ലോകത്തെ ധനാഢ്യരുടെ കേന്ദ്രമാണ് ഇന്ന് ദുബായ്. ലോകത്തിന്റെ ആഡംബര തലസ്ഥാനം. 2021ലെ ഫോര്ബ്സിന്റെ ലേഖനങ്ങള് പ്രകാരം യുഎഇയില് 11 ശതകോടീശ്വരന്മാരാണ് താമസിക്കുന്നത്. എന്നാല് ആരാണ് യുഎഇയിലെ ഏറ്റവും വലിയ കോടീശ്വരന് എന്ന് അറിയാമോ? അയാള് ഒരു എമിറാത്തി എണ്ണവ്യാപാരിയോ,ഷെയ്ഖോ, രാജകുമാരനോ ഒന്നുമല്ല. റഷ്യയില് ജനിച്ച ടെക് ഭീമനാണറപവെല് ദുറോവ്.
ഫോര്ബ്സ് റിപ്പോര്ട്ട് പ്രകാരം ലോകത്തെ അതിസമ്പന്നന്മാരില് 139-ാം സ്ഥാനത്താണ് പവെല്.17.1 ബില്യണ് ഡോളര് ആസ്തിയാണ് ഇയാള്ക്കുള്ളതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ട് ചെയ്യുന്നു.
1984ല് ജനിച്ച പവെല് സെന്റ് പീറ്റേഴ്സ്ബര്ഗ് സര്വകലാശാലയിലാണ് പഠിച്ചത്. 22 വയസ്സുള്ളപ്പോള് റഷ്യയിലെ ഏറ്റവും വലിയ സോഷ്യല് നെറ്റ്വര്ക്ക് ആയ VKontakte ആരംഭിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില് 100 മില്യണ് ഉപയോക്താക്കളുള്ള ഒരു വലിയ ശൃംഖലയായി അത് വളര്ന്നു. റഷ്യന് ഫെയ്സ്ബുക്ക് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. സ്വാഭാവികമായും പവെല് റഷ്യയിലെ സക്കര്ബര്ഗ് എന്നും അറിയപ്പെട്ടു. വളരെ വേഗത്തില് ഉയര്ച്ചയുടെ പടവുകള് താണ്ടിയ പവെലിനോട് മോസ്കോയുടെ രഹസ്യ സേവനങ്ങളുമായി സഹകരിക്കണമെന്ന് റഷ്യന് സര്ക്കാര് ആവശ്യപ്പെട്ടു. ഉപയോക്താക്കളുടെ ഡേറ്റ അടക്കം കൈമാറാന് ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യത്തില് റഷ്യന് സര്ക്കാരുമായി ഇടഞ്ഞ പവെല് റഷ്യ വിട്ട് ദുബായിലേക്ക് ചേക്കേറി.
2013ലാണ് പവെല് ടെലഗ്രാം ലോഞ്ച് ചെയ്യുന്നത്. ഇത് വൈകാതെ തന്നെ വാട്സ്ആപ്പിനും മെസഞ്ചറിനും ഒരു വെല്ലുവിളിയായി മാറുകയും ചെയ്തു. ശക്തമായ സുരക്ഷാസംവിധാനങ്ങളും സ്വകാര്യതയും ഉറപ്പുനല്കുന്ന ആപ്പാണ് ടെലഗ്രാം. ഇതോടെ പവെല് വീണ്ടും ശക്തനായി മാറി. നിലവില് ലോകത്ത് ഒരു മാസം 1 ബില്യണ് ആളുകള് ഇത് ഉപയോഗിക്കുന്നതായാണ് കണക്കുകള് സൂചിപ്പിക്കുന്നത്. മറ്റ് ടെക് ഭീമന്മാരെ അപേക്ഷിച്ച് ടെലഗ്രാം പവെലിന്റെ ഉടമസ്ഥതയിലുള്ളതാണ്. ടെലഗ്രാമാണ് പവെലിന്റെ പ്രധാന വരുമാന സ്രോതസ്സും.
