സുരക്ഷയുൾപ്പെടെ കാലഹരണപ്പെട്ടത്, മന്ത്രി ഇടപെട്ടില്ല; ലൂവ്രിലെ 102 മില്യൺ $ന്റെ ആഭരണങ്ങൾ മോഷ്ടാക്കൾ ഉരുക്കിയാൽ

മ്യൂസിയത്തിലുണ്ടായ നഷ്ടം ഏകദേശം 88 മില്യൺ യൂറോയാണെന്നാണ് ലൂവ്ര് ക്യൂറേറ്റർ അറിയിച്ചത്

ലോക പ്രശസ്തമായ ഫ്രാൻസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന പെരുംകൊള്ളിയിൽ നഷ്ടപ്പെട്ടിരിക്കുന്നത് 100 മില്യൺ ഡോളറിലധികം വിലമതിക്കുന്ന ആഭരണങ്ങളാണെന്ന് സ്ഥിരീകരിച്ചു. സുരക്ഷ ക്രമീകരണങ്ങളിലെ പോരായ്മയിൽ മ്യൂസിയം ഡയറക്ടർ ഇപ്പോൾ ചോദ്യശരങ്ങൾക്ക് നടുവിലാണ്. വെറും ഏഴുമിനിറ്റിനുള്ളിൽ മോഷണം നടത്തിയ കൊള്ളസംഘം അപ്രത്യക്ഷമായി മണിക്കൂറുകൾ പിന്നിട്ടിട്ടും മ്യൂസിയം ഡയറക്ടർ ലോറൻസ് ദേസ് കാർസ് ഇതുവരെയും ഒരു പൊതുപ്രസ്താവനയും നടത്തിയിട്ടില്ല. അന്വേഷണത്തിനായി അടച്ചിട്ട ലൂവ്ര് മ്യൂസിയം ബുധനാഴ്ച തുറക്കുമെന്നാണ് വിവരം. ഫ്രഞ്ച് മ്യൂസിയങ്ങളിലെ സുരക്ഷാപ്രശ്‌നങ്ങളെ കുറിച്ചുള്ള ചർച്ചകൾ സജീവമായതോടെ പല ദിക്കിൽ നിന്നും കനത്ത വിമർശനമാണ് ഉയരുന്നത്. കഴിഞ്ഞമാസം രാജ്യത്തെ മറ്റ് രണ്ട് മ്യൂസിയങ്ങളിൽ വൻ കവർച്ചയാണ് നടന്നത്.

മ്യൂസിയത്തിലുണ്ടായ നഷ്ടം ഏകദേശം 88 മില്യൺ യൂറോയാണെന്നാണ് ലൂവ്ര് ക്യൂറേറ്റർ അറിയിച്ചത്. അതായത് ഏകദേശം 102 മില്യൺ ഡോളർ വിലമതിക്കുന്ന വസ്തുക്കളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. വലിയ നഷ്ടമുണ്ടായിരിക്കുന്നത് ഫ്രാൻസിന്റെ ചരിത്രപരമായ പൈതൃകത്തിനാണെന്ന് അഭിപ്രായപ്പെട്ട ക്യൂറേറ്റർ, മോഷ്ടാക്കൾ ആഭരണങ്ങൾ അവരുടെ പക്കൽ സൂക്ഷിക്കാൻ സാധ്യത കുറവാണെന്നും ഇവയെല്ലാം അവർ ഉരുക്കാൻ തീരുമാനിച്ചാൽ വലിയ നഷ്ടമാണ് സംഭവിക്കുകയെന്നും ചൂണ്ടിക്കാട്ടി.

സംഭവത്തിൽ പല സംഘങ്ങളായി തിരിഞ്ഞ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തുകയാണ്. മുൻകൂട്ടി പദ്ധതിയിട്ട മോഷണമാണിതെന്നും പിന്നിൽ വമ്പൻ മോഷണ സംഘമാണെന്നുമാണ് വിലയിരുത്തൽ. സ്‌കൂട്ടറിൽ രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താനായി മ്യൂസിയത്തിന് ചുറ്റുവട്ടത്തും പ്രധാന ഹൈവകളിലുമുള്ള ഫൂട്ടേജുകൾ പരിശോധിച്ച് വരികയാണ്.

ഇക്കഴിഞ്ഞ ജനുവരിയിലും സാംസ്‌കാരിക മന്ത്രിയോട് മ്യൂസിയം ഡയറക്ടർ മ്യൂസിയത്തിന്റെ സുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങളിൽ മാറ്റം വേണമെന്നും അടിയന്തരമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മ്യൂസിയത്തിലെ സന്ദർശകരുടെ എണ്ണം കുതിച്ചുയരുമ്പോൾ സുരക്ഷാ ജീവനക്കാരുടെ തസ്തികകൾ വെട്ടിക്കുറച്ചെന്ന ആക്ഷേപം തൊഴിലാളി യൂണിയനുകൾ ഉയർത്തുന്നുണ്ട്.

രാജ്യത്തെ മ്യൂസിയങ്ങളിൽ പഴുതടച്ച സുരക്ഷയില്ലെന്ന ആക്ഷേപം ഇപ്പോൾ ആഭ്യന്തരമന്ത്രി ലൊറാ ന്യൂനെസും സമ്മതിച്ചിട്ടുണ്ട്. മുമ്പ് പാരിസിലെ നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിൽ നിന്നും ആറുലക്ഷം യൂറോ വിലമതിക്കുന്ന സ്വർണം മോഷണം പോയിരുന്നു. സമാനമായി ലിമോഷിലെ പോസെലിൻ മ്യൂസിയത്തിൽ നിന്ന് മോഷണം പോയത് 65ലക്ഷം യൂറോയുടെ സാധനങ്ങളാണ്.

പാരിസ് പൊലീസ് ആസ്ഥാനത്തുനിന്നും 800 മീറ്റർ അകലെയാണ് മ്യൂസിയം. മ്യൂസിയത്തിന്റെ തെക്കുകിഴക്കൻ ഭാഗത്ത് അറ്റകുറ്റപ്പണി നടക്കുന്നതിനിടയിൽ, നിർത്തിയിട്ട ട്രക്കിൽ ഘടിപ്പിച്ച യന്ത്രഗോവണിയിലൂടെ ബാൽക്കണിയിലേക്ക് കടന്ന് അവിടുത്തെ ജനാല തകർത്താണ് മോഷ്ടാക്കളുടെ സംഘം അകത്ത് കയറിപ്പറ്റിയത്. സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ തൊഴിലാളികളുടെ വേഷത്തിലായിരുന്നു. മിനിറ്റുകൾക്കുള്ളിൽ ഇവർ ഒമ്പത് രത്നങ്ങൾ കവർന്ന് സ്‌കൂട്ടറിൽ കടന്നുകളയുകയായിരുന്നു.Content Highlights: Stolen Jewels of Louvre values at over 100 million

To advertise here,contact us