ഹലോ പറയാൻ മടിക്കുന്ന Gen Zകൾ!; ആശയവിനിമയത്തിൻ്റെ മാറുന്ന ശീലങ്ങൾ

നിങ്ങളുടെ Gen Z സുഹൃത്തുക്കൾ ഹലോ എന്ന് അഭിസംബോധന ചെയ്ത് കൊണ്ട് ഫോണിൽ വിളിച്ച് എത്രവട്ടം സംസാരിച്ചിട്ടുണ്ട്

സോഷ്യൽ മീഡിയ ആശയവിനിമയത്തിൻ്റെ സ്വാധീനം ഫോൺ കോളുകളെ ബാധിച്ചിട്ടുണ്ടോ? ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. നിങ്ങളുടെ Gen Z സുഹൃത്തുക്കൾ ഹലോ എന്ന് അഭിസംബോധന ചെയ്ത് കൊണ്ട് ഫോണിൽ വിളിച്ച് എത്രവട്ടം സംസാരിച്ചിട്ടുണ്ട്? അല്ലെങ്കിൽ ഫോൺകോളുകളെ അവർ ആ നിലയിൽ ഇഷ്ടപ്പെടുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നുണ്ടോ? ഇല്ലായെന്ന് തന്നെയാവും ഉത്തരം. Gen Z തലമുറയിൽ വന്നിട്ടുള്ള ആശയവിനിമയ ശീലങ്ങളുടെ മാറ്റത്തിൻ്റെ ഭാ​ഗമായി വേണം ഈ പ്രവണതയെ കാണാനെന്നാണ് വിലയിരുത്തപ്പെടുന്നത്.

തൽക്ഷണം സന്ദേശമയയ്ക്കുന്ന പുതിയ രീതികളും സോഷ്യൽ മീഡിയയുമാണ് ആശയവിനിമയ ശീലങ്ങളെ മാറ്റിമറിക്കുന്നതെന്നാണ് വിലയിരുത്തൽ. Gen Zൽപ്പെടുന്ന 81 ശതമാനം പേർക്കും അപ്രതീക്ഷിത ഫോൺ കോളുകൾ ലഭിക്കുമ്പോൾ ഉത്കണ്ഠ അനുഭവപ്പെടുന്നതായി 2023-ൽ കമ്മ്യൂണിക്കേഷൻ റിസർച്ച് റിപ്പോർട്ട്സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇത് ഡാറ്റകൾ വേ​ഗത്തിലും കൃത്യതയിലും കൈമാറുന്ന പുതിയ കാലത്തെ ആശയവിനിമയത്തിന് ലഭിച്ചിരിക്കുന്ന വ്യക്തമായ മുൻഗണനയുടെ സൂചനയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പരമ്പരാഗതമായി ഫോൺ കോളിലൂടെയുള്ള ആശയവിനിമയത്തിൻ്റെ അതിന്റെ ആകർഷണീയത നഷ്ടപ്പെട്ടുവെന്നാണ് ഇത് കാണിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. പല Gen Z ഉപയോക്താക്കൾക്കും ഫോൺ കോളുകൾ സമ്മർദ്ദമുണ്ടാക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഫോൺ കോളുകളെക്കാൾ ടെക്സ്റ്റിംഗാണ് Gen Z തലമുറ ഇഷ്ടപ്പെടുന്നത്. ഫോണിൽ ഹലോ പറയുന്നതിലുള്ള മാറ്റം അസിൻക്രണസ് ആശയവിനിമയത്തോടുള്ള മുൻഗണനയുമായി ബന്ധപ്പെട്ടതാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മെസേജിംഗ് ആപ്പുകൾ, സോഷ്യൽ മീഡിയ, ഇമെയിലുകൾ എന്നിവ Gen Z യുവതയെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായ ആശയവിനിമ സങ്കേതങ്ങളായി മാറിയിട്ടുണ്ട്. ഈ സങ്കേതങ്ങൾ നിരന്തരമായ ആശയവിനിമയങ്ങളിൽ നിയന്ത്രണം നൽകുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. തത്സമയ പ്രതികരണങ്ങളെക്കുറിച്ച് ചിന്തിക്കാനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പെട്ടെന്ന് നടക്കുന്ന സംഭാഷണങ്ങളുടെ സമ്മർദ്ദം ഒഴിവാക്കാനും കഴിയുമെന്നത് കൊണ്ടാണ് Gen Z ഫോൺ കോളുകൾ ഒഴിവാക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫോൺകോളുകൾ ഒഴിവാക്കുന്നത് മാനസിക ആരോ​ഗ്യത്തിന് സഹായമാണെന്ന് Gen Z കരുതുന്നു.

