യുപിയിലെ ഗോരഖ്പൂര് സ്വദേശിയായ ഹൊസന് അന്സാരിയെ ഒരിക്കല് പട്രോളിങ്ങിനിടെ പൊലീസ് തടഞ്ഞു. അന്ന് വെറും 19 വയസായിരുന്നു ഈ ചെറുപ്പക്കാരന്റെ പ്രായം. അന്ന് തടിയിട്ടപ്പറമ്പ് സ്റ്റേഷനിലെ പൊലീസുകാര്ക്ക് ഹൊസന് ഓടിച്ചിരുന്ന സൈക്കിള് കണ്ട് അത്ഭുതം തോന്നി. മോട്ടോര് ബൈക്കുകളില് ഉപയോഗിക്കുന്ന ഹൈ ബീം ലൈറ്റുകള് ഘടിപ്പിച്ച സൈക്കിളില് ട്യൂഷന് പോയി മടങ്ങുകയായിരുന്നു ഹൊസന്. കളിപ്പാട്ടങ്ങളുടെയും വണ്ടികളുടെ ഒഴിവാക്കിയ ഭാഗങ്ങളും ചേര്ത്ത് ലൈറ്റുകളും ഇലക്ട്രോണിക് സാധനങ്ങളും ഉണ്ടാക്കാറുണ്ടെന്ന് ഹൊസന് അന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ദിവസവേതന തൊഴിലാളിയായ പിതാവിനൊപ്പം കേരളത്തിലേക്ക് കുടിയേറിയതാണ് ഹൊസനും കുടുംബവും.
വര്ഷങ്ങള്ക്ക് ശേഷം 2019ല്, ഹൊസനെ തേടി രണ്ട് പൊലീസുകാര് വീട്ടില് വന്നു. അതിലൊരാള് സ്പെഷ്യല് ബ്രാഞ്ച് എഎസ്ഐയും മറ്റൊരാൾ ഡ്രൈവര് ഇ കെ കരീമുമായിരുന്നു. തടിയിട്ടപ്പറമ്പ് സ്റ്റേഷനില് ജോലി ചെയ്യുന്ന ഇരുവരും അന്ന് തങ്ങള് കണ്ട ആ ചെറുപ്പക്കാരനെ മറന്നിരുന്നില്ല. അവരെത്തിയത് ജീപ്പിന് ആവശ്യമായ ബീക്കണ് ലൈറ്റുകള് നിര്മിച്ച് തരുമോ എന്ന് ചോദിക്കാനായിരുന്നു.
ചുവപ്പും വെള്ളയും നീലയും നിറങ്ങളുള്ള ബീക്കണ് ലൈറ്റാണ് പൊലീസ് വാഹനത്തില് ഉപയോഗിക്കുന്നത്. പൊലീസുകാരോട് കുറച്ച് ദിവസത്തെ സമയം ആവശ്യപ്പെട്ട ഹൊസന്, പിന്നെ അവര്ക്ക് മുന്നിലെത്തിയത് അലാറം സഹിതമുള്ള ബീക്കണ് ലൈറ്റുമായിട്ടായിരുന്നു. ഈ സമയം എറണാകുളം റൂറലില് മൂന്നു കളറുള്ള ബീക്കണ് ലൈറ്റ് ഘടിപ്പിച്ച പൊലീസ് ജീപ്പുള്ളത് തടിയിട്ടപ്പറമ്പ് സ്റ്റേഷനില് മാത്രമായിരുന്നു. ഇപ്പോള് കേരള പൊലീസില് നിന്നും ബള്ക്ക് കണക്കിന് ഓര്ഡറാണ് ഹൊസന് ലഭിക്കുന്നത്. പൊലീസിന് ബീക്കണ് സപ്ലൈ ചെയ്യുന്ന പ്രധാന സപ്ലൈയര് ഹൊസനാണ്. തീര്ന്നില്ല, ദക്ഷിണേന്ത്യയില് നിരവധി ഫയര് ആന്ഡ് റെസ്ക്യു ടീമുകൾക്കും ആംബുലന്സുകള്ക്കും ബീക്കണ് വിതരണം ചെയ്യുന്നത് ഹൊസനാണ്.
