വീരമൃത്യുവരിച്ച സഹോദരന് പകരം ചേർത്ത് പിടിച്ച് സഹപ്രവർത്തകരായ സൈനികര്‍; വിവാഹവേദിയിൽ മനംനിറഞ്ഞ് ആരാധന!

ഹിമാചല്‍ പ്രദേശിലെ സിര്‍മൗര്‍ ജില്ലയിലെ ഭര്‍ലി ഗ്രാമനിവാസികളാണ് ആശിഷും കുടുബവും

പുത്തന്‍ പ്രതീക്ഷകളുമായി വിവാഹ വേദിയിലെത്തുന്ന ഒരു പെൺകുട്ടിക്ക് എല്ലാ കാര്യങ്ങളും ഓടി നടന്ന് ചെയ്യുന്ന സഹോദരൻ ഒപ്പമുണ്ടാകുന്നത് എത്രമാത്രം ആശ്വാസകരമായിരിക്കും. എന്നാൽ തനിക്കൊപ്പം കളിച്ച് വളര്‍ന്ന സ്വന്തം സഹോദരന്‍ അകാലത്തിൽ മരിച്ച് പോയതിന് പിന്നാലെയാണ് പുതിയ ജീവിതത്തിലേക്ക് ഒരു പെൺകുട്ടിക്ക് കാലെടുത്ത് വയ്‌ക്കേണ്ടി വരുന്നതെങ്കിലോ? സഹോദരിയുടെ വിവാഹം ഗംഭീരമാക്കാന്‍ കാത്തിരുന്ന ഒരു സഹോദരനെയാണ് നഷ്ടപ്പെടുന്നതെങ്കിലോ? ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ചിരിച്ച മുഖവുമായി നില്‍ക്കേണ്ടി വരുന്നതിനെക്കാള്‍ വേദന മറ്റെന്താവും...?

ഈ സാഹചര്യത്തിലൂടെ കടന്നുപോയ ആരാധനയും അവരുടെ വിവാഹവുമാണ് ഇപ്പോള്‍ രാജ്യമാകെ നെഞ്ചിലേറ്റിയിരിക്കുന്നത്. രാജ്യത്തിനായി വീരമൃത്യുവരിച്ച ആശിഷ് കുമാര്‍ എന്ന സൈനികന്റെ സഹോദരിയാണ് ആരാധന. ആശിഷിന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്ന ആരാധനയുടെ വിവാഹം. ഹിമാചല്‍ പ്രദേശിലെ സിര്‍മൗര്‍ ജില്ലയിലെ ഭര്‍ലി ഗ്രാമനിവാസികളാണ് ആശിഷും കുടുബവും. കഴിഞ്ഞവര്‍ഷമാണ് അരുണാചലില്‍ വച്ച് ആശിഷ് വീരമൃത്യുവരിച്ചത്. ആശിഷിന്റെ ആഗ്രഹത്തെ കുറിച്ച് അറിയാമായിരുന്ന സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ സ്ഥാനത്ത് നിന്ന് ആരാധനയുടെ വിവാഹം ഗംഭീരമായി നടത്തിക്കൊടുത്തു. ആരാധനയുടെ വിവാഹത്തിന്റെ ചിത്രങ്ങളടക്കം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

കല്യാണ ദിവസം പട്ടാള ഉദ്യാഗസ്ഥര്‍ അവരുടെ യൂണിഫോമില്‍ തന്നെ കൂട്ടമായി ആശിഷിന്റെ വീട്ടിലെത്തി. വിവാഹ മണ്ഡപത്തിലേക്ക് വധുവിനെ ആനയിക്കാന്‍ അവര്‍ അണിനിരന്നു. ആ കാഴ്ച കണ്ണിനെ ഈറനണിയിക്കുന്നതായിരുന്നെങ്കിലും അഭിമാനം വാനോളം ഉയര്‍ത്തുന്നതായിരുന്നു. ആശിഷിന്റെ കുടുംബത്തിനുള്‍പ്പെടെ പട്ടാളക്കാര്‍ എത്തുമെന്ന കാര്യത്തില്‍ ഒരു വിവരവും ഉണ്ടായിരുന്നില്ല. വിവാഹസമ്മാനമായി ആരാധനയ്ക്ക് അവര്‍ നല്‍കിയത് സ്ഥിര നിക്ഷേപത്തിന്റെ രേഖയായിരുന്നു. തീര്‍ന്നില്ല ആശിഷിന്റെ സ്ഥാനത്ത് നിന്ന് എല്ലാ ചടങ്ങുകളും പൂര്‍ത്തായിക്കായാണ് സഹപ്രവർത്തകർ മടങ്ങിയത്.Content Highlights: Indian soldiers fullfil late brother's role at Bride's wedding

To advertise here,contact us