മുൻ ഇസ്രയേലി പ്രധാനമന്ത്രി ഒരിക്കൽ പലസ്തീൻ പൗരത്വത്തിന് അപേക്ഷിച്ചിരുന്നു; രേഖകൾ പുറത്ത്

1937 മുതൽ 1947 വരെയുള്ള കാലയളവിൽ ഏകദേശം 67,000 ജൂതന്മാർ പലസ്തീൻ പൗരത്വത്തിനായി അപേക്ഷിച്ചതായി ചരിത്ര രേഖകളിൽ വ്യക്തമാകുന്നതായാണ് റിപ്പോർട്ട്

'ഞാൻ പലസ്തീൻ സർക്കാരിനോട് വിശ്വസ്തനും വിധേയനുമായിരിക്കും' എന്ന് ഒരു ഇസ്രയേലി പൗരൻ എഴുതിക്കൊടുക്കുന്നത് ചിന്തിക്കാൻ കഴിയുമോ. എന്നാൽ ഇസ്രയേലിൻ്റെ മുൻ പ്രസി‍ഡൻ്റും പ്രധാനമന്ത്രിയുമായിരുന്ന ഒരാൾ അങ്ങനെ എഴുതി കൊടുത്തിരുന്നെങ്കിലോ? അമ്പരപ്പ് തോന്നുന്നുണ്ടല്ലെ! ഇസ്രയേലിൻ്റെ മുൻ പ്രസിഡൻ്റും പ്രധാനമന്ത്രിയുമായിരുന്ന ഷിമോൺ പെരസ് 1937ൽ പലസ്തീൻ പൗരത്വത്തിന് അപേക്ഷിച്ചതിൻ്റെ രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. 1937-ൽ ബ്രിട്ടീഷ് മാൻഡേറ്റ് കാലഘട്ടത്തിൽ അന്ന് സിമൽ പെർസ്കി എന്നറിയപ്പെട്ടിരുന്ന ഷിമോൺ പെരസ് പലസ്തീൻ പൗരത്വത്തിന് അപേക്ഷിച്ച ആർക്കൈവൽ രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്.

അൽ ജസീറ ഡോക്യുമെന്ററി അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ഈ രേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ രേഖയിൽ പെരസിന്റെ കയ്യൊപ്പും കൈയെഴുത്തുപ്രതിയും അടങ്ങിയ ഒരു അപേക്ഷാ ഫോം ഉൾപ്പെടുന്നുണ്ട്. താൻ ഒരു കാർഷിക തൊഴിലാളിയാണെന്ന സത്യപ്രസ്താവനയും പെരസ് നടത്തിയിട്ടുണ്ട്. പലസ്തീൻ സർക്കാരിനോടുള്ള വിശ്വസ്തത ഉറപ്പാക്കുമെന്ന് ഇതിൽ പെരസ് പ്രതിജ്ഞ ചെയ്തിട്ടുണ്ട്. 'ഞാൻ പലസ്തീൻ സർക്കാരിനോട് വിശ്വസ്തനും വിധേയനുമായിരിക്കുമെന്ന്' സ്വന്തം കയ്യൊപ്പ് പതിച്ച രേഖയിൽ പെരസ് സത്യപ്രസ്താവന നടത്തിയിട്ടുണ്ട്.

ബ്രിട്ടീഷ് മാൻഡേറ്റ് കാലഘട്ടത്തിലെ ചരിത്രരേഖകൾ സൂക്ഷിക്കുന്ന ഇസ്രായേൽ സ്റ്റേറ്റ് ആർക്കൈവ്‌സിലാണ് യഥാർത്ഥ രേഖ സൂക്ഷിച്ചിരിക്കുന്നതെന്നാണ് അൽ ജസീറയുടെ അഭിപ്രായപ്പെടുന്നത്. തന്റെ ആദ്യ പേര് ഷിമൽ എന്നതിൽ നിന്ന് ഷിമോൺ എന്നാക്കി മാറ്റാനുള്ള അദ്ദേഹത്തിന്റെ അഭ്യർത്ഥനയും ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 'ഷിമൽ എന്നത് ഷിമോൺ എന്ന പേരിന്റെ വികലമായ പോളിഷ് പതിപ്പാ'ണെന്നാണ് സ്വന്തം കൈപ്പടയിൽ ഷിമോൺ പെരസ് രേഖപ്പെടുത്തിയിരിക്കുന്നത്.

