മാസ് കംബാക്കുകള് സിനിമകളില് കാണാറില്ലേ. എല്ലാവരാലും വഞ്ചിക്കപ്പെടുന്ന നല്ലവനായ നായകന് ഒടുവില് വില്ലന്മാര്ക്ക് മുന്പില് നെഞ്ച് വിരിച്ച് നില്ക്കുന്ന കഥകള് കണ്ട് ആവേശഭരിതരായിട്ടില്ലേ. അങ്ങനെയൊരു സംഭവം ഒരു ഇന്ത്യന് ടെക്കിയുടെ ലൈഫില് നടന്നിരിക്കുകയാണ്. ലക്ഷങ്ങള് ശമ്പളം ലഭിച്ചിരുന്ന, വളരെ ഇഷ്ടമുണ്ടായിരുന്ന ഒരു ജോലിയില് നിന്നും യാതൊരു കാരണവും കൂടാതെ ടോക്സിക്കായ മാനേജര് പിരിച്ചുവിടുന്നു. പക്ഷെ ഇപ്പോഴിതാ അതേ കമ്പനിക്കാര് റീജോയിന് ചെയ്യാമോ എന്ന് ചോദിച്ചു പിന്നാലെ നടക്കുന്നു. എന്താ ഒരു ഫീല് അല്ലേ… കേള്ക്കുമ്പോഴേ രോമാഞ്ചം വരുന്നില്ലേ.. എന്നാല് മുഴുവന് കഥ കേട്ടാലോ.
റെഡ്ഇറ്റിലാണ് ഈ ഇന്ത്യക്കാരന് ജോലിസ്ഥലത്ത് നിന്നും നേരിട്ട ഉപദ്രവങ്ങളെ കുറിച്ചും പിന്നീട് കഥയിലുണ്ടായ ട്വിസ്റ്റിനെ കുറിച്ചുമെല്ലാം വിശദമായി എഴുതിയിരിക്കുന്നത്. 2,50,000 രൂപ ശമ്പളവും വാങ്ങി ഒരു ഇന്ത്യന് എംഎന്സിയില് നല്ല സന്തോഷത്തിലും സമാധാനത്തിലും ജോലി ചെയ്തുവരുന്നതിനിടെയാണ് ഒരു വിദേശ കമ്പനിയില് നിന്നും ഇന്ഡിവിജ്വല് കോണ്ട്രാക്ടര് പൊസിഷനിലേക്ക് ഓഫര് വരുന്നത്.
ഇന്ത്യന് കമ്പനിയുടെ കസ്റ്റമേഴ്സാണ് വര്ക്ക് കണ്ട് ഇഷ്ടപ്പെട്ട ഇയാളെ വിദേശ കമ്പനിക്ക് നിര്ദേശിച്ചത്. വിദേശ കമ്പനിയുടെ മാനേജര് ഒരു ഇന്ത്യക്കാരനായിരുന്നു. അതും ഈ ഓഫര് സ്വീകരിക്കാന് ടെക്കിയെ പ്രേരിപ്പിച്ചു. ഒടുവില് അഞ്ച് റൗണ്ട് ഇന്റര്വ്യൂ അടക്കമുള്ള റിക്രൂട്ട്മെന്റ് പ്രക്രിയ പൂര്ത്തിയാക്കി ജോലി നേടിയെടുത്തു.
വളരെ പ്രാധാന്യമുള്ള ഒരു പ്രോജക്ടിന്റെ മുഴുവന് ഉത്തരവാദിത്തവും താന് ഒരാളില് ആയതുകൊണ്ട് തന്നെ സമയം നോക്കാതെ ജോലി ചെയ്തിരുന്നു എന്ന് റെഡ്ഇറ്റില് പങ്കുവെച്ച കുറിപ്പിലുണ്ട്. ദിവസവും പത്ത് മണിക്കൂറിനും മുകളില് ജോലി ചെയ്തു. വീക്കെന്ഡ് ഓഫുകള് മാറ്റിവെച്ചു. അതിന്റെ ഫലവും ഉണ്ടായി. ഓവര് ടൈമിന് നല്ല പ്രതിഫലം ലഭിച്ചു. കമ്പനിയ്ക്ക് വര്ക്ക് ഇഷ്ടപ്പെട്ടു. വിദേശത്തുള്ള ഹെഡ് ഓഫീസിലേക്ക് ചെന്നപ്പോള് മാനേജര് ഹാര്ദ്ദവമായി സ്വീകരിച്ചു. കോണ്ട്രാക്ട് പുതുക്കിയതിനൊപ്പം 10 ശതമാനം ശമ്പള വര്ധനവും കമ്പനി നല്കി. എല്ലാം കൊണ്ടും നല്ല ദിവസങ്ങള്.
