നിരന്തരമായ പീഡനം, അപമാനം; 28 പേജടങ്ങുന്ന കുറിപ്പെഴുതി വെച്ച് ഓല ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

സംഭവത്തിൽ ഓല സിഇഒ ഭവിഷ് അഗര്‍വാളിനും സീനിയർ എഞ്ചിനീയർ സുബ്രത് കുമാര്‍ ദാസിനുമെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്

ജോലി സ്ഥലത്തെ സമ്മര്‍ദ്ദവും ചൂഷണവും സഹിക്കാൻ കഴിയാതെ ജോലി ഉപേക്ഷിക്കുന്നവരുടെയും പരാതിയുമായി വരുന്നവരുടെയും എണ്ണം കോർപ്പറേറ്റ് ലോകത്ത് ദിനം പ്രതിയെന്നവണ്ണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ സമ്മര്‍ദ്ദം താങ്ങാനാവാതെ ചിലര്‍ ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകളും വലിയ ചര്‍ച്ചയാവാറുണ്ട്. അത്തരത്തില്‍ ഇലക്ട്രിക് വെഹിക്കിള്‍ കമ്പനിയായ ഓലയിലെ 38 കാരനായ ജീവനക്കാരൻ ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത വാർത്തയാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്നിരിക്കുന്നത്. കോറമംഗലയിലെ ഓല ഇലക്ട്രികല്‍സിലെ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന അരവിന്ദാണ് മരിച്ചത്. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് തനിക്ക് കടുത്ത മാനസിക പീഡനവും സമ്മര്‍ദ്ദവും നേരിട്ടെന്നും കമ്പനിയുടെ സിഇഒ ഉള്‍പ്പടെ ഇതിന് പിന്നിലുണ്ടെന്നും അരവിന്ദിന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

2022 മുതല്‍ ഓലയില്‍ എഞ്ചിനീയര്‍ തസ്തികയില്‍ ജോലി ചെയ്ത് വരികയായിരുന്നു അരവിന്ദ്. സെപ്റ്റംബര്‍ 28ന് ആണ് അരവിന്ദിനെ ബെംഗളൂരിലെ വസതിയില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. പിന്നാലെ സുഹൃത്തുക്കളെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടര്‍ന്ന് അരവിന്ദിന്റെ താമസസ്ഥലത്ത് നിന്ന് സഹോദരന് ആത്മഹത്യ കുറിപ്പ് ലഭിക്കുകയായിരുന്നു. 28 പേജുള്ള ഈ ആത്മഹത്യ കുറിപ്പില്‍ ഓല സിഇഒ ഭവിഷ് അഗര്‍വാളിനും സീനിയര്‍ എന്‍ജിനീയര്‍ സുബ്രത് കുമാര്‍ ദാസിനും എതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

അരവിന്ദിന് ശമ്പളം നല്‍കാതിരുന്നതും അലവന്‍സുകള്‍ പിന്‍വലിച്ചതും ഉള്‍പ്പടെ നിരവധി സംഭവങ്ങള്‍ അരവിന്ദിനെ കനത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിൽ ഓല സിഇഒ ഭവിഷ് അഗര്‍വാളിനും സീനിയർ എഞ്ചിനീയർ സുബ്രത് കുമാര്‍ ദാസിനുമെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. അരവിന്ദിന്റെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷം 17,46,313 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയിരുന്നുവെന്നും ഇതിനെ പറ്റി ഓലയോട് വിശദീകരണം ചോദിച്ചപ്പോള്‍ വ്യക്തമായി പ്രതികരണം തനിക്ക് ലഭിച്ചില്ലെന്നുമാണ് അരവിന്ദിന്റെ സഹോദരന്‍ വ്യക്തമാക്കുന്നത്.

ഓലയുടെ പ്രതികരണം

ജീവനക്കാരന്റെ മരണത്തില്‍ പ്രതികരിച്ച് ഓല പ്രസ്താവന പുറത്തിറക്കി

'ഞങ്ങളുടെ സഹപ്രവര്‍ത്തകനായ അരവിന്ദിന്റെ ദൗര്‍ഭാഗ്യകരമായ വിയോഗത്തില്‍ ഞങ്ങള്‍ അതീവ ദുഃഖിതരാണ്, ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങളുടെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ്. അരവിന്ദ് മൂന്നര വര്‍ഷത്തിലേറെയായി ഓല ഇലക്ട്രിക്കില്‍ പ്രവര്‍ത്തിച്ചുവരുന്നു, ബാംഗ്ലൂരിലെ ഞങ്ങളുടെ ആസ്ഥാനത്ത് ജോലി ചെയ്തുവരുന്നു. തൻ്റെ സേവനകാലത്ത്, അരവിന്ദ് തന്റെ ജോലിയെക്കുറിച്ചോ ഏതെങ്കിലും തരത്തിലുള്ള പീഡനത്തെക്കുറിച്ചോ ഒരു പരാതിയോ പരാതിയോ ഉന്നയിച്ചിട്ടില്ല. പ്രൊമോട്ടര്‍ ഉള്‍പ്പെടെയുള്ള കമ്പനിയുടെ ഉന്നത മാനേജ്മെന്റുമായി നേരിട്ട് ഇടപഴകുന്നതും അദ്ദേഹത്തിന്റെ ജോലിയുടെ സ്വഭാവത്തിൽ ഉള്‍പ്പെട്ടിരുന്നില്ല,' ഓല പ്രസ്താവനയില്‍ പറയുന്നു.

ഇതുകൂടാതെ തങ്ങള്‍ എല്ലാവിധ പിന്തുണയും അരവിന്ദിന്റെ കുടുംബത്തിന് നല്‍കുന്നുണ്ടെന്നും അതിന്റെ ഭാഗമായി തങ്ങള്‍ മരണശേഷം ഉടനടി അന്തിമമായ സെറ്റില്‍മെന്റ് നടത്തിയെന്നും വെളിപ്പെടുത്തി കമ്പനിയുടെ വക്താവ് രംഗത്തെത്തി. ജീവനക്കാര്‍ക്ക് സുരക്ഷിതമായ പിന്തുണ നല്‍കുന്നുണ്ടെന്നും കമ്പനി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Content Highlights- Ola employee died after alleging work pressure and harrasment

To advertise here,contact us