കരൂരിൽ പൊലീസിന് പിഴച്ചോ! അപകട സാധ്യത കൺമുന്നിലെത്തിയിട്ടും തടഞ്ഞില്ല? വിമർശനം ശക്തം

കൺമുന്നിൽ കൂടി നിരവധി തവണ അപകടസാധ്യതകൾ കടന്നുപോയിട്ടും പൊലീസോ ടിവികെ പാർട്ടി നേതാക്കളോ ജനങ്ങളുടെ ജീവന് വിലകൽപ്പിച്ചില്ലെന്നാണ് ദേശീയ മാധ്യമങ്ങളടക്കം വിമർശിക്കുന്നത്

കരൂരിലെ നടനും രാഷ്ട്രീയ നേതാവുമായ വിജയ് പങ്കെടുത്ത റാലിയ്ക്കിടെയുണ്ടായ ദുരന്തത്തിന് കാരണം തമിഴ്‌നാട് പൊലീസിന്റെ കഴിവില്ലായ്മയാണെന്ന വിമർശനം ശക്തമാവുകയാണ്. പൊതുവായി ഉയരുന്ന ഈ വിമർശനത്തെ പിന്തുണയ്ക്കുന്ന രീതിയിലാണ് തമിഴ്‌നാട്ടിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ അഭിപ്രായം പങ്കുവെക്കുന്നത്. ആളുകളുടെ എണ്ണം അധികരിച്ചപ്പോൾ തന്നെ മുൻകൂട്ടി അപകടം ഉണ്ടാവുമെന്ന് മനസിലാക്കാൻ പൊലീസിന് കഴിഞ്ഞിരുന്നു എന്നത് വ്യക്തമാണ്. എന്നാൽ ഇത് ഒഴിവാക്കാനുള്ള നടപടികൾ ഇവരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നതാണ് പ്രധാനമായും വിമർശകർ ചൂണ്ടിക്കാട്ടുന്നത്.

ജനാവലി ഒഴുകിയെത്തുന്ന സാഹചര്യം കണക്കിലെടുത്ത് വേലുസ്വാമിപുരത്തെ റാലി റദ്ദാക്കാൻ പൊലീസിന് നിർദേശിക്കാമായിരുന്നു എന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. മാത്രമല്ല വിജയ് മുന്നേ നടത്തിയ റാലികളുടെ സ്വഭാവം പരിശോധിച്ച് വേണമായിരുന്നു അനുമതി നൽകാനെന്നും പൊലീസിനെതിരെ വിമർശനമുണ്ട്. സംഘാടകർ പൊലീസിന് റാലിയുടെ രീതികളെ കുറിച്ചും പരിപാടികളെ കുറിച്ചും വ്യക്തമായ വിവരം നൽകിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നിട്ടും അനുമതി നൽകിയതെന്തിന് എന്ന ചോദ്യത്തിന് പ്രസക്തിയേറെയാണെന്ന് നിരവധി പേര്‍ അഭിപ്രായപ്പെടുന്നു.

ക്രമസമാധാനം സംരക്ഷിക്കാൻ അധികാരമുള്ള പൊലീസിന് അപകടം മണത്താൽ അത് സംഘാടകരെ അറിയിക്കാമായിരുന്നു. വിജയ് വേദിയിലെത്തിയപ്പോഴെങ്കിലും അവർക്കത് ചെയ്യാമായിരുന്നു. നാമക്കലിലും ട്രിച്ചിയിലും പ്രതീക്ഷിച്ചതിലും വലിയ ജനസാഗരമാണ് ഉണ്ടായത്. പക്ഷേ ഭാഗ്യവശാൽ അന്ന് അപകടങ്ങളൊന്നും സംഭവിച്ചില്ല. എന്നാൽ പൊലീസിനെതിരെ വിരൽചൂണ്ടുമ്പോഴും അപകട ഘട്ടങ്ങളിൽ രക്ഷയ്‌ക്കെത്തുന്ന ആംബുലൻസിലെ ഡ്രൈവർമാരെ കയ്യേറ്റം ചെയ്യുന്ന രീതികൾ പാർട്ടി അംഗങ്ങളിൽ നിന്നുണ്ടായി എന്നതും എടുത്തുപറയണം. ഇതിലൊരു ആംബുലൻസ് ഡ്രൈവറുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് എടുത്തിരുന്നു.

ആംബുലൻസിൽ നിന്നും പിടിച്ചിറക്കിയാണ് ടിവികെ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ ആക്രമിച്ചത്. റാലിക്കെത്തിയവരെ ബുദ്ധിമുട്ടിക്കാൻ ഒഴിഞ്ഞ ആംബുലൻസുമായി പോകുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മേളനത്തിനിടെ പ്രശ്‌നം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി ആരോപിച്ചിരുന്നു. ഇതേ ആരോപണം ടിവികെയും ആവര്‍ത്തിച്ചിരുന്നു.

തിരുവാരൂരിൽ വിജയ് നടത്തിയ റാലിയിലടക്കം വൻജനാവലിയാണ് എത്തിയത്. അന്ന് തിക്കിലും തിരക്കിലും പെട്ട് ആളുകൾക്ക് അനങ്ങാൻ ഇടമില്ലാതെ വന്നപ്പോൾ ഒരു സർക്കാർ ഓഫീസിന്റെ ഗേറ്റ് തുറന്ന് കൊടുത്താണ് ആളുകളെ രക്ഷിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അങ്ങനെ കൺമുന്നിൽ കൂടി നിരവധി തവണ അപകടസാധ്യതകൾ കടന്നുപോയിട്ടും പൊലീസോ ടിവികെ പാർട്ടി നേതാക്കളോ ജനങ്ങളുടെ ജീവന് വിലകൽപ്പിച്ചില്ലെന്നാണ് ദേശീയ മാധ്യമങ്ങളടക്കം വിമർശിക്കുന്നത്.

Content Highlights: Does policing failed at karur stampede

To advertise here,contact us