ഇന്ത്യയുടെ സിലിക്കൺ വാലിയാണ് ബെംഗളൂരു. നിരവധി പേരാണ് ടെക്ക് നഗരമായ ബെംഗളൂരുവിൽ ജോലിക്കായും മറ്റും എത്തുന്നത്. അവരിൽ പല പ്രായക്കാരുണ്ടാകാം, പല ദേശക്കാരുണ്ടാകാം. ഇത്തരത്തിൽ വരുന്നവർക്ക് ഒരു താമസസ്ഥലം ലഭിക്കുക എന്നുപറയുന്നത് തന്നെ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അങ്ങനെ ലഭിച്ചാൽ തന്നെ ഭീമമായ തുക വാടകയും നൽകേണ്ടിവരും, സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകേണ്ടിവരും.
ഇത്തരത്തിൽ സെക്യൂരിറ്റ് ഡെപ്പോസിറ്റ് നൽകി, ഫ്ലാറ്റ് ഒഴിയുന്ന സമയത്ത് അത് തിരിച്ചുനൽകാൻ ഉടമ വിസമ്മതിച്ചതിന്റെയും, വാടകക്കാരൻ അത് തിരിച്ചുപിടിച്ചതിന്റെയും അനുഭവമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
റെഡിറ്റിലാണ് ഈ അനുഭവം പങ്കുവെക്കപ്പെട്ടിരിക്കുന്നത്. കൊവിഡ് സമയത്താണ് അനുഭവം പങ്കുവെച്ച വ്യക്തി, ബെംഗളുരുവിലെ കണ്ണായ സ്ഥലത്തിലെ ഫ്ലാറ്റിലേക്ക് താമസം മാറുന്നത്. 3.5 ബിഎച്ച്കെ ഫ്ളാറ്റിന് 55000 രൂപയായിരുന്നു വാടക. എന്നാൽ ജോലിക്കായി ആളുകൾ ഓഫിസിലേക്ക് വരാൻ തുടങ്ങിയതോടെ ഉടമ വാടക 78000 ആയി ഉയർത്തി. തനിക്ക് സമ്മതമില്ലായിരുന്നുവെങ്കിലും ഈ വാടകനിരക്ക് ആ പ്രദേശത്ത് മറ്റുള്ളവർ വാങ്ങുന്നതിനാൽ ആ വ്യക്തി അത്രയും നിരക്ക് നൽകാൻ തന്നെ തീരുമാനിച്ചു.
ഇതിനിടെ വ്യക്തി ഫ്ലാറ്റ് ഒഴിയാൻ തീരുമാനിച്ചു. കരാർ പ്രകാരമുള്ള 45 ദിവസത്തെ നോട്ടീസും നൽകി. പിന്നെയാണ് ഉടമയുടെ യഥാർത്ഥ സ്വഭാവം വെളിപ്പെട്ടത്. ഒഴിയുന്നതിനും ഒരാഴ്ച മുൻപ് എപ്പോഴാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചുതരിക എന്ന് വ്യക്തി ചോദിച്ചപ്പോൾ 40000 രൂപ പെയിന്റിങ്ങിനും 7000 രൂപ വാഷ്റൂം വൃത്തിയാക്കാനും എടുക്കും എന്നും അദ്ദേഹം പറഞ്ഞു. വ്യക്തി അത് സമ്മതിച്ചു.
ദിവസങ്ങൾക്ക് ശേഷം ഒരു പ്ലംബറെ കൊണ്ടുവന്ന ഉടമ മറ്റ് കേടുപാടുകൾ ഉണ്ടെന്ന് പറഞ്ഞ് 38000 രൂപ കൂടി എടുക്കുമെന്ന് പറഞ്ഞു. ഇതോടെ വ്യക്തിക്ക് കാര്യങ്ങൾ മനസിലായിത്തുടങ്ങി. അടുത്ത ദിവസം ഒരു ഇലക്ട്രീഷ്യനെ കൊണ്ടുവന്ന ശേഷം കേടുപാടുകൾ പറഞ്ഞ് 56000 രൂപ കൂടി ഈടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകാൻ ഉടമയ്ക്ക് മനസില്ല എന്ന് വ്യക്തിക്ക് മനസിലായി. ഫ്ലാറ്റ് ഒഴിഞ്ഞ ശേഷവും 77000 രൂപ ഈടാക്കുമെന്ന് ഫ്ലാറ്റ് ഉടമ പറഞ്ഞു.
ഇതോടെ തനിക്ക് വാശി കയറി എന്നും എങ്ങനെയെങ്കിലും ആ ഡെപ്പോസിറ്റ് തിരികെ വാങ്ങണം എന്നതായി തന്റെ ലക്ഷ്യം എന്നും വ്യക്തി കുറിക്കുന്നു. ഉടമയെക്കുറിച്ച് അയാൾ നന്നായി പഠിച്ചു. അയാൾ സൈനികനാണെന്ന് ഈ വ്യക്തിക്ക് അറിയാമായിരുന്നു. എവിടെയാണ് ജോലി ചെയ്തത്, എന്നതെല്ലാം മനസിലാക്കി ബന്ധപ്പെട്ട അധികാരികൾക്ക് ഈ വ്യക്തി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മെയിൽ അയച്ചു. ഇതോടെയാണ് ഉടമ മയപ്പെട്ടത്. പിന്നാലെ വ്യക്തിയെ ബന്ധപ്പെട്ട ഉടമ എന്തിനാണ് പ്രശ്ങ്ങൾ ഉണ്ടാക്കുന്നതെന്നും പണം മുഴുവനായും തിരികെ നൽകാമെന്നും പറഞ്ഞു. ദിവസങ്ങൾക്കുള്ളിൽ തന്നെ മുഴുവൻ പണവും തിരികെ ലഭിക്കുകയും ചെയ്തു.
വ്യക്തിയുടെ ഈ പോസ്റ്റിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മെട്രോ നഗരങ്ങളിലെ കെട്ടിട ഉടമകൾ എങ്ങനെയാണ് ചൂഷണം നടത്തുന്നത് എന്നതിനെ സംബന്ധിച്ച് ഈ എഴുത്ത് തുറന്നുകാട്ടുന്നുണ്ട്. നിരവധി പേർ പണം തിരികെ ലഭിച്ച വ്യക്തിയുടെ പോരാട്ടത്തെ അഭിനന്ദിച്ച് രംഗത്തുവരുന്നുണ്ട്.
Content Highlights: man describes his battle for reviving 2.6 lakh security deposit at bengaluru