പക്ഷെ പിന്നീട് കാര്യങ്ങള് മാറാന് തുടങ്ങി. പുകഴ്ത്തിയ മാനേജര് എന്തിനും ഏതിനും കുറ്റം കണ്ടുപിടിക്കാന് തുടങ്ങി. 'പെട്ടന്നാണ് കാര്യങ്ങള് മാറിയത്. മാനേജര് ഞാന് ചെയ്യുന്നതിലെല്ലാം കുറ്റങ്ങള് കണ്ടെത്താന് തുടങ്ങി. ചെറിയ തെറ്റുകള്ക്ക് പോലും ശകാരം. എന്തെങ്കിലും പുതുതായി ചെയ്യാന് ശ്രമിച്ചാല് കളിയാക്കല്. എപ്പോഴെങ്കിലും എതിര്ത്ത് സംസാരിച്ചാല് തരുന്ന സാലറിയുടെ കണക്ക് പറയാന് തുടങ്ങും. എല്ലാ സംസാരത്തിലും സാലറി കടന്നുവന്നു. ഓരോ മണിക്കൂറിലും എന്ത് ചെയ്യുന്നുവെന്ന് അപ്ഡേറ്റുകള് ചോദിക്കാന് തുടങ്ങി. ഓവര് ടൈം വര്ക്കിനുള്ള പ്രതിഫലം ഇല്ലാതായി. ലീവുകള് അനുവദിക്കാതെയായി,' റെഡ്ഇറ്റിലെ കുറിപ്പില് പറയുന്നു.
ചെയ്യുന്ന ജോലിയും അതിന് ലഭിക്കുന്ന ശമ്പളവും എല്ലാം ഏറെ ഇഷ്ടമായിരുന്നെങ്കിലും മാനേജറുടെ ടോക്സിക് രീതികള് ഇയാളെ വല്ലാതെ ബുദ്ധിമുട്ടിക്കാന് തുടങ്ങിയിരുന്നു. എങ്കിലും സഹിച്ചുനിന്നു. ഒരിക്കല് സ്ഥാപനത്തിലെ ഉയര്ന്ന മാനേജര്മാരോട് തെളിവ് സഹിതം മാനേജരില് നിന്നും താന് നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ഇയാള് തുറന്നുപറഞ്ഞു. പക്ഷെ ഫലമൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല വൈകാതെ തന്നെ കമ്പനിയില് നിന്നും പുറത്താക്കികൊണ്ടുള്ള മെയിലും തേടിയെത്തി.
'നോണ്-പെര്ഫോമന്സ്' അഥവാ ജോലിയില് കാര്യക്ഷമതയില്ല എന്നായിരുന്നു തന്നെ പുറത്താക്കാനായി കമ്പനി പറഞ്ഞ കാരണമെന്നും കുറിപ്പില് ഇയാള് വെളിപ്പെടുത്തിയിട്ടുണ്ട്. ജോലിയില് താന് ഒരു കുറവും വരുത്തിയിട്ടില്ലെന്ന് ബോധ്യമുണ്ടായിരുന്ന ടെക്കി നോട്ടീസ് പിരീയഡ് പൂര്ത്തിയാക്കി. നോട്ടീസ് പിരീയഡിനിടെ മികച്ച പെര്ഫോമന്സിനെ അഭിനന്ദിച്ചുകൊണ്ടുള്ള മെയിലും കമ്പനിയില് നിന്നും തേടിയെത്തി. പക്ഷെ അപ്പോഴേക്കും മാനസികമായി ഏറെ തകര്ന്നിരുന്നു എന്ന് ഇയാള് പറയുന്നു.
ഈ കമ്പനിയില് നിന്നും ഇറങ്ങി കുറച്ച് നാളത്തേക്ക് ബ്രേക്ക് എടുത്തു. മറ്റൊരു ജോലിയിലേക്ക് പ്രവേശിക്കാനിരിക്കെ ആണ് ഇറക്കിവിട്ട കമ്പനിയിലെ ഉയര്ന്ന മാനേജറുടെ കോള് തേടിയെത്തുന്നത്. റീജോയിന് ചെയ്യാന് കഴിയുമോ എന്നാണ് ചോദ്യം. കമ്പനിയില് ടോക്സികായ സാഹചര്യങ്ങള് ഉണ്ടാകില്ലെന്ന് എച്ച് ആര് പല തവണ വിളിച്ച് ഉറപ്പുനല്കുന്നു. കൂടുതല് ശമ്പളവും വാഗ്ദാനം ചെയ്യുന്നുണ്ട്. താന് തീരുമാനം എടുത്തിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇയാള് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
നിരവധി പേരാണ് ഈ കുറിപ്പിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. കമ്പനിയില് തിരിച്ചുകയറുകയാണെങ്കില് കൃത്യമായ ഡിമാന്ഡുകള് വെക്കണമെന്ന് നിര്ദേശിക്കുന്നവരാണ് ഭൂരിഭാഗവും. ടെക്കിയുടെ തീരുമാനം എന്താണെന്ന് അറിയാന് ആകാംക്ഷപൂര്വം കാത്തിരിക്കുന്നവരും ഏറെയാണ്.
Content Highligths: Indian techie fired by manager but called back by company