'ഒരിക്കൽ നിരസിച്ച പദവിയിലേക്ക് ചുവടുവച്ച്'; ഗൂഗിൾ ഇന്ത്യ സ്റ്റാ‍ർട്ട്അപ്പുകളുടെ മേധാവിയായി രാഗിണി ദാസ്

ആരാണ് രാഗിണി ദാസ്?

ഗൂഗിള്‍ ഇന്ത്യ സ്റ്റാര്‍ട്ടപ്പുകളുടെ മേധാവിയായി സംരഭക രാഗിണി ദാസിനെ നിയമിച്ചു. സ്ത്രീകളെ കേന്ദ്രീകരിച്ച് നടത്തുന്ന പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കായ ലീപ് ക്ലബ്ബിൻ്റെ സഹസ്ഥാപകയാണ് രാഗിണി ദാസ്. പുതിയ വേഷം തന്റെ ജീവിതത്തെ അര്‍ത്ഥവത്താക്കിയെന്ന് രാഗിണി ലിങ്ക്ട്ഇന്നിലൂടെ അറിയിച്ചു. '2013-ല്‍ ഗൂഗിളിന്റെ അവസാന അഭിമുഖ റൗണ്ട് മറികടക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ല, എന്നാല്‍ ഞാന്‍ ആഗ്രഹിച്ചത് എന്തോ അതെനിക്ക് കിട്ടി' -രാഗിണി പറഞ്ഞു.

ഗുരുഗ്രാമില്‍ ജനിച്ച രാഗിണി ദാസ് ചെന്നൈയിലെ ചെട്ടിനാട് വിദ്യാശ്രമത്തിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അവിടെ തന്നെ കള്‍ച്ചറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ലങ്കാസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം നേടി. ബിരുദാനന്തര ബിരുദ പഠനകാലത്ത് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിലും മറ്റ് സംഘടനകളിലും ഇന്റേണ്‍ഷിപ്പ് നടത്തി. മാര്‍ക്കറ്റ് ഗവേഷണത്തിലും ഇന്ത്യന്‍ വിപണിക്കായി ബിസിനസ് പദ്ധതികള്‍ വികസിപ്പിക്കുന്നതിന്റെയും ഭാഗമായി.

2012-ല്‍, ആഭ്യന്തര മാര്‍ക്കറ്റിംഗിനായുള്ള ഒരു മുന്‍നിര സംരംഭകയായി ട്രൈഡന്റ് ഗ്രൂപ്പ് ഇന്ത്യയില്‍ ചേര്‍ന്നു. പിന്നീട് യൂറോപ്പ്, യുഎസ് മാര്‍ക്കറ്റിംഗ് കൈകാര്യം ചെയ്യുന്നതിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ഹോം ടെക്‌സ്‌റ്റൈല്‍ ക്ലയന്റുകളുടെയും ഹോട്ടലുകളുടെയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുക, വില്‍പ്പന വിപണി വിശകലനം ചെയ്യുക, ഉല്‍പ്പാദന, ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങളെ സപ്പോര്‍ട്ട് ചെയ്യുക എന്നിവയായിരുന്നു രാഗിണിയുടെ റോളുകള്‍.

ഒരു വര്‍ഷത്തിനുശേഷം 2013ല്‍ രാഗിണി സൊമാറ്റോയില്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജരായി ചേര്‍ന്നു. ആറ് വര്‍ഷത്തെ സേവന കാലയളവില്‍ കീ അക്കൗണ്ട് മാനേജര്‍, ഏരിയ സെയില്‍സ് മാനേജര്‍ തുടങ്ങി വിവിധ സ്ഥാനങ്ങള്‍ വഹിച്ചു.

2020-ല്‍ രാഗിണി leap.club എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകയായി. ആയിരക്കണക്കിന് സ്ത്രീകളെ മുന്നില്‍ കണ്ട് ഒരു ഓണ്‍ലൈന്‍ ആപ്പും ഓഫ് ക്ലബ്ബും നിര്‍മിച്ചു. 2025 ജൂണില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കുന്നതിനു മുമ്പ് ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് സേവനം നല്‍കുന്നതിനായി പ്ലാറ്റ്‌ഫോം വളര്‍ന്നു.

ഇതിന് ശേഷം 2025 ഓഗസ്റ്റില്‍ ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ് തസ്തികയിലേക്ക് അപേക്ഷിച്ച രാഗിണിയെ ഒരിക്കല്‍ ഗൂഗിള്‍ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിളിന്റെ മേധാവിയായി വീണ്ടു അവര്‍ എത്തുന്നത്.

Content Highlights: Ragini Das appointed as head of startups at Google India

To advertise here,contact us