കരൾ രോഗമെന്ന പേരിൽ ഭർത്താവ് കഴിച്ചത് HIV മരുന്നെന്ന് അറിഞ്ഞത് 10 വർഷത്തിന് ശേഷം! ഒടുവിൽ യുവതിക്ക് നീതി

തനിക്ക് കരൾ സംബന്ധമായ പ്രശ്‌നമുണ്ടെന്നായിരുന്നു ഭർത്താവ് യുവതിയെ വിശ്വസിപ്പിച്ചിരുന്നത്

പത്തുവർഷം തന്നോടൊപ്പം ജീവിച്ച ഭർത്താവ് കരൾ സംബന്ധമായ അസുഖത്തിനെന്ന പേരിൽ ദിവസേന കഴിച്ചിരുന്ന ഗുളിക എച്ച്‌ഐവിക്കുള്ളതായിരുന്നു എന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് ഒരു യുവതി. ചൈനയിലെ യുനാൻ പ്രവിശ്യയിലാണ് സംഭവം. കുടുംബത്തിന്റെ സ്‌നേഹത്തെയും വിശ്വാസത്തെയും മുതലെടുത്ത ഇയാൾക്കെതിരെ നീതി തേടി ഭാര്യ കോടതിയെ സമീപിച്ചു. ഒടുവിൽ ഇരുവരുടെയും വിവാഹം കോടതി അസാധുവായി പ്രഖ്യാപിച്ചു.

വിവാഹം കഴിഞ്ഞതു മുതല്‍ ഭർത്താവ് സ്ഥിരമായി ഒരു ചുവന്ന ഗുളിക കഴിക്കുന്നുണ്ട്. ഇത് എന്നും എടുത്തു നൽകിയിരുന്നത് യുവതിയാണ്. തനിക്ക് കരൾ സംബന്ധമായ പ്രശ്‌നമുണ്ടെന്നായിരുന്നു ഭർത്താവ് യുവതിയെ വിശ്വസിപ്പിച്ചിരുന്നത്. പക്ഷേ വലിയൊരു രഹസ്യമാണ് ഭർത്താവ് തന്നില്‍ നിന്നും ഒളിക്കുന്നതെന്ന് യുവതി അറിഞ്ഞിരുന്നില്ല. 2021ൽ അനധികൃതമായി കാസിനോ നടത്തിയതിന് ഇയാൾ ശിക്ഷിക്കപ്പെട്ടു. ജയിലിൽ ഇയാളെ കാണാനെത്തിയപ്പോൾ അവിടുത്തെ ജീവനക്കാരി ഇയാൾക്ക് കഴിക്കാനായി എച്ച്‌ഐവിയുടെ മരുന്ന് വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഭർത്താവിന്റെ രോഗവിവരം ആദ്യമായി യുവതി അറിയുന്നത്. ഇതോടെ ഇവർ മാനസികമായി തളർന്നു. 2011ലാണ് ഇയാൾക്ക് എച്ച്‌ഐവി സ്ഥിരീകരിക്കുന്നത്. എന്നാൽ വിവാഹമുറപ്പിച്ചിരുന്ന ഇയാൾ അത് പെൺകുട്ടിയോട് തുറന്ന് പറയാൻ തയ്യാറായില്ല. പിന്നീട് വിവാഹം കഴിയുകയും ഇയാൾ കരൾ രോഗത്തിന് ചികിത്സയിലാണെന്ന് ഇവരെ വിശ്വസിപ്പിക്കുകയുമായിരുന്നു.

വിശ്വാസവഞ്ചന ക്ഷമിക്കാൻ കഴിയാത്തതിനെ തുടർന്ന് യുവതി വിവാഹം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. വാദത്തിനിടയിൽ താൻ രോഗം കൃത്യമായി ചികിത്സിച്ചതിനാൽ അത് പടരില്ലെന്ന വാദമാണ് ഇയാൾ ഉയർത്തിയത്. വെളിപ്പെടുത്തലിന് പിന്നാലെ തന്നെ യുവതി എച്ച്‌ഐവി പരിശോധന നടത്തി. ഫലം നെഗറ്റീവായിരുന്നു. പത്തുവർഷമായി ഇയാൾക്കൊപ്പം ജീവിച്ചിരുന്നതിനാൽ തനിക്കും എച്ച്‌ഐവി ബാധ ഉണ്ടായോ എന്ന ആശങ്കയിൽ അനുഭവിച്ച മാനസിക സംഘർഷം വിവരിക്കാൻ കഴിയില്ലെന്നാണ് യുവതി പറയുന്നത്.

യുവതിയുടെ ആവശ്യത്തിന്മേൽ വാദം കേട്ട യുനാൻ കോടതി ഒടുവിൽ ഇവരുടെ വിവാഹം അസാധുവായി പ്രഖ്യാപിച്ചു. വിവാഹജീവിതത്തിലെ വിശ്വാസം മാത്രമല്ല പങ്കാളിയുടെ ആരോഗ്യം പോലും അപകടത്തിലാക്കുന്ന പ്രവർത്തിയാണ് ഉണ്ടായതെന്ന് നിരീക്ഷിച്ചായിരുന്നു കോടതി വിധി.Content Highlights: Husband lies about HIV Pills, after revelation Wife filed for annulment of marriage

To advertise here,contact us