ഡോക്ടറിൻ്റെ കുറിപ്പടി മനസിലാകാതെ ജഡ്ജിയും! ഒടുവിൽ കർശന നിർദേശം! ഇനി ഇതേ മാർഗമുള്ളു

ഡോക്ടർമാരുടെ കൈയക്ഷരം ആരോഗ്യരംഗത്തും അതുപോലെ നിയമപരമായ കാര്യങ്ങളിലും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല

ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിൽ നടന്ന വിചാരണയിൽ ജഡ്ജി നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. മറ്റൊന്നുമല്ല ഒരു ഡോക്ടർ എഴുതിയ കുറിപ്പടിയിലെ ഒരക്ഷരം പോലും വായിക്കാൻ ജഡ്ജിക്ക് കഴിഞ്ഞില്ല. ഇത്തരം അവ്യക്തത മൂലം ശരി തെറ്റ് വിലയിരുത്തുന്നതിൽ കോടതിക്ക് പോലും ബുദ്ധിമുട്ടുണ്ടായി എന്നാണ് ഇതിനെ കുറിച്ച് ജഡ്ജി പരാമർശിച്ചത്. അത്രയും മോശമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നതിന് പിന്നാലെ മെഡിക്കൽ പഠനത്തിൽ കൈയക്ഷരങ്ങളുടെ പാഠങ്ങളും ഉൾപ്പെടുത്തണമെന്ന് വ്യക്തമാക്കിയ കോടതി, പ്രിസ്‌ക്രിപ്ഷനുകൾ ഡിജിറ്റലൈസ് ചെയ്യാൻ രണ്ടുവർഷത്തെ സമയപരിധിയും നൽകിയിട്ടുണ്ട്.

ഇത് ആദ്യമായല്ല ആർക്കും മനസ്സിലാകാത്ത രീതിയിൽ ഡോക്ടർ കുറിപ്പടി എഴുതുന്നതിനെതിരെ പരാതികൾ ഉയരുന്നത്. രോഗികളെ സുഖപ്പെടുത്താനും അവരെ ആശ്വസിപ്പിക്കാനും ഡോക്ടർമാർക്കാകും. പക്ഷേ അവരുടെ കൈയക്ഷരം ആരോഗ്യരംഗത്തും അതുപോലെ നിയമപരമായ കാര്യങ്ങളിലും ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ലെന്നാണ് ഇതിന് ഇരയായവരുള്‍പ്പെടെ വിമർശനം ഉന്നയിക്കുന്നത്. കെമിസ്റ്റുകൾക്കോ എന്തിന് ഒപ്പമുള്ള മറ്റ് ഡോ്ക്ടർമാർക്കോ അവരുടെ സഹപ്രവർത്തകരായ ഡോക്ടർമാരുടെ എഴുത്ത് വായിക്കാൻ വിയർക്കേണ്ടി വരാറുണ്ട്. മോശമായ കൈയക്ഷരം മൂലം മരുന്നു മാറിപോകാം, മരുന്നിന്റെ അളവിൽ പിശക് പറ്റാം, നിയമസംബന്ധമായ കേസുകൾ നീണ്ടുപോകാം. ചില ഘട്ടങ്ങളിൽ രോഗികളുടെ മരണത്തിനു പോലും ഇടയാക്കാമെന്ന് മുതിർന്ന ഡോക്ടർമാർ തന്നെ ചൂണ്ടിക്കാട്ടുന്നു. ഇത്രയും മോശമായ കൈയക്ഷരമുള്ള ഡോക്ടർമാരുടെ പരീക്ഷ പേപ്പറുകൾ നോക്കിയവർ എങ്ങനെ ഇവരെ പാസാക്കി വിട്ടു തുടങ്ങിയ ചോദ്യങ്ങൾ വരെ തങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ചില ഡോക്ടർമാർ പറയുന്നു.

ഒന്നിന് പുറകെ ഒന്നെന്ന നിലയിൽ ഡോക്ടർമാരുടെ കുറുപ്പടികളിലെ പ്രശ്‌നങ്ങൾ വാർത്തയാകാറുണ്ട്. . 2014ലാണ് ഡോക്ടർമാരുടെ കുറിപ്പടികളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഈ സാഹചര്യത്തിൽ മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യ ഡോക്ടർമാരോട് ക്യാപിറ്റല്‍ ലെറ്ററില്‍ കുറിപ്പടികൾ എഴുതണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ ഭൂരിഭാഗം ഡോക്ടർമാരും ഇത് പാലിക്കപ്പെടാറില്ലെന്ന് ഡോക്ടർമാർ തന്നെ സാക്ഷ്യപ്പെടുത്തുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. രോഗികളുടെ എണ്ണ കൂടുതലും നീണ്ട ജോലി സമയവുമാണ് ഡോക്ടർമാരുടെ കുറിപ്പടികൾ മോശമാകാൻ കാരണമെന്നാണ് പറയപ്പെടുന്നത്.

