മധ്യപ്രദേശിലെ വിരമിച്ച പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ ജി പി മെഹ്റയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ അനധികൃതമായി സമ്പാദ്യം ഏവരുടെയും കണ്ണ് തള്ളിച്ചു. രണ്ട് വസതികൾക്കൊപ്പം ഫാംഹൗസിലും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഇത്രയും വലിയ ഒരു തീവെട്ടി കൊള്ളയുടെ വിവരങ്ങൾ പുറത്തെത്തിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് അഴിമതി വിരുദ്ധ ഓംബുഡ്സ്മാൻ ലോകായുക്ത അനധികൃത സമ്പാദനത്തെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായി ജി പി മെഹ്റയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്.
മെഹ്റയുടെ രണ്ട് വസതികളിലായി നടത്തിയ റെയ്ഡിൽ പണം, സ്വർണം അടക്കമുള്ള അനധികൃതമായി സമ്പാദ്യങ്ങളാണ് പിടിച്ചെടുത്തത്. മെഹ്റയുടെ മണിപ്പുരം കോളനിയിലെ ആഡംബര വീട്ടിൽ നിന്ന് 8.79 ലക്ഷം രൂപയും 50 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും 56 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപങ്ങളുമാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. മെഹ്റയുടെ രണ്ടാമത്തെ വസതിയായ ഡാന പാനിക്കടുത്തുള്ള ഒപ്പൽ റീജൻസിയിലെ ഒരു ആഡംബര അപ്പാർട്ട്മെന്റിൽ നിന്നും അനധികൃത സമ്പാദ്യം പിടിച്ചെടുത്തു. 26 ലക്ഷം രൂപയും 3.05 കോടി രൂപ വിലമതിക്കുന്ന 2.6 കിലോഗ്രാം സ്വർണ്ണവും 5.5 കിലോഗ്രാം വെള്ളിയും കണ്ടെത്തി.
എന്നാൽ മെഹ്റയുടെ ഫാം ഹൗസിൽ അതിലേറെ അത്ഭുതങ്ങളായിരുന്നു ഒളിച്ച് വെച്ചിരുന്നത്. അടുക്കി വൃത്തിയാക്കി വെച്ചിരുന്ന 17 ടൺ തേനാണ് കണ്ടെത്തിയത്. ആറ് ട്രാക്ടറുകൾ, നിർമ്മാണത്തിലിരിക്കുന്ന 32 കോട്ടേജുകൾ, പൂർത്തിയായ ഏഴ് കോട്ടേജുകൾ, മത്സ്യകൃഷി സൗകര്യങ്ങളുള്ള ഒരു സ്വകാര്യ കുളം, ഒരു പശുത്തൊഴുത്ത്, ഒരു ക്ഷേത്രം തുടങ്ങിയ ഫാം ഹൗസിലെ സൗകര്യങ്ങൾ ഉദ്യോഗസ്ഥരുടെ കണ്ണ് തള്ളിച്ചു. ഫോർഡ് എൻഡവർ, സ്കോഡ സ്ലാവിയ, കിയ സോണെറ്റ്, മാരുതി സിയാസ് എന്നിവയുൾപ്പെടെയുള്ള ആഡംബര കാറുകളും മെഹ്റ കുടുംബത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മെഹ്റയുടെ ബിസിനസ് മേഖലയാണെന്ന് കരുതപ്പെടുന്ന ഗോവിന്ദ്പുര ഇൻഡസ്ട്രിയൽ ഏരിയയിലെ കെ ടി ഇൻഡസ്ട്രീസിലും റെയ്ഡ് നടന്നു. ഇവിടെ നിന്ന് ഉപകരണങ്ങൾ, അസംസ്കൃത വസ്തുക്കൾ, 1.25 ലക്ഷം രൂപ, മെഹ്റയുടെ ബന്ധുക്കൾ സ്ഥാപനത്തിൽ പങ്കാളികളാണെന്ന് തെളിയിക്കുന്ന രേഖകൾ എന്നിവയും ഉദ്യോഗസ്ഥർ കണ്ടെത്തി.
പരിശോധന പൂർത്തിയാക്കിയപ്പോൾ മെഹ്റയുടെ കൈയിൽ നിന്ന് പിടിച്ചെടുത്ത അനധികൃത സമ്പാദ്യങ്ങളു പട്ടിക കണ്ണുതള്ളിക്കുന്നതായിരുന്നു 36.04 ലക്ഷം രൂപ, 2.649 കിലോഗ്രാം സ്വർണം, 5.523 കിലോഗ്രാം വെള്ളി, സ്ഥിര നിക്ഷേപങ്ങൾ, ഇൻഷുറൻസ് പോളിസികൾ, ഓഹരി രേഖകൾ, ഒന്നിലധികം സ്വത്തുക്കൾ, നാല് ആഡംബര കാറുകൾ എന്നിങ്ങനെ നീളുന്നതായിരുന്നു ആ പട്ടിക. ആസ്തികളുടെ മൂല്യനിർണ്ണയം ഇപ്പോഴും തുടരുകയാണെന്നും അന്തിമ മൂല്യനിർണ്ണയം കഴിയുമ്പോൾ അത് കോടികളുടെ കണക്കായി മാറുമെന്നുമാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിടിച്ചെടുത്ത രേഖകൾ, ഡിജിറ്റൽ ഫയലുകൾ, ബാങ്കിംഗ് രേഖകൾ എന്നിവ പരിശോധിക്കാൻ ഫോറൻസിക് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്, അതേസമയം മെഹ്റയുടെ ബിനാമി നിക്ഷേപങ്ങൾ കണ്ടെത്താനുള്ള അന്വേഷണവും ഉണ്ടായേക്കും.
ലോകായുക്തയിലെ നാല് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിഎസ്പി) റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് പുലർച്ചെ ആരംഭിച്ച് റെയ്ഡിന് നേതൃത്വം നൽകിയത്. ഭോപ്പാലിലും നർമ്മദാപുരത്തുമുള്ള നാല് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.
Content Highlights: Retired Madhya Pradesh PWD engineer GP Mehra residence and properties were raided by Lokayukta