ബോളിവുഡിലെ ഡ്രീം ഗേള് ഹേമമാലിനിയുടെ ഭര്ത്താവും ബോളിവുഡിലെ ഒരുകാലത്തെ താര രാജാവുമായിരുന്ന ധര്മ്മേന്ദ്ര ഭയപ്പെട്ട് കഴിഞ്ഞിരുന്ന ഒരു കാലമുണ്ട്. 1970കളിലെ ഈ കാലം വീണ്ടും ഓർമ്മയിലേയ്ക്ക് കൊണ്ടുവന്നത് ധർമ്മേന്ദ്രയുടെ മകനും ബോളിവുഡ് താരവുമായി ബോബി ഡിയോളാണ്. രാജ് ഷമാനിയുടെ പോഡ്കാസ്റ്റില് ബ്ലാക്ക് വാറണ്ട് സീരീസിനെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ബോബിയെ പുറത്തേക്ക് വിടാന് ധര്മേന്ദ്ര ഭയപ്പെട്ടിരുന്ന ആ കാലത്തെ കുറിച്ച് ബോബി സംസാരിച്ചത്. ബോബി പങ്കുവെച്ച അനുഭവങ്ങൾ ഡൽഹി ഭയപ്പെട്ടിരുന്ന ഒരു കറുത്ത കാലത്തിൻ്റെ കൂടി ഓർമ്മ കൂടിയാണ്.
തിഹാര് ജയിലിൽ ജയിലറായി 35 വര്ഷത്തോളം പ്രവര്ത്തിച്ച സുനില് ഗുപ്തയുടെ അനുഭവത്തെ അടിസ്ഥാനമാക്കി എഴുതിയ ബ്ലാക്ക് വാറണ്ട്, കണ്ഫെഷന്സ് ഓഫ് എ തിഹാര് ജയിലര് എന്ന പുസ്തകമാണ് ബ്ലാക്ക് വാറണ്ട് സീരീസിന് പ്രചോദനമായത്. സീരിസിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് തൻ്റെയും കുടുംബത്തിൻ്റെയും പേടി സ്വപ്നമായ രങ്കയേയും ബില്ലയേയും കുറിച്ച് ബോബി ഡിയോൾ മനസ്സ് തുറന്നത്.
1970കളില് ഡൽഹിയിലെ മാതാപിതാക്കളുടെ പേടി സ്വപ്നമായിരുന്നു കിഡ്നാപ്പർ രങ്കയും ബില്ലയും. ആറാം ക്ലാസ് വിദ്യാര്ഥിയായിരിക്കെ തന്റെ സുഹൃത്തിനെ ഇരുവരും കടത്തിക്കൊണ്ട് പോയതോടെയാണ് ഭീതി നിറഞ്ഞ ദിവസങ്ങൾ ജീവിതത്തിൽ ഉണ്ടായതെന്ന് ബോബി ഡിയോൾ പോഡ്കാസ്റ്റിൽ ഓർമ്മിച്ചു. ഭാഗ്യത്തിന് രങ്ക സുഹൃത്തിനെ ഒരു പാന്കടയില് ഉപേക്ഷിച്ചു. ഇതിന് പിന്നാലെ അടുത്തതായി ബോബി ഡിയോളിനെ തട്ടികൊണ്ട് പോയേക്കാമെന്ന് പൊലീസ് ധർമ്മേന്ദ്രയ്ക്ക് മുന്നറിയിപ്പ് നൽകി. ഇതിനെ തുടര്ന്നാണ് പിതാവ് വീടിന് വെളിയിലേയ്ക്ക് പോകാൻ തന്നെ അനുവദിക്കാതിരുന്നതെന്നാണ് ബോബി പറഞ്ഞത്. രങ്കയും ബില്ലയും തട്ടിക്കൊണ്ടുപോയ കൂട്ടുകാരനോട് സുഹൃത്തുകളുടെ പേര് ചോദിച്ചിരുന്നു. അതോടെയാണ് അടുത്ത ലക്ഷ്യം ബോബിയായിരിക്കും എന്ന് പൊലീസ് അനുമാനിച്ചത്. ഇതോടെയാണ് കൂട്ടുകാരോടൊപ്പം കളിക്കാന് പോകാൻ പോലും കഴിയാത്ത നിയന്ത്രണങ്ങൾ ഉണ്ടായതെന്നും ബോബി പറഞ്ഞു. ഈ സമയത്ത് വീടിനുള്ളിൽ സൈക്കിൾ ഓടിക്കാൻ പഠിച്ചതും ധർമ്മേന്ദ്ര ഓർമ്മിച്ചെടുത്തു.
