ഇഷ്ടപ്പെട്ടു എടുക്കുന്നു:പട്ടാപ്പകൽ 4 മിനിറ്റിൽ കവർന്നത് അമൂല്യരത്‌നങ്ങൾ;മ്യൂസിയത്തിനുള്ളിലെ പെരുംകൊള്ള

കഴിഞ്ഞ വർഷം മാത്രം 87 ലക്ഷത്തിലധികം പേരാണ് ലൂവ്രില്‍ സന്ദർശനം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ

പട്ടാപ്പകൽ ലോകപ്രസിദ്ധമായ പാരീസ് ലൂവ്ര് മ്യൂസിയത്തിൽ നടന്ന മോഷണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ച് ഒരു ത്രില്ലര്‍ സിനിമ കണ്ട പ്രതീതിയിലാണ് പലരും. പട്ടാപ്പകല്‍ വെറും നാല് മിനിറ്റുകള്‍ക്കുള്ളില്‍ നടന്ന മോഷണം! എത്രമേല്‍ ആസൂത്രണം ചെയ്തിട്ടായിരിക്കണം പദ്ധതി നടപ്പാക്കിക്കാണുക. ഫ്രഞ്ച് ചക്രവർത്തിയായിരുന്ന നെപ്പോളിയന്റെയും പത്‌നിയുടെ രത്‌നാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. സ്വർണത്തിൽ കൊത്തിയ പരുന്ത് രൂപങ്ങളുള്ള ഈ കിരീടത്തിൽ മാത്രം 1354 വജ്രങ്ങളും അമ്പത്തിയാറ് മരതകക്കല്ലുകളും പതിച്ചിട്ടുണ്ട്.മുഖംമൂടി ധരിച്ച നാലംഗ സംഘം അപ്പോളോ ഗാലറിയിൽ കടന്ന് വെറും നാലു നിമിഷങ്ങൾക്കുള്ളിലാണ് ഈ രത്‌നങ്ങളുമായി കടന്നുകളഞ്ഞത്.

പാരിസ് പൊലീസ് ആസ്ഥാനത്തുനിന്നും 800 മീറ്റർ അകലെയാണ് മ്യൂസിയം. മ്യൂസിയത്തിന്റെ തെക്കുകിഴക്കൻ ഭാഗത്ത് അറ്റകുറ്റപ്പണി നടക്കുന്നതിനിടയിൽ, നിർത്തിയിട്ട ട്രക്കില്‍ ഘടിപ്പിച്ച യന്ത്രഗോവണിയിലൂടെ ബാൽക്കണിയിലേക്ക് കടന്ന് അവിടുത്തെ ജനാല തകര്‍ത്താണ് മോഷ്ടാക്കളുടെ സംഘം അകത്ത് കയറിപ്പറ്റിയത്. സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ തൊഴിലാളികളുടെ വേഷത്തിലായിരുന്നു. മിനിറ്റുകൾക്കുള്ളിൽ ഇവർ ഒമ്പത് രത്‌നങ്ങൾ കവർന്ന് സ്‌കൂട്ടറിൽ കടന്നുകളയുകയായിരുന്നു.

പൗരാണിക കരകൗശല വിസ്മയങ്ങൾ, ശിൽപങ്ങൾ, ചിത്രകലയിൽ ഉജ്ജ്വല സൃഷ്ടികൾ എന്നിവയുൾപ്പെടെ 35,000 കലാവസ്തുക്കൾ പ്രദർശിപ്പിക്കുന്ന ലൂവ്രിൽ പ്രതിദിനം മുപ്പതിനായിരത്തിലധികം പേരാണ് സന്ദർശിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം 87 ലക്ഷത്തിലധികം പേരാണ് ഇവിടെ സന്ദർശനം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. സഞ്ചാരികളുടെ പ്രിയപ്പെട്ട ലൂവ്ര് ഇവിടെ നടന്ന മോഷണങ്ങളുടെ പേരിലും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.

ലിയനാർദോ ഡാ വിഞ്ചിയുടെ ലോക പ്രസിദ്ധമായ മോണലിസ എന്ന ചിത്രം 1911ൽ മ്യൂസിയം ജീവനക്കാരൻ തന്നെ കോട്ടിനുള്ളിൽ മറച്ച് പുറത്തുകടത്തിയിരുന്നു. മ്യൂസിയത്തിൽ ഒളിച്ചിരുന്ന് മുൻ തൊഴിലാളിയായ വിൻസെൻസോ പെറുഗിയയാണ് മോഷണംനടത്തിയത്. രണ്ട് വർഷത്തിന് ശേഷം ഫ്‌ളോറൻസിൽ നിന്നാണ് ഇത് തിരിച്ചുകിട്ടിയത്. 1983ൽ മോഷ്ടിക്കപ്പെട്ട നവോത്ഥാനകാല പടച്ചട്ടകൾ നാലു പതിറ്റാണ്ടുകൾക്ക് ശേഷമാണ് കണ്ടെത്തിയത്.

