
ഹാപ്പിലി മാരീഡ് മാത്രം ആഘോഷിച്ചാൽ പോരല്ലാ.. ഹാപ്പിലി ഡിവോഴ്സ്ഡ് ആയാൽ എന്താ പ്രശ്നം? പരസ്പരം മനസിലാക്കി ഒരുമിച്ച് മുന്നോട്ടു പോകാൻ കഴിയുന്നില്ലെങ്കിൽ വിവാഹ ബന്ധം വേർപിരിയുന്നതാണ് നല്ലതെന്നും എല്ലാം സഹിച്ച് മുന്നോട്ടു പോകണ്ട ആവശ്യമില്ലെന്നുമുള്ള കാഴ്ചപ്പാടുള്ളവരാണ് പുതിയ തലമുറ. വിവാഹമോചിതരാവർ പുതിയ ജീവിതം തിരഞ്ഞെടുക്കുന്നതിലും പുതുമയില്ല. പുതിയ തുടക്കങ്ങൾ ആഘോഷത്തോടെയാണ് പലരും ആരംഭിക്കുന്നതും.
ഡിവോഴ്സായ സ്ത്രീകൾ ജസ്റ്റ് ഡിവോഴ്സ്ഡ് ടാഗ് ധരിച്ച് കേക്ക് മുറിച്ച് വിവാഹമോചനം ആഘോഷിച്ചത് മുമ്പ് വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. ഇപ്പോഴിതാ അതേ വഴി സ്വീകരിച്ചിരിക്കുകയാണ് ഒരു യുവാവ്. പാലിൽ കുളിച്ചും കേക്ക് മുറിച്ചുമൊക്കെയാണ് അദ്ദേഹം ആഘോഷം ഗംഭീരമാക്കിയത്.
ഇൻസ്റ്റഗ്രാമിലാണ് ഡിവോഴ്സ് ആഘോഷിക്കുന്ന യുവാവിന്റെ വീഡിയോ വൈറലായത്. ബിരാദർ എന്നയാളാണ് കുടുംബത്തോടൊപ്പം വിവാഹമോചനം ആഘോഷമാക്കിയത്. വീഡിയോയുടെ തുടക്കത്തിൽ മകനെ പാലിൽ കുളിപ്പിക്കുന്ന അമ്മയെയാണ് കാണാൻ കഴിയുക. പിന്നാലെ കേക്ക് മുറിക്കുന്നു. എപ്പോഴും സന്തോഷത്തോടെ നിങ്ങൾ നിങ്ങളെ തന്നെ ആഘോഷിക്കുക. ഒരിക്കലും വിഷാദത്തിലാവരുത്. 120 ഗ്രാം സ്വർണവും 18ലക്ഷവും വാങ്ങിയതല്ല കൊടുത്തതാണ്. സിംഗിളാണ്, സന്തോഷവാനാണ്, സ്വതന്ത്രനാണ്, എന്റെ ജീവിതം, എന്റെ നിയമങ്ങൾ എന്നാണ് വീഡിയോയ്ക്ക് ബിരാദർ നൽകിയ ക്യാപ്ഷൻ.
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ചിലർ ബിരാദിനെ അഭിനന്ദിച്ചപ്പോൾ മറ്റ് ചിലർ വിമർശിക്കുകയാണ് ഉണ്ടായത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഡിവോഴ്സ് സംബന്ധമായ പോസ്റ്റുകൾ ട്രെൻഡിങാവുന്നതിലുള്ള ആശങ്ക പ്രകടിപ്പിക്കുന്നവരും കുറവല്ല.
Content Highlights: Man celebrates divorce, video goes viral