ഇന്ത്യന് നേവി ഉദ്യോഗസ്ഥന്റെ കൗമാരക്കാരായ മക്കളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് രങ്കയും ബില്ലയും. 16വയസുള്ള പെണ്കുട്ടിയും അവളുടെ 14കാരനായ സഹോദരനുമാണ് ഇവരുടെ ക്രൂരതയ്ക്ക് ഇരയായത്. കൊലപ്പെടുത്തുന്നതിന് മുമ്പ് പെണ്കുട്ടിയെ പ്രതികള് ക്രൂരമായി പീഡിപ്പിച്ചിരുന്നു. പിന്നീട് പൊലീസ് പിടികൂടിയ ഇവർക്ക് കോടതി വധശിക്ഷ വിധിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു.
1978 ഓഗസ്റ്റ് മാസത്തിലാണ് ദില്ലിയെ നടുക്കി ആ സംഭവം അരങ്ങേറിയത്. സഹോദരങ്ങള് ഇരുവരും ഓള് ഇന്ത്യ റേഡിയോയിലെ പ്രത്യേക പരിപാടിയായ യുവവാണിയില് പങ്കെടുക്കാനായി സന്സദ് മാര്ഗിലൂടെ നടക്കുകയായിരുന്നു. മഴകാരണം അവരുടെ യാത്രയ്ക്ക് തടസം നേരിട്ടു. AIR ഓഫീസിന് ഒരു കിലോമീറ്റര് അകലെ വരെ ഡോ എംഎസ് നന്ദ എന്ന വ്യക്തി ഇവര്ക്ക് ലിഫ്റ്റ് കൊടുത്തിരുന്നു. പക്ഷേ ഇരുവരും ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. ഇവരുടെ മാതാപിതാക്കള്ക്ക് പിന്നീടിവരെ ജീവനോട് കാണാൻ കഴിഞ്ഞില്ല.
കുട്ടികള് AIR ഓഫീസിലേക്ക് നടക്കുന്നതിനിടയില് ഡോക്ടര് അവരെ ഇറക്കിവിട്ടിടത്ത് ഒരു മഞ്ഞ ഫിയറ്റിന്റെ സാന്നിധ്യമുണ്ടായിരുന്നു. സംഭവം നടന്ന സമയം സമീപത്തെ ഇലക്ട്രിക്കല് ഗുഡ്സ് കടയുടമ കാറിന് പിന്നില് ഒരു പെണ്കുട്ടി നിലവിളിക്കുന്നതായി കേട്ടെന്ന് പൊലീസില് വിവരമറിയിച്ചു. ഇന്ദ്രജീത്ത് സിങ് എന്നൊരാളും തന്റെ സ്കൂട്ടറിനെ കടന്നുപോയ ഫിയറ്റ് കാറിന് പിൻസീറ്റിൽ നിന്ന് ഒരു പെണ്കുട്ടിയുടെ നിലവിളി കേട്ടതായി പൊലീസിനെ അറിയിച്ചിരുന്നു. ബലമായി കടത്തിക്കൊണ്ട് പോകുന്നു എന്ന വ്യക്തമാകുന്ന നിലയിലാണ് കാറിൽ പെൺകുട്ടിയെ കണ്ടതെന്നും ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. എന്നാല് പൊലീസിന് കുട്ടികളെ രക്ഷിക്കാനായില്ല. 1978 ഓഗസ്റ്റ് 28ന് അഴുകി ജീര്ണിച്ച നിലയില് രണ്ടുപേരുടെയും മൃതദേഹം കണ്ടെടുത്തു.
