സിനിമകളിലും മറ്റും മഴയത്തും വെയിലത്തുമെല്ലാം കുടയും ചൂടി സ്റ്റൈലിൽ നടന്നുവരുന്ന താരങ്ങളെ കാണിക്കാറില്ലേ.. ഇൻട്രോ സീനാണെങ്കിൽ പറയുകയും വേണ്ട, ആരാധകരുടെ ആരവം നിറയും. പക്ഷേ എപ്പോഴെങ്കിലും താരങ്ങളെ റെയിൽവേ ലൈനിന് സമീപം കുടയും പിടിച്ച് നിൽക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? സത്യത്തിൽ ഇത് അപകടകരമാണെന്ന് പലർക്കും അറിയില്ല. വല്ലപ്പോഴും ലെവൽക്രോസ് കടക്കേണ്ടി വരുമ്പോഴാകും നമ്മൾ റെയിൽവേ ട്രാക്കിനിടുക്കലേക്ക് വരേണ്ടി വരുന്നത്, അല്ലെങ്കിൽ സ്ഥിരം ട്രെയിൻ യാത്ര ചെയ്യുന്നവരാകണം. പക്ഷേ ഇങ്ങനെയുള്ള നിമിഷങ്ങളിൽ കൈയിൽ കുട കരുതുന്നത് അപകടമാണത്രേ.
നിങ്ങൾ റെയിൽവേ ട്രാക്കിലൂടെ നടക്കുമ്പോൾ, ക്രോസ് ചെയ്യുമ്പോൾ, അല്ലെങ്കിൽ അരികിൽ നിൽക്കുമ്പോൾ കുട ഉപയോഗിക്കരുത്. പ്രത്യേകിച്ച് മെറ്റൽ ഫ്രെയിമുള്ള കുട. ഇങ്ങനെ ചെയ്താൽ ഇലക്ട്രിക്ക് ഷോക്ക് അടിക്കും. ചിലപ്പോൾ അത് നിസാരമായിക്കും എന്നാൽ പലപ്പോഴും അത് ഗുരുതരവുമാകാറുണ്ട്. ഇത്തരം അനുഭവം ഉണ്ടായിട്ടുള്ളവർ പറയുന്നത് വീട്ടിൽ ചിലപ്പോഴൊക്കെ ഷോക്ക് ഏൽക്കാറില്ലേ, അതിന് സമാനമാണെന്നാണ്. പക്ഷേ റെയിൽവേ ലൈന് സമീപമാണെങ്കിൽ അതിന്റെ തീവ്രത പതിന്മടങ്ങായിരിക്കും.
ഇലക്ട്രിഫൈഡായിട്ടുള്ള റെയിൽവേ സിസ്റ്റത്തിൽ ട്രെയിനുകൾക്ക് ഓവർഹെഡ് വയറിൽ നിന്നും ലഭിക്കുന്നത് 25000 വോൾട്ടോളം വൈദ്യുതിയാണ്. ഈ കറണ്ട് ഗ്രൗണ്ടിലേക്ക് പ്രത്യേകം രൂപകൽപന ചെയ്ത സിസ്റ്റത്തിലൂടെ വരും. ഇത് യാത്രക്കാരുടെ സുരക്ഷയ്ക്കായാണ്. പക്ഷേ കറണ്ടിന്റെ ഈ സഞ്ചാരത്തിനിടയിൽ ട്രാക്കിന് സമീപമുള്ള ആളുകളുമായോ വസ്തുക്കളുമായോ സമ്പർക്കം ഉണ്ടായേക്കാം. പ്രത്യേകിച്ച് കറണ്ട് കടന്നുപോകുന്ന തരത്തിലുള്ള വസ്തുക്കളാണിവയെങ്കിൽ അപകടമാണ്. കുടയുടെ കമ്പി ഇത്തരത്തിൽ കണ്ടക്ടറായി പ്രവർത്തിക്കാം. കുട ഓവർഹെഡ് കമ്പികളിൽ തട്ടിയില്ലെങ്കിലും അന്തരീക്ഷത്തിൽ കൂടി ഈ കറണ്ടിന് കുടയിലെ മെറ്റൽ ഘടനയിലൂടെ കടക്കാൻ കഴിയും. ഇതിനെ ആർക്കിങ് എന്നാണ് പറയുന്നത്. ഇത് ശക്തമായ ഇലക്ട്രിക്ക് ഷോക്കിന് കാരണമാവുകയും മരണം പോലും സംഭവിക്കുകയും ചെയ്യാം.
കുടയും ഓവർഹെഡ് വയറുമായുള്ള ദൂരപരിധി ഇതിനെ സ്വാധീനിക്കാം. എത്ര അടുത്താണോ അത്രയും അപകടമാണ്. 25,000 വോൾട്ട് തന്നെ ധാരാളമാണ് ഹൃദയം നിലയ്ക്കാൻ. മാത്രമല്ല തീവ്രമായി പൊള്ളലേൽക്കാം. സെക്കന്റുകൾക്കുള്ളിൽ മരണവും സംഭവിക്കാം. ചെറിയ ദൂരത്തിൽ പോലും പെട്ടെന്നുണ്ടാകുന്ന ഷോക്കിൽ നിങ്ങളുടെ ബാലൻസ് തന്നെ നഷ്ടപ്പെടാം. ഇത് സംഭവിക്കുന്നത് ട്രെയിന് സമീപത്തുകൂടി പോവുമ്പോഴാണെങ്കിൽ...Content Highlights: Never hold umbrella near Railway lines, its fatal