കുർണൂൽ ബസ് ദുരന്തത്തിന്റെ തീവ്രത ഉയർത്തിയത് സ്മാർട്ട്‌ഫോണുകൾ? ബാറ്ററികൾ പെട്ടിത്തെറിച്ചെന്ന് റിപ്പോർട്ട്

46 ലക്ഷത്തോളം വില വരുന്ന ഫോണുകളുടെ ബാറ്ററി പൊട്ടിത്തെറിച്ചത് ബസ് തീഗോളങ്ങമായി മാറാൻ കാരണമായി

അന്ധ്രപ്രദേശിലെ കുർണൂലിൽ ബസിന് തീപിടിച്ച് 20 പേർ കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. വെള്ളിയാഴ്ച പുലർച്ചെ അപകടമുണ്ടായപ്പോൾ 234 സ്മാർട്ട്‌ഫോണുകൾ അടങ്ങിയ ചരക്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്തതിന്റെ തീവ്രവത വർധിപ്പിച്ചതെന്നാണ് റിപ്പോർട്ട്. 46 ലക്ഷത്തോളം വില വരുന്ന സ്മാർട്ട്ഫോണുകളാണ് ബസിലുണ്ടായിരുന്നത്. ഇവയുടെ ബാറ്ററി പൊട്ടിത്തെറിച്ചത് ബസ് തീഗോളങ്ങമായി മാറാൻ കാരണമായെന്ന ഫോറൻസിക്ക് വിദഗ്ധർ പറയുന്നു.

ഹൈദരാബാദ് ആസ്ഥാനമായുള്ള ബിസിനസുകാരനായ മങ്ങാനാഥ് ഷിപ്പ് ചെയ്ത പാർസലാണ് ഇത്. ബെംഗളുരുവിലെ ഇ കൊമേഴ്‌സ് കമ്പിനിയിലേക്ക് കസ്റ്റമേഴ്‌സിന് വിതരണം ചെയ്യാനായി അയച്ച പാഴ്‌സലായിരുന്നു ഇത്. തീപിടിച്ചതോടെ ഈ ഫോണുകളുടെ ബാറ്ററികൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികളും മൊഴി നൽകിയിട്ടുണ്ട്.

സ്മാർട്ട്‌ഫോൺ ബാറ്ററിക്ക് പുറമേ ബസിലെ എയർ കണ്ടീഷനിങ് സിസ്റ്റത്തിലുണ്ടായിരുന്ന ബാറ്ററികളും പൊട്ടിത്തെറിച്ചിട്ടുണ്ടെന്ന് ആന്ധ്ര പ്രദേശ് ഫയർ സർവീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ പി വെങ്കട്ടരാമൻ പറഞ്ഞു. ബസിലെ അതികഠിനമായ ചൂടിൽ ബസിന്റെ ഫ്‌ളോറിലെ അലൂമിനിയം ഷീറ്റ് വരെ ഉരുകിയനിലയിലാണ്. വാതകം ചോർന്നതിനാൽ ആദ്യം തീപിടിച്ചത് ബസിന്റെ മുൻവശത്താണ്. ബസിനടിയിൽ കുടുങ്ങിയ ബൈക്കിൽ നിന്നും പെട്രോൾ ലീക്കായതിന് പിന്നാലെ ചൂടും തീപ്പൊരിയുമാകാം പെട്ടെന്ന് തീപിടിക്കാൻ കാരണമെന്ന് വെങ്കട്ടരാമൻ പറയുന്നത്.

ഉരുകിയ അലുമിനിയം ഷീറ്റുകൾക്കിടയിൽ നിന്നും ചാരത്തിനൊപ്പം എല്ലിൻകഷ്ണങ്ങളും കാണാൻ കഴിഞ്ഞെന്നും അദ്ദേഹം പറയുന്നു. ബസിന്റെ നിർമിതിയിലും പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് അദ്ദേഹം പറയുന്നു. ഇരുമ്പിന് പകരം വണ്ടിയുടെ ഭാരം കുറയ്ക്കാനും വേഗത കൂട്ടാനും അലൂമിനിയമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതാണ് അപകടത്തിന്റെ തീവ്രത കൂടാൻ മറ്റൊരു കാരണം.

To advertise here,contact us