ടെലിഫോബിയ, അല്ലെങ്കിൽ ഫോൺ വിളിക്കാനും സ്വീകരിക്കാനുമുള്ള ഭയം, Gen Z തലമുറയിൽ കൂടുതലായി കണ്ടുവരുന്നുവെന്നാണ് റിപ്പോർട്ട്. ഫോൺ കോളുകൾ ഒഴിവാക്കുന്നത് ഇവരുടെ ബോധപൂർവ്വമുള്ള പരുഷസ്വഭാവമായി കാണാൻ കഴിയില്ലെന്നും അത് സമ്മ‍ർദ്ദത്തെ തരണം ചെയ്യാനുള്ള തന്ത്രമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സാങ്കേതികവിദ്യ Gen Zൻ്റെ ആശയവിനിമ രീതികളെ മാറ്റിമറിച്ചിട്ടുണ്ട്. സ്മാർട്ട്‌ഫോണുകളും സന്ദേശമയയ്‌ക്കാൻ സഹായിക്കുന്ന ആപ്പുകളും ആശയവിനിമയ രീതികളെ അടിസ്ഥാനപരമായി തന്നെ മാറ്റിമറിച്ചു. ടൈപ്പിംഗ് ഇമോജികൾ, സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള സാധ്യത തുടങ്ങിയവ പുതിയ ആശയവിനിമയ രീതികളുടെ സമ്മർദ്ദത്തെ കുറയ്ക്കുന്നുണ്ട്. വോയ്‌സ് നോട്ടുകളും വീഡിയോ സന്ദേശങ്ങളും Gen Z-നെ തത്സമയ സമ്മർദ്ദമില്ലാതെ വ്യക്തിപരമായി ആശയവിനിമയം നടത്താൻ അനുവദിക്കുന്നതായും വിലയിരുത്തപ്പെടുന്നു.

ആശയവിനിമയത്തിലെ അഭിരുചികൾ തലമുറകൾ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ബേബി ബൂമേഴ്‌സും ജനറേഷൻ എക്‌സും വളർന്ന് വന്നത് ലാൻഡ്‌ലൈൻ കാലത്താണ്. അവരെ സംബന്ധിച്ച് ഫോൺകോളുകൾ ആശയവിനിമയത്തിൻ്റെ ഏറ്റവും പ്രിയപ്പെട്ട സാധ്യതയാണ്. എന്നാൽ Gen Z തലമുറ ഡിജിറ്റലിന് പ്രാധാന്യമുള്ള സാഹചര്യത്തിൽ വള‍ർന്ന് വന്നവരാണ്. അവരെ സംബന്ധിച്ച് ആശയവിനിമയം നിയന്ത്രണവും ആശ്വാസവും നൽകുന്നതും വഴക്കമുള്ളതും ആയിരിക്കണം. ഇത് കാരണമാണ് Gen Z തലമുറ ഫോൺകോളുകൾ വളരെ അപൂർവ്വമായി മാത്രം ആശയവിനിമയത്തിന് ഉപയോ​ഗിക്കുന്നത് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇവരുടെ ഈ ശീലം മര്യാദകേടല്ല മറിച്ച് സൗകര്യം മാനസികാരോ​ഗ്യം എന്നിവ കൂടി പരി​ഗണിച്ചുള്ള തീരുമാനമായി കണക്കാക്കണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Gen Z പിന്തുണയ്ക്കുന്നത് ആശംസകളുടെ ഈ ഘടകങ്ങളെ

  • ആദ്യം ഒരു വാചകം അയയ്ക്കുക: ഇത് ആശയവിനിമയത്തിനുള്ള സന്ദർഭം സജ്ജമാക്കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു.
  • പ്രതികരണങ്ങളിൽ ക്ഷമ കാണിക്കുക: പരമ്പരാഗത ആശംസകളോ ഉടനടി മറുപടികളോ പ്രതീക്ഷിക്കുന്നത് ഒഴിവാക്കുന്നു
  • കോളുകൾക്ക് പകരം വോയ്‌സ് നോട്ടുകൾ ഉപയോഗിക്കുക: സമ്മർദ്ദമില്ലാതെ സംസാരിക്കാനും സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താനും സഹായിക്കുന്നു.
  • മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുക: ഫോൺകോളുകൾ ഒഴിവാക്കുന്നത് കംഫർട്ടിന് വേണ്ടിയാണ് അല്ലാതെ പൗരുഷമായ സ്വഭാവത്തിൻ്റെ ഭാ​ഗമല്ല.
  • ആശയവിനിമയം ഹ്രസ്വമായും വ്യക്തമായും നടത്തുക: സമ്മർദ്ദം കുറയ്ക്കുന്നതിനായി അത്യാവശ്യ ആശയവിനിമയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

Content Highlights: Why your Gen Z friends never say hello on the phone

To advertise here,contact us