പ്രൊഫഷണല്‍ തസ്‌കരസംഘമാണ് ഇപ്പോള്‍ നടന്ന മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സമയമായതിനാൽ മോഷ്ടാക്കൾ മ്യൂസിയത്തിലേക്ക് കടക്കാൻ ഉപയോഗിച്ച യന്ത്രഗോവണി നേരത്തെ അവിടെ ഉണ്ടായിരുന്നതാണോ അതോ സംഘം കൊണ്ടുവന്നതാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

1661ൽ ലൂവ്രിൽ തീപിടിത്തമുണ്ടായിരുന്നു. അതിനുശേഷം ലൂയിസ് പതിനാലാമനാണ് ഇന്നത്തെ അപ്പോളോ ഗാലറി നിർമിക്കാൻ ആരംഭിച്ചത്. വാസ്തുശിൽപിയായ ലൂയി ലേ വൂവിനെയാണ് അദ്ദേഹം ഇതിന്റെ ചുമതല ഏൽപ്പിച്ചത്. തന്റെ സാമ്രാജ്യത്തിന്റെ പുതിയ അടയാളമായ സൂര്യനെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം ഗാലറിയിലെ നിർമാണങ്ങളെന്നൊരു നിബന്ധനയും രാജാവ് മുന്നോട്ടുവച്ചു. സ്വർണ ഇലകളും ചിത്രങ്ങളും കൊണ്ട് അലങ്കരിച്ച ഈ ഗാലറിയുടെ ഹാൾ വെർസൈൽസ് കൊട്ടാരത്തിലെ ഹാൾ ഓഫ് മിറേഴ്‌സ് മാതൃകയായ ഈ നിർമതി, ലൂയി പതിനാലാമൻ പാരീസിൽ നിന്നും വെർസൈൽസിലേക്ക് പോയി ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ഇത് പൂർത്തിയായത്.

ഡച്ചസ് ഓഫ് ബ്രിട്ടനി ഉപയോഗിച്ചിരുന്ന 'കുത്ത് ദീ ബ്രീട്യാങ' സ്‌പൈനൽ എന്ന ഡ്രാഗൺ രൂപത്തിലുള്ള ചുവന്ന രത്‌നം ഉൾപ്പെടെ നിരവധി വിലപിടിപ്പുള്ള രത്‌നങ്ങൾ ലൂവ്രിലുണ്ട്. അറുപത് മില്യൺ ഡോളർ വിലപിടിപ്പുള്ള 140.64 കാരറ്റിന്റെ ലോകപ്രശസ്തമായ രത്‌നം റീജന്റ്, 1792ൽ മോഷ്ടിക്കപ്പെട്ട് പിന്നീട് മോഷ്ടിച്ചയാൾ വധശിക്ഷ പേടിച്ച് രത്‌നം സൂക്ഷിച്ചിടം പറഞ്ഞുകൊടുത്തതിനെ തുടർന്ന് ഒരു മാസത്തിന് ശേഷം കണ്ടെത്തിയ പിങ്ക് രത്‌നമായ ഹോടെൻസിയ എന്നിവയെല്ലാം ലൂവ്രിൽ സന്ദർശകരെ അത്ഭുതപ്പെടുത്തുന്നവയാണ്.

രാജ്യത്തെ മ്യൂസിയങ്ങളിൽ പഴുതടച്ച സുരക്ഷയില്ലെന്ന ആക്ഷേപം ഇപ്പോൾ ആഭ്യന്തരമന്ത്രി ലൊറാ ന്യൂനെസും സമ്മതിച്ചിട്ടുണ്ട്. മുമ്പ് പാരിസിലെ നാഷണല്‍ ഹിസ്റ്ററി മ്യൂസിയത്തിൽ നിന്നും ആറുലക്ഷം യൂറോ വിലമതിക്കുന്ന സ്വർണം മോഷണം പോയിരുന്നു. സമാനമായി ലിമോഷിലെ പോസെലിൻ മ്യൂസിയത്തിൽ നിന്ന് മോഷണം പോയത് 65ലക്ഷം യൂറോയുടെ സാധനങ്ങളാണ്. നിലവിൽ മോഷ്ടാക്കൾ കവർണ രത്‌നങ്ങളുടെ മതിപ്പിനെ വിലമതിക്കാനാവാത്തത് എന്നാണ് അധികൃതർ പറയുന്നത്.Content Highlights: Heist in Louvre Museum, let's know about the treasure in Apollo Gallery

To advertise here,contact us