
യാത്ര ചെയ്യുന്നത് ട്രെയിനിലാണെങ്കിലും ബസിലാണെങ്കിലും ഫ്ളൈറ്റിലാണെങ്കിലും അടിസ്ഥാനപരമായി എല്ലാവരും ആഗ്രഹിക്കുന്നത് വൃത്തിയാണ് . പലപ്പോഴും വലിയ വില കൊടുത്ത് ടിക്കറ്റും ബുക്കും ചെയ്ത് വൃത്തിഹീനമായി യാത്ര ചെയ്യേണ്ടി വന്ന സാഹചര്യങ്ങളെ കുറിച്ച് പലരും സോഷ്യല് മീഡിയയിലും മറ്റും പങ്കുവച്ച് നമ്മള് കണ്ടിട്ടുണ്ട്. എന്നാല് ന്യായമായ ടിക്കറ്റ് വിലയില് ആഡംബരമായ രീതിയില് ട്രെയിനില് യാത്ര നടത്തിയ ഒരാളുടെ ആനുഭവമാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്.
ഇന്ത്യയിലെ ഏറ്റവും പ്രീമിയം ട്രെയിനായ മുംബൈ-ഡല്ഹി തേജസ് രാജധാനി എക്സ്പ്രസിലെ തന്റെ യാത്രയെക്കുറിച്ച് ഒരാള് പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള് സോഷ്യല് മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തേജസ് രാജധാനി എക്സ്പ്രസിലെ തന്റെ ഫസ്റ്റ് ക്ലാസ് യാത്രയെ പരിചയപ്പെടുത്തികൊണ്ടാണ് യുവാവ് വീഡിയോ ആരംഭിക്കുന്നത്. മുംബൈ മുതല് ഡല്ഹി വരെ 5500 രൂപ മാത്രമാണ് ചിലവായതെന്നും വീഡിയോയില് പറയുന്നു.
ക്ലീന് ഷീറ്റുകള്, തലയിണകള്, പത്രം തുടങ്ങിയവയെല്ലാം നമുക്ക് ഈ ട്രെയിനില് ലഭിക്കും. കയറിവരുമ്പോള് ഒരു മാംഗോ ജ്യൂസോടു കൂടിയാണ് യാത്രക്കാരെ സ്വാഗതം ചെയ്യുന്നത്. തുടര്ന്ന ചായ, ലഘുഭക്ഷണം തുടങ്ങിയവയൊക്കെ നല്കിയാണ് സ്വീകരണം.
യാത്ര പുരോഗമിക്കുമ്പോള് വാട്ടര് ഹീറ്റര്, ഹാന്ഡ് ഷവര്, ടവല് എന്നിവ സജ്ജീകരിച്ച ട്രെയിനിലെ ബാത്ത് റൂമില് ഈ യാത്രികന് കുളിക്കുന്നതും വീഡിയോയില് കാണാം. ട്രെയിന് സൂറത്തും വഡോദരയും കടന്നു പോയപ്പോഴേക്കും അത്താഴ സമയമായി, അപ്പോള് പനീര്, പരിപ്പ്, പച്ചക്കറികള്, റൊട്ടി, ചോറ്, സാലഡ്, പിന്നീട് ഐസ്ക്രീം തുടങ്ങിയവയെല്ലാം ഉള്പ്പെട്ട ഒരു ഡിന്നറും കഴിക്കുന്നത് കാണാന് സാധിക്കും.
നേരം വെളുത്തപ്പോള് ട്രെയിന് മഥുരയിലെത്തി. ആ സമയം ബ്രേക്ക്ഫാസ്റ്റ് വിളമ്പുന്നതും വീഡിയോയില് കാണാം. ഒരു കപ്പ് ചായ, പോഹ, ഉപ്പുമ, കട്ലറ്റ്, വാഴപ്പഴം, തുടങ്ങി നിരവധി വിഭവങ്ങളുള്ള പ്രഭാതഭക്ഷണമാണ് ലഭിക്കുന്നത്. സെപ്റ്റംബര് 28 ന് പങ്കുവെച്ച വീഡിയോ 5 ലക്ഷത്തിലധികം ആളുകള് ഇതിനകം കണ്ടു കഴിഞ്ഞു.
Content Highlights: Rajadhani express passanger shares honest review