2017ലാണ് ഇദ്ദേഹം ദുബായില് സ്ഥിരതാമസമാക്കുന്നത്. യുഎഇയുടെ നികുതി ഇളവുകളിലും കോസ്മോപൊളിറ്റന് ജീവിതശൈലിയുമായിരുന്നു അദ്ദേഹത്തെ അങ്ങോട്ടേക്ക് ആകര്ഷിച്ചത്. പിന്നീട് യുഎഇ പൗരത്വം സ്വീകരിച്ചു. ഇന്ന് 15,000 സ്ക്വയര്ഫീറ്റ് അടിയുള്ള ഒരു വലിയ ബംഗ്ലാവിലാണ് പവെല് താമസിക്കുന്നത്. 2021ല് ഫ്രഞ്ച് പൗരത്വം അദ്ദേഹം സ്വീകരിച്ചു. സെന്റ് കിറ്റ്സ് ആന്ഡ് നെവിസിലും അദ്ദേഹത്തിന് പൗരത്വമുണ്ടെന്ന് പറയപ്പെടുന്നു.
വ്യക്തിജീവിതത്തിലും നിരവധി വിവാദങ്ങള് പവെലിനെ ചുറ്റിപ്പറ്റി ഉയര്ന്നിരുന്നു. രണ്ട് പൂര്വ കാമുകിമാരിലായി ഇയാള്ക്ക് അഞ്ച് കുട്ടികളുണ്ട്. കുട്ടികളില്ലാത്ത ദമ്പതികള്ക്കായി ബീജദാനം നടത്തിയിട്ടുള്ള വ്യക്തിയാണ് പവെല്, ഇതിന്റെ പേരില് നിരവധി വിവാദങ്ങളില് ഇദ്ദേഹം അകപ്പെടുകയും ചെയ്തിരുന്നു. 12 രാജ്യങ്ങളിലായി നൂറിലേറെ കുട്ടികള് തനിക്കുണ്ടെന്ന് പവെല് തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്.
രണ്ടുദിവസങ്ങള്ക്ക് മുന്പാണ് പവെല് വീണ്ടും വാര്ത്തകളില് നിറഞ്ഞത്. ഫ്രഞ്ച് ഇന്റലിജെന്സിനെതിരെ പവെല് ആരോപണം ഉയര്ത്തിയിരുന്നു. മോള്ഡോവയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് ചില ടെലഗ്രാം ചാനലുകള് സെന്സര് ചെയ്യണമെന്ന് മധ്യസ്ഥര് വഴി ഇന്റലിജന്സ് സര്വീസ് ആവശ്യപ്പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പകരം ഫ്രഞ്ച് കോടതിയിലുള്ള ഒരു കേസ് പവെലിന് അനുകൂലമാക്കാം എന്നായിരുന്നു അവരുടെ വാഗ്ദാനമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. പ്രായപൂര്ത്തിയാകാത്തവര്ക്കെതിരായ അതിക്രമങ്ങള് തടയുന്ന ഏജന്സിയാണ് പവെലിനെതിരെ ആരോപണവുമായി രംഗത്തെത്തുന്നതും പിന്നീട് 2024 ഓഗസ്റ്റില് പാരീസ് വിമാനത്താവളത്തില് വച്ച് ഇയാള് അറസ്റ്റിലാകുന്നതും. ഈ കേസില് പവെലിന് അനുകൂല നിലപാട് എടുക്കാമെന്ന വാഗ്ദാനം ഫ്രഞ്ച് അധികൃതര് നല്കിയതായാണ് ഇപ്പോള് പവെല് അവകാശപ്പെടുന്നത്.
നിരവധി വിവാദങ്ങള് പവെലിനെ ചുറ്റിപ്പറ്റിയുണ്ടെങ്കിലും ടെക് ലോകത്ത് അനിഷേധ്യ സ്ഥാനമാണ് പവെല് ദുറോവിനുള്ളത്. ഡിജിറ്റല് സ്വകാര്യതയ്ക്കായി എല്ലായ്പ്പോഴും ശബ്ദമുയര്ത്താറുള്ള, വിട്ടുവീഴ്ചകള്ക്ക് തയ്യാറല്ലാത്ത ടെക് മാഗ്നെറ്റ് എന്നാണ് കാലം അയാളെ വിശേഷിപ്പിക്കുന്നതും.
Content Highlights: From Russia to Dubai: Pavel Durov's Journey to Becoming the City's Richest Man