ക്രിപ്റ്റോ മാർക്കറ്റ് തകർന്നതിന് പിന്നാലെ ദുരൂഹ മരണം; പ്രശസ്ത യുക്രെയ്നിയൻ ബ്ലോഗർ മരിച്ച നിലയിൽ

ക്രിപ്റ്റോളജി കീ എന്ന ട്രേഡിങ്ങ് അക്കാദമിയുടെ സിഇഒയും സഹസ്ഥാപകനുമായിരുന്നു ഗാലിഷ്

പ്രശസ്ത യുക്രെയ്നിയൻ ക്രിപ്റ്റോ ബ്ലോഗറും ഇന്‍വെസ്റ്ററുമായ കോൺസ്റ്റാന്റിൻ ഗാലിഷിനെ മരിച്ച നിലയിൽ കണ്ടെത്തി. കീവിലെ ഓബൊളോൺ പ്രദേശത്താണ് ഗാലിഷിനെ തന്റെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ വെടിയേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് പോലീസ് പരിശോധിക്കുകയാണ്. മൃതദേഹത്തിനരികിൽ അദ്ദേഹത്തിന്റെതന്നെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു ആയുധം കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. പൊലീസ്, ക്രിമിനോളജിസ്റ്റുകൾ, ഫോറൻസിക് സംഘം തുടങ്ങിയവർ സ്ഥലത്ത് പരിശാധനകൾ നടത്തി.

കോസ്ത്യ കുഡോ എന്നും കൂടി വിളിപ്പേരുള്ള ഗാലിഷ് അറിയപ്പെടുന്ന ക്രിപ്റ്റോ കറൻസി ബ്ലോഗറാണ്. ആഗോള ക്രിപ്റ്റോ മാർക്കറ്റ് വലിയ തകർച്ച നേരിട്ട് ദിവസങ്ങൾക്ക് പിന്നാലെയാണ് ഗാലിഷിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ തകർച്ചയിൽ ബിറ്റ്‌കോയിൻ, എതീറിയം എന്നീ എന്നിവയുള്ള മൂല്യം താഴ്ന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഗാലിഷിന്റെ ദുരൂഹ മരണം.

ഗാലിഷിന്റെത് ആത്മഹത്യയാണോ എന്ന സംശയം ബലപ്പെടുന്നുണ്ട്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് താൻ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്ന് ഗാലിഷ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ടായിരുന്നു. ഒരു ഫെയർവെൽ സന്ദേശവും ഗാലിഷ് നൽകിയിട്ടുണ്ടായിരുന്നു. യുക്രെയ്ൻ ക്രിമിനൽ കോഡിലെ ആർട്ടിക്കിൾ 115 പാർട്ട് 1 പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. യുക്രെയ്നിലെ ക്രിപ്റ്റോ കൂട്ടായ്മക്കിടയിൽ വളരെയേറെ പ്രശസ്തനായിരുന്നു ഗാലിഷ്.

ക്രിപ്റ്റോളജി കീ എന്ന ട്രേഡിങ്ങ് അക്കാദമിയുടെ സിഇഒയും സഹസ്ഥാപകനുമായിരുന്നു ഗാലിഷ്. സാമൂഹ്യമാധ്യമങ്ങളിൽ അടക്കം വലിയ സാന്നിധ്യവുമായിരുന്നു ഇദ്ദേഹം. സമ്പന്നനായ ഗാലിഷ് അത്യാഡംബരമായ ഒരു ജീവിതമാണ് നയിച്ചിരുന്നത്. നിരവധി ആഡംബര കാറുകളും മറ്റും ഉള്ള ഗാലിഷിനെതിരെ ഫണ്ട് തിരിമറി തുടങ്ങിയ നിരവധി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. അന്വേഷണവും നടക്കുന്നുണ്ടായിരുന്നു.

അടുത്ത കാലത്തായി നൽകിയ ഒരു അഭിമുഖത്തിൽ ക്രിപ്റ്റോ ട്രെയ്‌ഡിങ്ങിലെ റിസ്‌ക്കുകൾ തുടങ്ങിയ നിരവധി കാര്യങ്ങളെക്കുറിച്ച് ഗാലിഷ് വെളിപ്പെടുത്തിയിരുന്നു. ട്രേഡിങിൽ ഉണ്ടായ ഭീമമായ നഷ്ടങ്ങളെക്കുറിച്ചും മറ്റും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ടായിരുന്നു.

Content Highlights: ukraine crypto blogger found dead at suspicious circumstances after market crash

To advertise here,contact us