ദീപാവലിക്ക് കിട്ടിയ ബോണസ് കുറഞ്ഞു; ടോള്‍ വാങ്ങാതെ വാഹനങ്ങള്‍ കടത്തിവിട്ട് ടോള്‍പ്ലാസ ജീവനക്കാര്‍

പാവപ്പെട്ട തൊഴിലാളികൾ അടക്കം നിരവധി പേർക്കാണ് ബോണസ് ഉപകാരപ്പെടുക

ഉത്സവസമയങ്ങളിൽ ജീവനക്കാര്‍ക്ക് കമ്പനികള്‍ ബോണസ് നൽകുന്നത് പതിവാണ്. മലയാളികൾക്ക് ഓണം, വിഷു എന്നിവയാണ് ബോണസ് ലഭിച്ചേക്കാവുന്ന സന്ദർഭങ്ങൾ എങ്കിൽ ഉത്തരേന്ത്യയിൽ അത് ദീപാവലി പോലുള്ള ഉത്സവസമയങ്ങളാണ്. പാവപ്പെട്ട തൊഴിലാളികൾ അടക്കം നിരവധി പേരാണ് ആ ബോണസിനെ ആശ്രയിച്ച് ഇരിക്കുക. വീടുകളിലേക്ക് അയച്ചുകൊടുക്കാനും വേണ്ടപ്പെട്ടവർക്ക് സാധനങ്ങൾ വാങ്ങാനും മറ്റും ഈ പണമാണ് അവർക്ക് ഉപകാരപ്പെടുക. എന്നാൽ അങ്ങനെ ലഭിക്കുന്ന പണം നമ്മെ അപമാനിക്കുന്ന തരത്തിലായാലോ?

ഉത്തര്‍പ്രദേശിലെ ഫത്തേഹാബാദിൽ അങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുകയാണ്. ആഗ്ര-ലക്‌നൗ എക്സ്പ്രസ്സ് വേയുടെ ഭാഗമായ ഒരു ടോൾ പ്ലാസയിലെ തൊഴിലാളികൾക്ക് ദീപാവലിയോട് അനുബന്ധിച്ച് ബോണസ് നല്‍കി. എന്നാല്‍ ഇത് തൊഴിലാളികളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നതായിരുന്നില്ല. 1100 രൂപയാണ് ഓരോ തൊഴിലാളിക്കും ബോണസായി ലഭിച്ചത്.

ഇതിൽ പ്രതിഷേധിച്ച തൊഴിലാളികൾ ടോൾ ഗേറ്റുകൾ എല്ലാം തുറന്നിട്ട് വാഹനങ്ങളെ കടത്തിവിടുകയായിരുന്നു. ശ്രി സൈൻ ആൻഡ് ദത്തർ കമ്പനിക്കായിരുന്നു ടോൾ പിരിവിന്റെ ചുമതല. കഴിഞ്ഞ മാർച്ചിലാണ് ടോൾ പിരിവ് ഈ കമ്പനി ഏറ്റെടുത്തത്. ഇതോടെ തങ്ങൾക്ക് ലഭിക്കേണ്ട എല്ലാ തുകകളിലും കുറവുണ്ടായതായി തൊഴിലാളികൾ പറയുന്നുണ്ട്.

വാഹനങ്ങളെ ടോൾ വാങ്ങാതെ കടത്തിവിട്ട് തൊഴിലാളികൾ പ്രതിഷേധിച്ചതോടെ കമ്പനി മറ്റൊരു ടോൾ പ്ലാസയിൽ നിന്ന് തൊഴിലാളികളെ എത്തിച്ചു. എന്നാൽ പ്രതിഷേധിക്കുകയായിരുന്ന തൊഴിലാളികൾ ഇവരെ തടയുകയായിരുന്നു. ഒടുവിൽ പൊലീസ് എത്തി ഇരുഭാഗങ്ങളുമായി ചർച്ച നടത്തിയ ശേഷമാണ് പ്രശ്നം പരിഹരിച്ചത്. തൊഴിലാളികളുടെ ജോലി സാഹചര്യങ്ങൾ മികച്ചതാക്കുമെന്നും ശമ്പളം അടക്കം വർധിപ്പിക്കുമെന്നും കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്. തുടർന്ന് ടോൾ പിരിച്ച് തുടങ്ങി.

Content Highlights: Agra-Lucknow Expressway workers let vehicles pass free over bonus issue

To advertise here,contact us