കുറിപ്പടികളുമായി ബന്ധപ്പെട്ട് അസമിലെ ടിൻസുകായ് മെഡിക്കൽ കോളജ് അസിസ്റ്റന്റ് പ്രൊഫസറായ ഗോപിൽ താപ്പ ചൂണ്ടിക്കാട്ടുന്നത് ഇതാണ്: ഡോക്ടർമാരുടെ കുറിപ്പടികളിലെ കൈയക്ഷരം മോശമാകാനുള്ള ആദ്യത്തെ കാരണം പഠിക്കുന്ന കാലത്ത് മെഡിക്കൽ വിദ്യാർഥികൾ നേരിടുന്ന സമ്മർദമാണ് അദ്ദേഹം പറയുന്നു. ഇത്ര സമയത്തിനുള്ള കാര്യങ്ങൾ ചെയ്യണമെന്ന ഡെഡ്‌ലൈൻ ലഭിക്കുമ്പോൾ അത് എഴുത്തിനെയും വ്യക്തയെയും ബാധിക്കുമത്രെ. രണ്ടാമത്തേത് ഗവ. ആശുപത്രികളിൽ കാണപ്പെടുന്ന രോഗികളുടെ തിരക്കാണ്. ഒരു ഷിഫ്റ്റിൽ നൂറോളം രോഗികളെ പരിശോധിക്കേണ്ടി വരുമ്പോൾ കുറിപ്പടിയിലെ എഴുത്തും മോശമാകും. ഫാർമസിസ്റ്റുകൾക്ക് സാധാരണയായി കുറിക്കുന്ന മരുന്നുകൾ അറിയാമല്ലോ എന്ന ധാരണയിലാണ് ഡോക്ടർമാർ ഇത്രയും അലസമായ തരത്തില്‍ കുറിപ്പടി എഴുതുന്നതെന്നും ഡോ ഗോപിൽ താപ്പ പറയുന്നു.

ഈ പ്രശ്‌നം പരിഹരിക്കാൻ ചില വഴികളും ഡോക്ടർമാര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. പ്രിന്റഡ് പ്രിസ്‌ക്രിപ്ഷൻസ് നൽകുക എന്നുള്ളതാണെന്ന് മികച്ച രീതിയെന്നാണ് അവരുടെ പക്ഷം. പല ആശുപത്രികളും ഈ രീതിയിലേക്ക് മാറിയിട്ടുണ്ട്. മറ്റൊരു പരിഹാരം മെഡിസിനുകളുടെ പേര് ഇംഗ്ലീഷ് ക്യാപ്റ്റൽ ലെറ്റർ ഫോർമാറ്റിൽ എഴുതാം എന്നതാണ്. മറ്റൊന്ന് സ്‌ക്രൈബുകളെ നിയമിക്കുക എന്ന ഓപ്ഷനാണ്. ഡോക്ടർമാർ രോഗികളെ പരിശോധിക്കുമ്പോൾ സ്‌ക്രൈബിന് കുറിപ്പടിയെഴുതാം. ഇതിനെല്ലാം പുറമേ മീറ്റ് ഓഗസ്റ്റ്AI, പ്രിസ്‌ക്രിപ്ഷൻ റീഡർ എന്നിങ്ങനെ കമ്പനികൾ ഡോക്ടർമാരുടെ പ്രിസ്‌ക്രിപ്ഷൻ മനസിലാക്കാൻ സഹായിക്കുന്നു എഐ ടൂളുകള്‍ കണ്ടുപിടിച്ചിട്ടുണ്ട്. കൂടാതെ ഗൂഗിളും ഇതിന് സമാനമായ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നുണ്ട്. പക്ഷേ സംശയങ്ങൾ ഉയർന്നാൽ എഴുതിയ ഡോക്ടറെ തന്നെ സമീപിക്കുന്നതാവും ഉചിതമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നു.Content Highlights: Let's find out the solution for doctor's bad handwriting and illegible prescription

To advertise here,contact us