മിഷൻ യാമിനി പ്രിയ: യുവതിയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ വാട്‌സ്ആപ്പ് ഗ്രൂപ്പ്! ബെംഗളൂരുവിലെ അരുംകൊലയ്ക്ക് പിന്നിൽ

. കൊവിഡ് കാലത്ത് പൊലീസുകാരനെന്ന വ്യാജേന ആളുകളിൽ നിന്നും പണം തട്ടിയ കേസിൽ വിഘ്നേഷിനെ മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

കോളേജിൽ പരീക്ഷ എഴുതാൻ പോയി മടങ്ങിവരവേ ബെംഗളുരുവില്‍ യാമിനി പ്രിയയെന്ന ഇരുപതുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നഗരത്തിലെ മന്ത്രി സ്‌ക്വയർ മാളിന് പിറകിലുള്ള റെയിൽവേ ട്രാക്കിന് സമീപത്ത് വച്ചാണ് യാമിനിയെ പ്രതി വിഘ്നേഷ് ആക്രമിച്ചത്. പൊലീസിൻ്റെ നിരന്തരമായ മുന്നറിയിപ്പുകൾ അവഗണിച്ചാണ് വിവാഹാഭ്യർത്ഥന നിരസിച്ചു എന്ന കാരണത്തിന് യുവതിയെ പ്രതി കൊലപ്പെടുത്തിയത്. യുവതിയുടെ അലർച്ച കേട്ടാണ് പ്രദേശവാസികൾ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്. അപ്പോഴേയ്ക്കും ചോരവാർന്ന് പെൺകുട്ടി മരണത്തിന് കീഴടങ്ങിയിരുന്നു.

മിഷൻ യാമിനി പ്രിയ എന്നൊരു വാട്‌സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് സുഹൃത്തുക്കളുടെ സഹായത്തോടെ പ്രതി പെൺകുട്ടിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പെൺകുട്ടിയെ പ്രതി നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇയാളെ വിവാഹം കഴിക്കണമെന്നായിരുന്നു സമ്മർദം. പ്രതിയുടെ കുടുംബം വിവാഹാഭ്യർത്ഥനയുമായി യാമിനിയുടെ വീട്ടിലെത്തിയെങ്കിലും അപ്പോഴും വിവാഹത്തിന് താൽപര്യമില്ലെന്ന് പെൺകുട്ടി തീർത്തു പറഞ്ഞിരുന്നു.

പഠനത്തിൽ മാത്രം ശ്രദ്ധ ചെലുത്തി തന്റെ ലക്ഷ്യങ്ങൾക്ക് പിന്നാലെയായിരുന്നു യാമിനിയെന്ന് സഹപാഠികൾ ഓർക്കുന്നു. ഡോക്ടറാവണമെന്ന ആഗ്രഹത്തിൽ രണ്ടുവർഷത്തെ ഇടവേളയെടുത്ത് നീറ്റ് എക്‌സാം എഴുതിയിരുന്നു. എന്നാൽ അത് പാസാവാൻ കഴിയാത്തതിനാൽ ബിഫാമിലേക്ക് തിരിയുകയായിരുന്നു യുവതി. ആറുമാസം മുമ്പാണ് ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്യാൻ തുടങ്ങിയത്. പൊലീസിന് പരാതി നൽകിയതിനെ തുടർന്ന് ഇനി പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് പ്രതി ഒപ്പിട്ട് നൽകിയിരുന്നു. ശല്യം ചെയ്യലിനെ തുടർന്ന് പെൺകുട്ടിയെ കോളേജിൽ കൊണ്ടാക്കുകയും വിളിച്ചുകൊണ്ടുവരികയുമാണ് ചെയ്തിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. അപ്പോഴും പ്രതി പെൺകുട്ടിയെ പിന്തുടരുന്നുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു.

പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ പ്രതി പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ഒരു മാസം മുന്നേയാണ് വീണ്ടും ഇയാൾ യാമിനിയുടെ പിറകേ വരാൻ തുടങ്ങിയതെന്ന് പിതാവ് ഗോപാൽ പറയുന്നു. ഇതോടെ മകളെ കൂടുതൽ ശ്രദ്ധിച്ചിരുന്നെന്നും കണ്ണൊന്ന് തെറ്റിയപ്പോഴാണ് അത്യാഹിതം സംഭവിച്ചതെന്നും നിറകണ്ണുകളോടെ അദ്ദേഹം പറയുന്നു. സംഭവത്തിന് പിന്നാലെ വിഗ്നേഷിന്റെ കുടുംബം വീടുംപൂട്ടി കടന്നുകളഞ്ഞു. ഒളിവിലായിരുന്ന വിഗ്നേഷിനെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. കൊവിഡ് കാലത്ത് പൊലീസുകാരനെന്ന വ്യാജേന ആളുകളിൽ നിന്നും പണം തട്ടിയ കേസിൽ ഇയാളെ മുമ്പ് പൊലീസ് പിടികൂടിയിട്ടുണ്ട്.

രാജ്യവ്യാപകമായി പെൺകുട്ടികളെ പിന്തുടർന്ന് ആക്രമിക്കുന്ന തരത്തിലുള്ള കേസുകൾ വർധിച്ചുവരികയാണെന്ന് എൻസിബിആർ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2023ൽ 10, 495 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, 2021 അത് 9,285ആയിരുന്നു. കഴിഞ്ഞ വർഷം കർണാടകയിൽ ഇത്തരത്തിൽ 242 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ബെംഗളുരുവിൽ മാത്രം 124 പേരാണ് ഇരകളായത്.Content Highlights: Bengaluru stalking murder case updates

To advertise here,contact us