ഒളിവിലിരിക്കെ കല്ക്കി മെയിലില് കള്ളവണ്ടി കയറി ഡല്ഹിയിലേക്ക് പോകാന് ശ്രമിക്കുന്നതിനിടയിലാണ് ഇരുവരും പിടിയിലാകുന്നത്. മിലിറ്ററി കമ്പാര്ട്ട്മെന്റില് കയറിപ്പറ്റിയ ഇവരെ ലാന്സ്നായിക് ഗുര്തേജ് സിംഗും എ വി ഷെട്ടിയുമാണ് തിരിച്ചറിഞ്ഞത്. സിങിന്റെ കൈയിലുണ്ടായിരുന്ന നവയുഗ് പത്രത്തില് ബില്ലയുടെ ചിത്രമുണ്ടായിരുന്നതും സഹായകമായി. ഇവരെ പിന്നീട് പൊലീസിന് കൈമാറി. ഒടുവില് ദില്ലി ഹൈക്കോടതി പരമാവധി ശിക്ഷ വിധിച്ചതോടെ ഇരുവരുടെയും വധശിക്ഷ നടപ്പിലാക്കുകയായിരുന്നു. സുനില് ഗുപ്ത എന്ന ജയിലറായിരുന്നു അന്ന് തിഹാര് ജയില് മേധാവി. തിഹാറില് അദ്ദേഹം നടപ്പാക്കിയ ആദ്യ വധശിക്ഷ ഇവരുടേതാണ്. ഗുപ്തയുടെ ഈ തുറന്നുപറച്ചിലാണ് ബ്ലാക്ക് വാറണ്ട് ടിവി സീരിസിന് അടിസ്ഥാനമായത്.
24വയസുള്ള രങ്കയും 22 വയസുള്ള ബില്ലയും മോചനദ്രവ്യം നേടുക എന്ന ലക്ഷത്തോടെയാണ് പദ്ധതി മെനഞ്ഞത്. തട്ടിക്കൊണ്ടുപോകൽ, മോഷണശ്രമം എന്നീ കുറ്റങ്ങളിൽ ഒതുങ്ങോണ്ടിയിരുന്ന സംഭവം വലിയൊരു കൊലപാതകത്തിലേക്ക് വഴിതെളിയിച്ചത് ബില്ലയ്ക്ക് പെണ്കുട്ടിയോട് തോന്നിയ ആകര്ഷണമാണെന്നാണ് രങ്ക വെളിപ്പെടുത്തയതെന്ന് ഗുപ്ത പറയുന്നു. തൂക്കിക്കൊല്ലുന്നത് വരെയും താന് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന നിലപാടിയിരുന്നു ബില്ല. എന്നാല് രക്തസാമ്പിളുകളുടെ പരിശോധനഫലമടക്കം ഫോറസിക് തെളിവുകൾ ഇയാള്ക്ക് എതിരായിരുന്നു. തൂക്കിലേറ്റിയ നിമിഷം തന്നെ ബില്ലയുടെ മരണം സ്ഥിരീകരിച്ചിരുന്നു. എന്നാല് രങ്കയ്ക്ക് രണ്ട് മണിക്കൂറിന് ശേഷവും പള്സ് ഉണ്ടായിരുന്നതായി ഗുപ്ത ഓര്ക്കുന്നു. രങ്ക തൂക്കി കൊല്ലുന്ന സമയം ശ്വാസം ഉള്ളിലേയ്ക്ക് വലിച്ച് പിടിച്ചിരുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ഗുപ്തയുടെ അവകാശവാദം. ഇവരുടെ മൃതദേഹം ഏറ്റുവാങ്ങാന് വീട്ടുകാരും തയ്യാറായില്ല.Content Highlights: the tale of kidnapper's Billa and Ranga