
തുര്ക്കിയിലെ യാത്രക്കിടയില് കാര് ഡ്രൈവറില് നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് ട്രാവല് വ്ളോഗറായ അരുണിമ പങ്കുവച്ച വീഡിയോ സോഷ്യല്മീഡിയയില് വലിയ ചര്ച്ചയായിരുന്നു. ലിഫ്റ്റ് ചോദിച്ച് കയറിയ കാറിലെ ഡ്രൈവര് അരുണിമയ്ക്ക് മുന്നില്വച്ച് സ്വയംഭോഗം ചെയ്ത അനുഭവമാണ് ഇവര് പങ്കുവച്ചത്. ഇയാള് അപമര്യാദയോടെ പെരുമാറുന്ന വീഡിയോയും ഇവര് വീഡിയോയില് ഉള്പ്പെടുത്തിയിരുന്നു. വീഡിയോ ചര്ച്ചയായതോടെ ഒട്ടേറെപ്പേര് അരുണിമയെ പിന്തുണച്ചും ഡ്രൈവറുടെ പ്രവൃത്തിക്കെതിരെ നിലപാടെടുത്തും രംഗത്തെത്തി. എന്നാല് അരുണിമയെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള റിയാക്ഷന് വീഡിയോയുമായും ചിലര് രംഗത്തെത്തി. ഇതിനെതിരെ ശക്തമായ ഭാഷയില് പ്രതികരിച്ചിരിക്കുകയാണ് അരുണിമ.
അയാള് സ്വയംഭോഗം ചെയ്തത് താന് സെഡ്യൂസ് ചെയ്തതുകൊണ്ടാണ് എന്ന നിലയില് വരെ റിയാക്ഷന് വീഡിയോസില് ആളുകള് പറയുന്നുണ്ടെന്നും അത് ഏറെ അറപ്പുളവാക്കുന്ന പ്രസ്താവനയാണെന്നും അരുണിമ പറയുന്നു.
സ്വന്തം വീട്ടിലുള്ളവര്ക്ക് ഇത്തരം അനുഭവമുണ്ടായാലും അവര് വശീകരിച്ചത് കൊണ്ടാണ് എന്നുപറഞ്ഞ് കുടുംബാംഗങ്ങളെ കുറ്റപ്പെടുത്തുമോ എന്നാണ് അരുണിമ ചോദിക്കുന്നത്. 'ഉളുപ്പിലാത്ത ചില മലയാളികള്' എന്ന തലക്കെട്ടോടെയാണ് അരുണിമ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഏറ്റവും കൂടുതല് റീച്ചുള്ള വീഡിയോസ് എടുത്ത് അത് ചെയ്ത കണ്ടന്റ് ക്രിയേറ്റേഴ്സിനെ വിമര്ശിച്ച് പണം ഉണ്ടാക്കുന്നവരോട് പുച്ഛം മാത്രമേ ഉള്ളൂവെന്നും അരുണിമ പറയുന്നു. പലകാര്യങ്ങളോടും താന് പ്രതികരിക്കാറില്ലെന്നും എന്നാല് ഇത് എല്ലാ പരിധികളും ലംഘിച്ചതുകൊണ്ടാണ് പ്രതികരിച്ചതെന്നും അവര് വ്യക്തമാക്കുന്നുണ്ട്.
അരുണിമ വീഡിയോക്ക് ഒപ്പം പങ്കുവെച്ചിട്ടുള്ള കുറിപ്പിന്റെ പൂര്ണരൂപം
"ഇത്രയും മോശമായി ചിത്രീകരിക്കാന് ഒരു മനുഷ്യന് എങ്ങനെ സാധിക്കുന്നു? സ്വന്തമായി ഒരു കഴിവും ഇല്ലാത്ത ആളുകള് എന്നെപ്പോലെ യാത്ര ചെയ്യുന്ന ആളുകളെയും സോഷ്യല് മീഡിയയില് പലതരത്തിലുള്ള വീഡിയോ ചെയ്യുന്ന ആളുകളെയും ഏറ്റവും കൂടുതല് റീച്ചുള്ള വീഡിയോ എടുത്തുനോക്കി അതിനെ വിമര്ശിച്ച വീഡിയോ ഉണ്ടാക്കി കാശുണ്ടാക്കുന്ന പ്രവണത ഞാന് കുറച്ചു നാളുകളായി കണ്ടുവരുന്നു.
സ്വന്തമായി ഒന്നും ചെയ്യാന് കഴിവില്ലാത്തത് ആരുടെയും തെറ്റല്ല. എന്നാല് മറ്റുള്ളവരെ മോശമാക്കി ഇങ്ങനെ വീഡിയോ ചെയ്തു പൈസ ഉണ്ടാക്കി ജീവിക്കുന്ന ആളുകളോട് എനിക്ക് വെറും പുച്ഛം മാത്രം. നെഗറ്റീവ് മാത്രം ആളുകളില് എത്തിക്കാതെ സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്തു പോസിറ്റീവ് ആയിട്ടുള്ള കുറച്ചു കാര്യങ്ങള് മറ്റുള്ളവരിലേക്ക് എത്തിക്കുക. ഞാന് എന്റെ അനുഭവങ്ങളാണ് ഇടുന്നത് അത് നല്ലതാണെങ്കിലും മോശമാണെങ്കിലും.
എന്തിനെയും ഏതിനെയും മോശമായി കാണാന് മാത്രം കുറെ ആളുകള്. കുറെ കാര്യങ്ങള് ഒന്നും ഞാന് മൈന്ഡ് ചെയ്യാറില്ല എന്നാല് ഒരുപാട് ആകുമ്പോള് എല്ലാവരും എന്റെ തലയില് കേറിയിരിക്കുന്ന പോലെ എനിക്ക് തോന്നി അതുകൊണ്ടാണ് ഞാന് ഇങ്ങനെ ഒരു വീഡിയോ ചെയ്തത്."
ഹിച്ച്ഹൈക്കിങ് ചെയ്തുകൊണ്ട് നടത്തുന്ന യാത്രകളുടെ വീഡിയോസ് പങ്കുവെച്ചുകൊണ്ടാണ് അരുണിമ സമൂഹമാധ്യമങ്ങളില് ശ്രദ്ധ നേടിയത്. അരുണിമ ബാക്ക്പാക്കര് എന്ന അക്കൗണ്ടിലൂടെയും പേജിലൂടെയും ഇവര് യാത്രചെയ്യുന്ന നിരവധി വീഡിയോകള് പോസ്റ്റ് ചെയ്യാറുണ്ട്. പല രാജ്യങ്ങളിലൂടെയും ഇവര് സഞ്ചരിക്കാറുണ്ട്. പല മനുഷ്യരെ കണ്ട അനുഭവങ്ങളും കഥകളും പങ്കുവെക്കുന്ന വീഡിയോകള്ക്ക് ഒട്ടേറെ കാഴ്ചക്കാരുമുണ്ട്.
Content Highlights: Arunima Backpacker against videos criticising her on Turkey incident