4 മിനിറ്റ് വീഡിയോകോൾ, ചോദ്യവുമില്ല ഉത്തരവുമില്ല, ഒറ്റകാര്യം മാത്രം 'നിങ്ങളുടെ പണി പോയി'; വൈറലായി പോസ്റ്റ്

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്

അമേരിക്കയില്‍ ഡോണാള്‍ഡ് ട്രംപ് കൊണ്ടു വന്ന പലതരം നയങ്ങളുടെ ഭാഗമായി നിരവധി ഇന്ത്യന്‍ പൗരന്മാരുടെ ജോലി നഷ്ടപ്പെടുന്നത് വാര്‍ത്തകളിലൂടെയും മറ്റും നമ്മള്‍ കാണുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ജോലി നഷ്ടപ്പെട്ട ഒരു യുവാവിന്റെ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റെഡ്ഡിറ്റിലൂടെയാണ് ഇന്ത്യന്‍ ജീവനക്കാരന്‍ തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. വെറും നാലുമിനിറ്റുള്ള ഒരു വെര്‍ച്വല്‍ മീറ്റിംഗിലൂടെയാണ് തന്നെ പിരിച്ചു വിട്ടതെന്നാണ് യുവാവ് പറയുന്നത്.

'ഒരു സാധാരണ പ്രവര്‍ത്തി ദിവസമായിരുന്നു. രാവിലെ 9 മണിക്ക് ലോഗിന്‍ ചെയ്തപ്പോള്‍ 11 മണിക്ക് സിഒഒ (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍) യുമായി ഒരു മീറ്റിംഗ് ഉണ്ടെന്ന് മെയില്‍ വന്നു. വിര്‍ച്വല്‍ മിറ്റീംഗ് ആരംഭിച്ചപ്പോള്‍ അയാള്‍ എല്ലാ ക്യാമറകളും മൈക്രോഫോണും ഓഫാക്കി. അതിനു ശേഷം ഇന്ത്യന്‍ ജീവനക്കാരെയെല്ലാം പിരിച്ചു വിടുകയാണെന്ന് പ്രഖ്യാപിച്ചു. പിന്നീട് ഒരു ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ നില്‍ക്കാതെ അയാള്‍ കോള്‍ അവസാനിപ്പിച്ച് പോയി'- പോസ്റ്റില്‍ പറയുന്നു. പിരിച്ചുവിട്ടവര്‍ക്കുള്ള മെയില്‍ പിന്നീട് വരുമെന്നും അറിയിച്ചാണ് അയാള്‍ കോള്‍ അവസാനിപ്പിച്ചത്. ഒക്ടോബറിലെ മുഴുവന്‍ ശമ്പളവും മാസാവസാനം നല്‍കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്തതെന്ന് മറ്റ് ജീവനക്കാരും പ്രതികരിച്ചിട്ടുണ്ട്.

നിരവധിപ്പേരാണ് ഈ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. അതില്‍ പലരും ജോലി നഷ്ടമായവര്‍ക്ക് കമന്റിലൂടെ ജോലി വാഗ്ദാനം ചെയ്യുന്നതും പോസ്റ്റില്‍ കാണാന്‍ സാധിക്കും. അടുത്ത മികച്ച ഒരു സ്റ്റെപ്പിലേക്ക് കയറാന്‍ ഇത് ഒരു അനുഭവ പാഠമാക്കുക എന്നതാണ് മറ്റൊരു വിഭാഗം ആളുകളുടെ കമന്‍റ്.

Content Highlights: US Company Fires Indian Employees Over 4-Minute Zoom Call

To advertise here,contact us