പൂച്ച സാര്‍ പ്ലീസ് സ്റ്റെപ്പ് ബാക്ക് ഇനി ഇന്റര്‍നെറ്റ് ഡോഗേഷ് ഭായ് ഭരിക്കും;സോഷ്യൽ മീഡിയയിൽ സ്റ്റാറായി ഡോഗേഷ്

ഇൻ്റർനെറ്റ് സെൻസേഷനായി മാറുന്ന ഡോ​ഗേഷ് ഭായിയുടെ വീഡിയോകൾക്ക് മില്ല്യണുകളാണ് വ്യൂവ്സ്

പൂച്ച സാര്‍ പ്ലീസ് സ്റ്റെപ്പ് ബാക്ക് ഇനി ഇന്റര്‍നെറ്റ് ഡോഗേഷ് ഭായ് ഭരിക്കും;സോഷ്യൽ മീഡിയയിൽ സ്റ്റാറായി ഡോഗേഷ്
dot image

നമുക്ക് ചുറ്റും നടക്കുന്ന പല കാര്യങ്ങളെ വ്യത്യസ്തവും രസകരവുമായ അതിലേറെ ക്രിയാത്മകമാക്കി മാറ്റി അവതരിപ്പിക്കുന്ന ഇടമാണ് ഇൻ്റർനെറ്റ്. പലപ്പോഴും നമ്മൾ ഒരിക്കലും ചിന്തിക്കാത്ത തരത്തിലുള്ള വൈവിധ്യമാർ‌ന്ന ട്രോളുകളും ട്രെൻ്റുകളും നമ്മൾ ഇന്റർനെറ്റിൽ കാണാറുണ്ട്. അത്തരത്തിൽ ഒരു സമയത്ത് സെൻസേഷനായ ഒന്നായിരുന്നു പൂച്ച സാർ.

നമ്മുടെയൊക്കെ വീട്ടിലും പരിസരത്തിലും ധാരാളമായി കാണുന്ന പൂച്ചകള്‍ക്ക് രസകരമായ വ്യക്തിത്വം നൽകി കൊണ്ടുള്ള വിവിധ ട്രോളുകളും വീഡിയോകളും ആ സമയത്ത് ഇൻ്റർനെറ്റിൽ നിറഞ്ഞിരുന്നു. ഇപ്പോഴും നമ്മുടെ പൂച്ച സാറിന് വലിയ ജനപ്രീതിയുണ്ടെന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ ഇപ്പോൾ പൂച്ച സാറിനെയും മറികടന്ന് ട്രെൻഡിം​ഗ് ആവുന്നത് മറ്റൊരു കക്ഷിയാണ്. അതാണ് ഡോ​ഗേഷ് ഭായ്. ഇൻ്റർനെറ്റ് സെൻസേഷനായി മാറുന്ന ഡോ​ഗേഷ് ഭായിയുടെ വീഡിയോകൾക്ക് മില്ല്യണുകളാണ് വ്യൂവ്സ്. ഭാഷാ ഭേദമന്യേ ഇത്രത്തോളം റീച്ച് കിട്ടുന്ന ഡോ​ഗേഷ് ഭായ് ആരാണെന്ന് നോക്കിയാലോ ?

ആരാണ് ഡോ​ഗേഷ് ഭായ് ?

ഇൻ്റ‍ർ‌നെറ്റിൽ കാണപ്പെടുന്ന രസകരമായ വീഡിയോകളിലെ നായകളെയാണ് ഡോ​ഗേഷ് ഭായ് എന്ന് വിളിക്കുന്നത്. ഇവരുടെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇവരുടെ വീഡിയോകൾ ഒരേ സമയം നർമ്മം കല‍ർന്നതും വികൃതി നിറഞ്ഞതുമാവും. ഇതിന് പുറമേ സാഹസികമായ പ്രവർത്തികളിലും ഡോ​ഗേഷ് ഭായ് ഏർ‌പ്പെടുന്നു. ഇത് കാഴ്ചക്കാരിൽ ഒരേ സമയം കൗതുകവും ചിരിയും ഉണർത്തുന്നു.

റെയിൽവേ സ്റ്റേഷനിൽ വെച്ച് പൊലീസ് പിടികൂടിയ പ്രതിയെ കൃത്യമായി പിന്നാലെ പോയി കടിക്കുക, വിമാനത്താവളത്തിൽ യാത്രക്കാർക്കൊപ്പം കസേരയിൽ ഇരുന്നു ഉറങ്ങുക, തലയിൽ വെള്ളമുളള ​ഗ്ലാസ് വെച്ച് ബാലൻസ് ചെയ്യാൻ ശ്രമിക്കുക ഇങ്ങനെ വിവിധ തരം ഹോബികളാണ് നമ്മുടെ ഇൻ്റർനെറ്റിൽ വൈറലാവുന്ന ഡോ​ഗേഷ് ഭായ്ക്കുള്ളത്.

അത്തരത്തിൽ വൈറലാവുന്ന ഒരു വീഡിയോയിൽ പിറന്നാളിന് കേക്ക് മുറിക്കുമ്പോൾ വൈകാരികമായി പ്രതികരിക്കുന്ന ഒരു ഡോ​ഗേഷ് ഭായിയെയും നിങ്ങൾക്ക് കാണാൻ സാധിക്കും. വീഡിയോയിൽ തലയിൽ പിറന്നാൾ തൊപ്പിയും മുന്നിൽ കേക്കും വെച്ചിരിക്കുന്നതായി കാണാം. എന്നാൽ കേക്ക് മുറിക്കുന്നതിനിടയിൽ അടുത്തിരിക്കുന്ന പെൺകുട്ടിയുടെ തോളിലേക്ക് വികാരാധീനനായി ചായുന്ന ഡോ​ഗേഷിനെ കാണാൻ സാധിക്കുന്നു.

ഇനി മറ്റൊരു വീഡിയോയിൽ കോഴിക്കൂട് സമീപം പടക്കം വായില്‍ കടിച്ചുപിടിച്ചുനില്‍ക്കുന്ന ഡോഗേഷ് ഭായിയാണ് താരം. കൂടിൻ്റെ വാതിൽ തകരുമ്പോൾ ഓടി രക്ഷപ്പെടുന്ന കോഴികളേയും ഇതൊക്കെയെന്ത് എന്ന മട്ടില്‍ നിൽക്കുന്ന ഡോ​ഗേഷിനെയും വീഡിയോയിൽ കാണാൻ സാധിക്കും.

ഇത്തരത്തിൽ നിരവധി വീഡിയോകളാണ് ഇപ്പോൾ ഡോ​ഗേഷ് ഭായുടെ പേരിൽ വന്നുകൊണ്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ലക്ഷങ്ങൾ വ്യൂവ്സ് ലഭിക്കുന്ന ഈ വീഡിയോയുടെ ആരാധകരിൽ യുവാക്കളാണ് കൂടുതൽ.

Content Highlights- 'Poocha Sir please step back, now Dogesh Bhai will rule the internet'; Who is internet sensation Dogesh bhai

dot image
To advertise here,contact us
dot image