കാമറ ചതിച്ചാശാനേ! സ്വര്‍ണ നെക്‌ളസ് അടിച്ചുമാറ്റി! യൂറോപ്യന്‍ വനിതയ്ക്ക് പിഴ ലക്ഷങ്ങള്‍

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സ്വര്‍ണക്കടയില്‍ മോഷണം നടന്നത്

ദുബായിലെ സ്വര്‍ണക്കടയില്‍ നിന്നും നെക്‌ളസ് ബാഗിലാക്കി കടക്കാന്‍ ശ്രമിച്ച യൂറോപ്യന്‍ വനിതയെ കയ്യോടെ പിടികൂടി. നിരീക്ഷണ കാമറയില്‍ ഇവരുടെ മോഷണം പതിഞ്ഞതാണ് വിനയായത്. ഇതോടെ പതിനായിരം ദിര്‍ഹം വിലയുള്ള മാല കവര്‍ന്ന സ്ത്രീക്ക് 15000 ദിര്‍ഹം പിഴ ശിക്ഷയാണ് കോടതി വിധിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ രൂപയില്‍ ഏകദേശം മൂന്നരലക്ഷം രൂപ വരുമിത്.

പിഴയില്‍ പതിനായിരം ദിര്‍ഹം സ്വര്‍ണക്കടയുടെ നഷ്ടം നികത്താനായി അവര്‍ക്ക് കൈമാറും. ബാക്കി അയ്യായിരമാണ് പിഴ തുകയായി പരിഗണിക്കുക. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സ്വര്‍ണക്കടയില്‍ മോഷണം നടന്നത്. കടയില്‍ നിന്നും യുവതി മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് സെയില്‍സ്മാന്‍ നെക്‌ളസ് നഷ്ടപ്പെട്ടത് മനസിലാക്കിയത്. ഇതോടെ സിസിടിവി കാമറ പരിശോധിച്ചപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. കടയില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് പെട്ടെന്ന് ഇവര്‍ ബാഗിലേക്ക് മാലയെടുത്ത് വയ്ക്കുകയാണ് ഉണ്ടായത്.

ഇവരുടെ വാഹനത്തിന്റെ വിവരങ്ങള്‍ ട്രാക്ക് ചെയ്താണ് പൊലീസ് പ്രതിയെ പിടികൂടിയത്. സഹോദരിയുടെ മരണവിവരമറിഞ്ഞ മാനസിക പ്രതിസന്ധിക്കിടയില്‍ സംഭവിച്ചതാണെന്നായിരുന്നു യുവതിയുടെ ന്യായീകരണം. എന്നാല്‍ കാമറ ദൃശ്യങ്ങള്‍ മോഷണം വ്യക്തമാക്കുന്നതാണെന്നാണ് കോടതി നിരീക്ഷിച്ചത്.

Content Highlights: European Woman get hefty fine over gold necklace theft

To advertise here,contact us