
വിദേശ രാജ്യങ്ങളുമായി ഇന്ത്യയെ താരതമ്യപ്പെടുത്തിയുള്ള നിരവധി പോസ്റ്റുകള് പലപ്പോഴും സോഷ്യല് മീഡിയയില് ചര്ച്ചയാവാറുണ്ട്. ഇതില് വിമര്ശനവും അഭിനന്ദനങ്ങളുള്പ്പെടുന്നു. അത്തരത്തില് രാജ്യത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുകഴ്ത്തി കൊണ്ടുള്ള ഒരു പോസ്റ്റ് ഇപ്പോള് സോഷ്യല് മീഡിയയില് ചര്ച്ചയാവുകയാണ്. മോദിയെ പുകഴ്ത്തിയ പോസ്റ്റില് ട്രംപിനെ വിമര്ശിക്കുകയും ചെയ്യുന്നുണ്ട്.
ടോണി ക്ലോര് എന്നറിയപ്പെടുന്ന ക്ലോര് ആന്റണി സൂയിസ് എന്ന അമേരിക്കന് പൗരന്റെ പോസ്റ്റാണ് ഇപ്പോള് സോഷ്യല് മീഡിയയില് ചര്ച്ചയാവുന്നത്. തനിക്ക് ഇന്ത്യയിലേക്കുള്ള അഞ്ച് വര്ഷത്തെ വിസ ലഭിച്ചുവെന്നും 2025 സെപ്റ്റംമ്പറില് നല്കിയ വിസ തനിക്ക് ഓരോ സന്ദര്ശനത്തിലും 180 ദിവസം വരെ ഇന്ത്യയില് തങ്ങാനുള്ള അനുവാദം നൽകുന്നുവെന്നും യുവാവ് പറയുന്നു. ഈ വിസ 2030 സെപ്റ്റംമ്പര് 22 വരെ സാധുതയുള്ളതാണ്.
ട്വീറ്റിനൊപ്പം യുവാവ് തന്റെ വിസയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 'ഇത് ഔദ്യോഗികമാണ്! വിദേശ ബ്ലോക്ക്ചെയിന് & എഐ നിര്മ്മാതാക്കള്ക്കായി ഇന്ത്യ വാതിലുകള് തുറക്കുകയാണ്. എനിക്ക് ഇപ്പോള് 5 വര്ഷത്തെ ഇന്ത്യന് വിസ ലഭിച്ചു. 'ട്രംപ് വിദേശികള് ഗെറ്റ് ലോസ്റ്റ് എന്ന് പറയുമ്പോള്. മോദി ജീ അവരെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു.' യുവാവ് പോസ്റ്റില് കുറിച്ചു. ബ്ലോക്ക് ചെയിൻ, ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് തുടങ്ങിയ മേഖലകളില് സന്ദര്ശനം നടത്താനും നിക്ഷേപം നടത്താനും ഇന്ത്യ പ്രോത്സാഹനം നല്കുന്നുണ്ട്. ബി-1 വിസയാണ് പോസ്റ്റില് പറയുന്ന യുവാവിന് അനുവദിച്ചിരിക്കുന്നത്. ബിസിനസ് മീറ്റിംഗുകള്ക്ക്, കോണ്ഫറന്സുകള്ക്ക് ടെക്ക് ഇവന്റുകള്ക്ക് എന്നിവയ്ക്ക് പങ്കെടുക്കുന്നവര്ക്ക് നല്കുന്ന വിസയാണിത്.
It’s official! India is opening its doors to foreign blockchain & AI builders.
— Tony Klor (@TonyCatoff) October 3, 2025
I’ve just been granted a girthy 5-year India visa 🇮🇳🇮🇳🇮🇳
Trump says foreigners go kick rocks. Modi says welcome home bhai 🏠 pic.twitter.com/Lm8Py8j3Pp
പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. യുവാവിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് ധാരാളം കമൻ്റുകളും പോസ്റ്റിന് താഴെ കാണാം. 'യുഎസിലെ മികച്ച സര്വകലാശാലകളിലെ നിരവധി മിടുക്കരായ ഇന്ത്യക്കാര്ക്കൊപ്പം പഠിക്കുകയും പ്രവര്ത്തിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയില്, വളരെ സത്യസന്ധമായി പറയട്ടെ: സാങ്കേതികവിദ്യ, എഐ, എഞ്ചിനീയറിംഗ് എന്നിവയില് ഏറ്റവും ബുദ്ധിമാൻമാർ ഇന്ത്യയിലുണ്ടെന്ന് ഞാന് ശരിക്കും വിശ്വസിക്കുന്നു. ആ പ്രതിഭകള് ഇന്ത്യയ്ക്കുള്ളില് നിര്മ്മാണത്തിലും നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിലുണ്ടാവുന്ന പുരോഗതിയുടെ തോത് എനിക്ക് സങ്കല്പ്പിക്കാന് പോലും കഴിയില്ല. അടുത്ത 10 വര്ഷത്തിനുള്ളില്, ഈ പട്ടികയിലെ ആഗോള ഭീമന്മാരില് കുറഞ്ഞത് 1 അല്ലെങ്കില് 2 ഇന്ത്യന് കമ്പനികളെങ്കിലും നമുക്ക് കാണാന് കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ട്' പോസ്റ്റിന് താഴെ ഒരാള് പറയുന്നു.
എന്റെ ജീവിതത്തിലൊരിക്കലും ആളുകള് ഇന്ത്യന് വിസ കാട്ടി പൊങ്ങച്ചം പറയുമെന്ന് കരുതിയിരുന്നില്ല' മറ്റൊരാള് തമാശ കലർന്ന് കമൻ്റ് പാസാക്കി. ബ്ലോക്ക്ചെയിനിനെയും ആര്ട്ടിഫിഷ്യല് ഇന്റലിജന്സിനെയും ഇന്ത്യ കൂടുതല് സ്വീകരിക്കുന്നത് നല്ലതാണെന്ന് ഞാന് കരുതുന്നു. ഉപയോക്താക്കളുടെ എണ്ണത്തില് വര്ദ്ധനവുണ്ടാകുമ്പോള്, മികച്ച നിയമങ്ങള് വികസിപ്പിക്കുന്നതിലും നികുതികളില് വ്യക്തത നല്കുന്നതിലും ഇന്ത്യാ ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മറ്റൊരു യൂസര് പ്രതീക്ഷ പങ്കുവെച്ചു.
Content Highlights- 'When Trump says 'Get Lost', Modi Ji welcomes him with open arms'; US citizen's post goes viral