എയര്‍ഇന്ത്യ വിമാനത്തിലെ പാറ്റയെ 'മരണം വരെ തൂക്കിലേറ്റി' ജീവനക്കാരന്‍; വൈറലായി പോസ്റ്റ്

ലോഗ്ബുക്കിന്റെ ചിത്രത്തിനൊപ്പം ഏവിയേഷന്‍ ജേണലിസ്റ്റായ ജഗ്രിതി ചന്ദ്ര എക്‌സില്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു

വിമാനയാത്രക്കിടെ ഒരു പാറ്റയെ കണ്ടെത്തിയാല്‍ ജീവനക്കാര്‍ എന്തുചെയ്യും? അതിനുള്ള രസകരമായ മറുപടിയാണ് എയര്‍ ഇന്ത്യ വിമാനത്തിന്റെ ലോഗ്ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ലോഗ്ബുക്കിന്റെ ചിത്രത്തിനൊപ്പം ഏവിയേഷന്‍ ജേണലിസ്റ്റായ ജഗ്രിതി ചന്ദ്ര എക്‌സില്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

യാത്രക്കാരനാണ് വിമാനത്തിനകത്ത് ഒരു പാറ്റയെ കാണുന്നത്. അയാള്‍ ഉടന്‍തന്നെ ജീവനക്കാരെ വിവരമറിയിച്ചു. പാറ്റയെ ഉടന്‍ പിടികൂടിയ ജീവനക്കാര്‍ അതിനെ 'മരണം വരെ തൂക്കിലേറ്റി' പ്രശ്‌നം പരിഹരിച്ചു. ലോഗ് ബുക്കില്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയറുടെ മരണം വരെ തൂക്കിലേറ്റി എന്ന പ്രയോഗം കണ്ട് ആര്‍ത്തുചിരിക്കുകയാണ് സോഷ്യല്‍മീഡിയ. ഡല്‍ഹി-ദുബായ് വിമാനത്തിലാണ് സംഭവം.

സംഗതി സോഷ്യല്‍ മീഡിയ ഏറ്റെടുത്തെങ്കിലും എയര്‍ ഇന്ത്യ ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല. എയര്‍ലൈന്‍ ഡോക്യുമെന്റേഷന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഇത്ര രസതകരമായ എന്‍ട്രി എന്നുപറയുന്നവരും കുറവല്ല. എയര്‍ലൈന്‍സിന്റെ ശുചിത്വത്തെക്കുറിച്ച് യാത്രക്കാരുടെ പരാതി ഉയരുന്ന സാഹചര്യത്തിലാണ് ലോഗ് ബുക്കിലെ പാറ്റയെ തൂക്കിലേറ്റല്‍ ചര്‍ച്ചയായിരിക്കുന്നത്.

An entry in Air India’s cabin defect log recorded that a live cockroach was discovered by a passenger. The rectification note wryly mentioned that the matter was dealt with… conclusively.Khalaas, Dubai style pic.twitter.com/sifW6NNtG5

സീറ്റ് വൃത്തിയില്ലാതിരുന്നതിന്റെ പേരില്‍ എയര്‍ ഇന്ത്യ യാത്രക്കാരിക്ക് 35,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍മദ്രാസ് ഹൈക്കോടതി വിധിച്ചത് അടുത്തിടെയാണ്. സീറ്റില്‍ മുടിയും ഭക്ഷണപാക്കറ്റുമാണ് യാത്രക്കാരിയെ സ്വാഗതം ചെയ്തത്. ഇത് ചോദ്യം ചെയ്താണ് യുവതി പരാതി നല്‍കിയത്. കൊളംബോ-ചെന്നൈ വിമാനത്തിലായിരുന്നു സംഭവം.

Content Highlights: Air India’s Dubai Flight Cockroach Saga: ‘Hanged Till Death’ Logbook Entry Sparks Viral Buzz

To advertise here,contact us