ജനീവ: നാല്പത് ദിവസത്തെ യൂറോപ്യന് സന്ദര്ശനത്തിന്റെ ഭാഗമായി സ്വിറ്റ്സര്ലന്ഡില് എത്തിയ മാതാ അമൃതാനന്ദമയിക്ക് സ്വീകരണം നല്കി സ്വിറ്റ്സര്ലന്ഡ് നിവാസികള്. മൂന്ന് ദിവസത്തേക്കായിരുന്നു സന്ദര്ശനം. സ്വിറ്റ്സര്ലന്ഡ് പാര്ലമെന്റ് അംഗവും ഹിര്സ്ലാഡന് ക്ലിനിക്കിലെ ന്യൂറോളജിസ്റ്റുമായ റെറ്റോ അഗോസ്റ്റി, സ്വിറ്റ്സര്ലന്ഡിലെ ഇന്ത്യന് സ്ഥാനപതി മൃദുല് കുമാര്, നടിയും സാമൂഹിക മാധ്യമങ്ങളിലെ താരവുമായ സോയി പാസ്റ്റല് എന്നിവര് ചേര്ന്നാണ് അമൃതാനന്ദമയിയെ സ്വീകരിച്ചത്.
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമാണ് മാതാ അമൃതാനന്ദമയിയെന്ന് സ്വിറ്റ്സര്ലന്ഡ് ഇന്ത്യന് സ്ഥാനപതി മൃദുല് കുമാര് പറഞ്ഞു. ജാതിയുടെയോ മതത്തിന്റെയോ നിറങ്ങളുടെയോ അതിര് വരമ്പുകള് ഇല്ലാതെ നിര്ലോഭമായ സ്നേഹമാണ് അമൃതാനന്ദമയി പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. സന്ദര്ശനത്തിന്റെ ഭാഗമായി മാതാ അമൃതാനന്ദമയുടെ നേതൃത്വത്തില് ധ്യാനം ഭജന ദര്ശനം എന്നിവ നടന്നു. ആറു വര്ഷത്തിന് ശേഷമാണ് മാതാ അമൃതാനന്ദമയി സ്വിറ്റ്സര്ലന്ഡില് എത്തുന്നത്. അമൃതാനന്ദമയിയെ കാണാന് നിരവധി പേരാണ് സ്വിറ്റ്സര്ലന്ഡില് എത്തിയത്. മൂന്ന് ദിവസത്തെ സന്ദര്ശനത്തിന് ശേഷം മാതാ അമൃതാനന്ദമയി സ്പെയിനിലെക്ക് യാത്ര തിരിച്ചു.
Content Highlights: Mata Amritanandamayi received grand welcome in Switzerland