ബാങ്ക് ജോലി സുഖമാണെന്നാണോ വിചാരം? അതൊരു കെണിയെന്ന് യുവാവ്; അനുഭവത്തിന് പിന്തുണപ്രവാഹം

ഒമ്പത് മാസങ്ങൾക്ക് മുൻപാണ് യുവാവ് ബാങ്ക് ജോലിയിൽ പ്രവേശിച്ചത്. അപ്പോഴേക്കും മതിയായി എന്നാണ് യുവാവ് പറയുന്നത്.

പലരുടെയും സ്വപ്നമാണ് ഒരു ബാങ്ക് ജോലി എന്നത്. പൊതുമേഖലാ, സ്വകാര്യ ബാങ്കുകളിലെ ജോലിക്കായി ഉറക്കമിളച്ച് പഠിക്കുന്നവരും നിരവധിയാണ്. സുരക്ഷിതം എന്നതിലുപരി നല്ല ശമ്പളവും മറ്റുമാണ് ഈ മേഖലയെ കൂടുതൽ ആകർഷകമാക്കുന്നത്. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല എന്നാണ് ചില അനുഭവങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

റെഡിറ്റിൽ ഒരു ബാങ്ക് ജീവനക്കാരൻ അടുത്തിടെ തന്റെ ഒരു അനുഭവം പങ്കുവെച്ചിരുന്നു. ബാങ്ക് ജോലി എന്നത് എത്രത്തോളം ശ്രമകരമാണെന്നും അവഗണനയും പുച്ഛവും എല്ലാം ഉണ്ടാകുമെന്നാണ് അയാൾ പറയുന്നത്. വെറും ഒമ്പത് മാസങ്ങൾക്ക് മുൻപാണ് യുവാവ് ബാങ്ക് ജോലിയിൽ പ്രവേശിച്ചത്. അപ്പോഴേക്കും മതിയായി എന്നാണ് യുവാവ് പറയുന്നത്.

'ഒമ്പത് മാസമായി ഒരു പൊതുമേഖലാ ബാങ്കിൽ ജോലി ചെയ്യുകയാണ് ഞാൻ. സത്യം പറയട്ടെ, ഞങ്ങൾ നുണകൾ മാത്രം വിൽക്കുകയാണ്. ഞാൻ കഷ്ടപ്പെട്ട് പറ്റിക്കുകയെല്ലാം ചെയ്തു. എന്റെ കുടുംബമടക്കം ഒരുപാട് അഭിമാനിച്ചു. എന്നിട്ടും എനിക്ക് മാനേജ്മെൻ്റിൻ്റെ ഭാഗത്തുനിന്നോ കസ്റ്റമേഴ്‌സിൻ്റെ ഭാഗത്തുനിന്നോ വേണ്ട ബഹുമാനം കിട്ടുന്നില്ല. ഞങ്ങൾ വെറും അടിമകളെപ്പോലെയാണ്'; എന്നാണ് യുവാവ് പറയുന്നത്.

ജോലി സമ്മർദ്ദം താങ്ങാനാകാത്തതാണെന്നും ഇൻഷുറൻസും, ക്രെഡിറ്റ് കാർഡും, ലോണുകളും ലഭ്യമാക്കാൻ സമ്മർദ്ദമാണെന്നും യുവാവ് പറയുന്നു. 'താൻ ഇപ്പോൾ ഒരു ബാങ്കറല്ല, വെറും തെരുവ് കച്ചവടക്കാരൻ മാത്രമാണ്. സമ്മർദ്ദം താങ്ങാനാകാത്തതാണ്. ഒരു റൂറൽ ബ്രാഞ്ചിനോട് ഓരോ ദിവസവും ഒരു കോടിയുടെ എഫ്ഡി കണ്ടെത്താൻ പറയുന്നത് എന്ത് മണ്ടത്തരമാണ്. ജോലിയുടെ രീതിയോ? ടോക്‌സിക്കും. തൊണ്ണൂറുകളിൽ ഇറങ്ങുന്ന സിനിമകളിലെ വില്ലന്മാരെപോലെയാണ് പല ബോസ്സുമാരും' എന്നും യുവാവ് പറയുന്നു.

കുറച്ച് കൂടി കടുപ്പിച്ച് ഈ ജോലി ഒരു കെണിയാണെന്നും യുവാവ് പറയുന്നുണ്ട്. കൃത്യമായ ജീവനക്കാർ ഉണ്ടാകില്ല. മൂന്ന് പേർ ആറുപേരുടെ ജോലി ചെയ്യണം. കസ്റ്റമേഴ്സ് വന്നുകൊണ്ടേയിരിക്കും, ഫോൺ അടിച്ചുകൊണ്ടേയിരിക്കും. ബാത്റൂമിലേക്ക് പോലും പോകാൻ പറ്റില്ല. ജീവിതം പോലും ഇല്ല എന്നും യുവാവ് പറയുന്നു. ബാങ്ക് ജോലിക്ക് ശ്രമിക്കുന്നവർ ഈ യാഥാർഥ്യം മനസിലാക്കണമെന്നും യുവാവ് അഭ്യർത്ഥിക്കുന്നു.

നിരവധി പേരാണ് യുവാവിന് ഉപദേശങ്ങളുമായി രംഗത്തെത്തുന്നത്. ഭൂരിഭാഗം പേരും യുവാവിനോട് ജോലി വിടാനും മറ്റൊരു മേഖല ശ്രമിക്കാനുമാണ് പറയുന്നത്. താനും കുറച്ച് സുഹൃത്തുക്കളും എസ്ബിഐയിൽ നിന്ന് വിരമിച്ചതാണെന്നും അതുകൊണ്ട് ഈ അനുഭവം മനസിലാകുമെന്നുമാണ് ഒരു കമന്റ്. ബാങ്കിങ് മേഖല എളുപ്പമല്ലെന്നും അതിജീവിക്കാൻ പാടാണെന്നുമാണ് ഭൂരിഭാഗം പക്ഷം.

Content Highlights: man decribes pressure behind bank jobs

To advertise here,contact us