക്ഷിക്കുകയും ചെയ്യുന്ന നിരവധി രാജ്യങ്ങളിൽ ഇത്തരത്തിൽ നിയമങ്ങളുണ്ട്. എന്നാൽ കേരളത്തിൽ, ആ ബിൽ ആദ്യ കടമ്പ പോലും കടന്നിട്ടില്ല എന്നതാണ് സത്യം. ചുരുക്കിപ്പറഞ്ഞാൽ, ഇതുവരെ പ്രചരിപ്പിക്കപ്പെട്ടതും വിശ്വസിച്ചതും സർവം മായ !
Content Highlights: right to disconnect bill passed is a fake news