2005ല് ഒമ്പത് വയസുള്ളപ്പോഴാണ് ഹൊസന് കേരളത്തിലെത്തുന്നത്. പെരുമ്പാവൂരിന് സമീപം ചെമ്പരാക്കിലാണ് ഹൊസന്റെ പിതാവ് മുഹമ്മദ് അന്സാരി ജോലി ചെയ്തിരുന്നത്. നാലാം ക്ലാസില് പഠിച്ചുകൊണ്ടിരിക്കുന്നപ്പോഴാണ് ഇവിടെയെത്തിയതെങ്കിലും സര്ട്ടിഫിക്കറ്റുകള് ഇല്ലാത്തതിനാല് വാഴക്കുളം ഗവ ഹയര്സെക്കന്റി സ്കൂളില് വീണ്ടും ഒന്നാം ക്ലാസുമുതല് പഠിക്കേണ്ടി വന്നുവെന്ന് ഹൊസന് പറയുന്നു. പിന്നീട് പ്രായവും പഠനത്തിലെ മികവും പരിഗണിച്ച് അധ്യാപകര് നാലാം ക്ലാസില് നിന്നും ഒമ്പതാം ക്ലാസിലേക്ക് പ്രൊമോട്ട് ചെയ്തു. മൂവാറ്റുപുഴ കോളജില് എന്ജിനീയറിങ് പഠിക്കാന് അവസരം ലഭിച്ചെങ്കിലും ഗണിതം പഠിക്കാന് ബുദ്ധിമുട്ടിയതും ആരോഗ്യ പ്രശ്നവും മൂലം പഠനം നിര്ത്തി. അപ്പോഴാണ് കേരള പൊലീസ് ബീക്കണ് എന്ന ആവശ്യവുമായി തന്നെ സമീപിച്ചതെന്ന് നന്ദിയോടെ ഹൊസന് ഓര്ക്കുന്നു.
പിന്നീട് ബീക്കണുകളുടെ പല മോഡലുകള് നിര്മിച്ച അന്സാരി, അവ ഒഎല്എക്സിലിട്ടു. അതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പല മാറ്റങ്ങളും പരീക്ഷണങ്ങളും നടത്തി നല്ല ലാഭം നേടി. ഇന്ന് അഞ്ച് ജീവനക്കാരുണ്ട് ഹൊസന്. പതിനായിരത്തോളം ബീക്കണുകള് വിറ്റുകഴിഞ്ഞു. എംവിഡി 100 വാഹനങ്ങള്ക്കായി ബീക്കണ് വാങ്ങുന്നുണ്ട് . അന്സാരിയുടെ പക്കല് നിന്നും വാങ്ങുന്ന ബീക്കണ് മികച്ച നിലവാരമുള്ളതാണെന്ന് ഫയര് ആന്ഡ് റെസ്ക്യു സീനിയര് ഉദ്യോഗസ്ഥനായ സയദ് ബഹാസനും സാക്ഷ്യപ്പെടുത്തുന്നു.
നാലു വര്ഷം മുമ്പ് വാങ്ങിയ പത്ത് സെന്റ് സ്ഥലത്തെ രണ്ട് നില കെട്ടിടത്തിലാണ് അന്സാരി ബീക്കണുകളുടെ നിര്മാണം നടക്കുന്നത്. കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി അമ്പത് ലക്ഷത്തോളം രൂപ ബിസിനസില് അദ്ദേഹം നിക്ഷേപിച്ചു കഴിഞ്ഞു. 4500 മുതല് 20,000 രൂപവരെയുള്ള ബീക്കണുകളാണ് അദ്ദേഹം വില്ക്കുന്നത്. തന്റെ ഉത്പന്നം കൂടുതല് മെച്ചപ്പെടുത്താന് ഇപ്പോഴും പല പരീക്ഷണങ്ങളും അദ്ദേഹം നടത്തുന്നുണ്ട്.Content Highlights: The tale of man who supplies beacon lights to Kerala Police