അപ്പോഴെ പറഞ്ഞില്ലെ! ആ ക്രെഡിറ്റും ഞാനിങ്ങെടുക്കുന്നുവെന്ന് ട്രംപ്; ലാദൻ വിഷയത്തിൽ വിചിത്രവാദം

2000 ജനുവരിയിലാണ് ഒസാമയെ കുറിച്ച് പ്രതിപാദിക്കുന്ന 'ദി അമേരിക്ക വി ഡിസേർവ്'എന്ന ട്രംപിന്റെ പുസ്തകം പുറത്തിറങ്ങിയത്

ഡെമോക്രാറ്റ് നേതാവും അമേരിക്കൻ മുൻ പ്രസിഡന്റും തൻ്റെ ചിരവൈരിയുമായ ബരാക്ക് ഒബാമയ്ക്ക് ലഭിച്ച സമാധാന നോബേൽ എങ്ങനെയെങ്കിലും സ്വന്തമാക്കണമെന്ന സ്വപ്‌നവുമായാണ് ജീവിക്കുന്നതെന്ന് തോന്നിപ്പിക്കുന്നതാണ് ട്രംപിൻ്റെ സമീപകാലത്തെ പല പ്രസാതവനകളും. ലോകത്ത് നടക്കുന്ന സംഘർഷങ്ങളെല്ലാം തൻ്റെ കാർമ്മികത്വത്തിൽ അവസാനിച്ചുവെന്ന് വരുത്തി തീർക്കാനുള്ള ട്രംപിൻ്റെ ശ്രമം ചിലപ്പോഴെല്ലാം അപഹാസ്യമായിട്ടുണ്ട്. ഇന്ത്യ-പാകിസ്താൻ യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന ട്രംപിൻ്റെ അവകാശവാദം ഇന്ത്യ നിരന്തരം തള്ളിക്കളഞ്ഞിരുന്നു. പക്ഷെ അപ്പോഴും ആ വാദത്തിൽ ഉറച്ച് നിൽക്കുന്ന ട്രംപിനെ ലോകം കാണുന്നുണ്ട്. എന്തു തന്നെയായാലും ഉക്രൈയ്ൻ- റഷ്യ യുദ്ധം, ഇന്ത്യ - പാക് സംഘർഷം, ഇസ്രയേൽ - പലസ്തീൻ സംഘർഷം എന്നിവടങ്ങിലെല്ലാം സമാധാനം സൃഷ്ടിക്കാൻ താൻ ഇടപെട്ടു, ഇടപെടുന്നു എന്ന പ്രതീതിയാണ് ട്രംപ് നിരന്തരം സൃഷ്ടിക്കുന്നത്.

ഇതിനിടയിൽ ഒരു വിചിത്രവാദവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ട്രംപ്. വിർജീനിയയിലെ നോർഫ്‌ളോക്കിൽ നേവി ഉദ്യോഗസ്ഥരുടെ പരിപാടിയിൽ പങ്കെടുക്കവെ ട്രംപിന്റെ അവകാശവാദം ഇങ്ങനെയായിരുന്നു:

'വേൾഡ് ട്രേഡ് സെന്ററിൽ സ്‌ഫോടനം നടക്കുന്നതിന് ഒരു വർഷം മുമ്പ് ഒസാമ ബിൻ ലാദനെ കുറിച്ച് ഞാൻ എഴുതിയത് നിങ്ങൾ ദയവായി ഓർക്കണം. മാത്രമല്ല ഒസാമ ബിൻ ലാദനെ നിരീക്ഷിക്കണമെന്ന് ഞാൻ പറഞ്ഞു. അതിന്റെ ക്രെഡിറ്റ് എനിക്കുള്ളതാണ്' എന്നാണ് ട്രംപ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പറഞ്ഞത്.

2000 ജനുവരിയിലാണ് ഒസാമയെ കുറിച്ച് പ്രതിപാദിക്കുന്ന 'ദി അമേരിക്ക വി ഡിസേർവ്'എന്ന ട്രംപിന്റെ പുസ്തകം പുറത്തിറങ്ങിയത്.

'ആ ബുക്കിൽ, അതിന്റെ പേര് എന്തായാലും, നിങ്ങളോട് എനിക്ക് പറയാൻ കഴിയുക അതിലൊരു പേജിൽ ഞാൻ പറയുന്നുണ്ട്, ഒസാമ ബിൻ ലാദൻ എന്ന് പേരുള്ള ഒരാളെ നിങ്ങൾ സൂക്ഷിക്കണമെന്ന്. അവർ അത് ചെയ്തില്ല, ഒരു വർഷത്തിന് ശേഷം വേൾഡ് ട്രേഡ് സെന്റർ തകർക്കപ്പെട്ടു. പക്ഷേ ഞാൻ നൽകിയ മുന്നറിയിപ്പിനെ കുറിച്ച് ആരും പറയാത്തതിനാൽ അതിന്റെ ക്രെഡിഡ് ഞാനിങ്ങ് എടുക്കുകയാണ്. മുമ്പും അതാരും തന്നിട്ടില്ല, അതിനാൽ ഞാൻ സ്വയം അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നു'- ട്രംപ് പറഞ്ഞു.Content Highlight: Trump took credit on his warning about Osama Bin Laden in his Book

To advertise here,contact us