1937 മുതൽ 1947 വരെയുള്ള കാലയളവിൽ ഏകദേശം 67,000 ജൂതന്മാർ പലസ്തീൻ പൗരത്വത്തിനായി അപേക്ഷിച്ചതായി ചരിത്ര രേഖകളിൽ വ്യക്തമാകുന്നതായാണ് റിപ്പോർട്ട്. ഓരോ അപേക്ഷയും വ്യക്തിഗത വിവരങ്ങൾ, കുടുംബ വിവരങ്ങൾ, ഫോട്ടോഗ്രാഫുകൾ, രണ്ട് സ്പോൺസർമാരുടെ പേരുകൾ എന്നിവ ഉൾപ്പെടുന്നവയാണ്. ചില അപേക്ഷകളിലെ സ്പോൺസർമാരിൽ മുൻ പ്രധാനമന്ത്രി ഗോൾഡ മെയർ, കാബിനറ്റ് മന്ത്രി ഷ്ലോമോ ഹില്ലെൽ, നടി ഹന റുബീന, എഴുത്തുകാരി യെഹൂദ ബർല എന്നിവരുൾപ്പെടെ പിന്നീട് ഇസ്രായേൽ സമൂഹത്തിലെ പ്രമുഖ വ്യക്തികളായി മാറിയ വ്യക്തികളും ഉണ്ടായിരുന്നുവെന്നാണ് ഇസ്രായേലി ടൈംസ് റിപ്പോ‍‌ർട്ട് ചെയ്യുന്നത്.

പലസ്തീൻ-ഇസ്രേയൽ സമാധാനത്തിനായി പ്രവർത്തിച്ച ആൾ എന്ന നിലയിൽ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി ഉണ്ടെങ്കിലും പിൽക്കാലത്ത് ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ പെരസിൻ്റെ പങ്കിനെ ചൂണ്ടിക്കാണിച്ചാണ് പുറത്ത് വന്ന രേഖകളുടെ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്.

1923-ൽ പോളണ്ടിൽ ജനിച്ച പെരസ് 1930-കളിൽ ബ്രിട്ടീഷ് മാൻഡേറ്റിലുണ്ടായിരുന്ന പലസ്തീനിലേക്ക് കുടിയേറി. പിന്നീട് പെരസ് ആധുനിക ഇസ്രായേലിന്റെ ശിൽപ്പികളിൽ ഒരാളായി മാറി. അദ്ദേഹം രണ്ടുതവണ പ്രധാനമന്ത്രിയായും പിന്നീട് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു, ഇസ്രായേലിന്റെ പ്രതിരോധ, ആണവ പദ്ധതികളുടെ വികസനത്തിൽ പ്രധാന പങ്കുവഹിച്ച നേതാവ് കൂടിയാണ് ഷിമോൺ പെരസ്. ഇസ്ഹാക്ക് റാബിൻ, യാസർ അറാഫത്ത് എന്നിവർക്കൊപ്പം ഓസ്ലോ സമാധാന കരാറുകളുടെ ഭാ​ഗമായതിന് പെരസിന് സമാധാനത്തിനുള്ള നോബൽ സമ്മാനം 1994ൽ ലഭിച്ചിരുന്നു.

Content Highlights: Document reveals Former Israeli Prime Minister Shimon Peres applied for Palestinian citizenship

To advertise here,contact us