ചന്ദ്രന്റെ സമയം അത്ര ശരിയല്ല, അതേ…ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് ഇപ്പോൾ അത്ര നല്ലകാലമല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ചും ചന്ദ്രനെയും ചൊവ്വയെയും കുറിച്ചുമൊക്കെ കൂടുതൽ അറിയാൻ താല്പര്യമുള്ള ലോകത്തേക്ക് പുതിയ ഒരു വാർത്ത കൂടി പങ്കുവെക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ. ചന്ദ്രന്റെ ഉപരിതലം തുരുമ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനു കാരണം ഭൂമി ആണെന്നുമാണ് പുതിയ പഠനം. ചന്ദ്രന്റെ ഉപരിതലത്തിൽ, പ്രത്യേകിച്ച് ധ്രുവങ്ങളിൽ, ഗവേഷകർ ഹെമടൈറ്റിന്റെ സാനിധ്യം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഇരുമ്പ് ഓക്സൈഡിന്റെ രൂപമായ ഹെമടൈറ്റ് തുരുമ്പ് എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ട് ആണ് ചന്ദ്രനിൽ തുരുമ്പ് ഉണ്ടെന്നുള്ള നിഗമനത്തിലേക്ക് ശാസ്ത്രജ്ഞർ എത്തിയതും.
മുൻപും ചന്ദ്രനിൽ തുരുമ്പുണ്ടെന്ന വാർത്ത വന്നിരുന്നു എങ്കിലും അതിന്റെ യഥാർത്ഥ കാരണത്തെ കുറിച്ചുള്ള അധികം വാർത്തകൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ അതിനുള്ള ഉത്തരമാണ് ഗവേഷകർ കണ്ടുപിടിച്ചിരിക്കുന്നത്. സാധാരണയായി ഓക്സിജനും വെള്ളവും ചേരുമ്പോഴാണ് തുരുമ്പുണ്ടാകുന്നത്. എന്നാൽ ചന്ദ്രോപരിതലത്തിൽ ഓക്സിജനും വെള്ളവും കുറവായതുകൊണ്ട് ഈ പ്രക്രിയ എങ്ങനെ സംഭവിച്ചു എന്നറിയാൻ വേണ്ടി ഗവേഷകർ ഒരു ശ്രമം നടത്തി. അതിലൂടെ ഭൂമിയിൽ നിന്നുള്ള ഓക്സിജൻ ആണ് ഈ പ്രതിഭാസത്തിനു കാരണമെന്നും കണ്ടെത്തി.
ശാസ്ത്ര ജേർണലായ നേച്ചറിന്റെ റിപ്പോർട്ട് അനുസരിച്ച്, ചൈനയിലെ മക്കാവു സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിലെ ഗ്രഹ ശാസ്ത്രജ്ഞനായ സിലിയാങ് ജിനും സംഘവുമാണ് ഈ പഠനത്തിന് പിന്നിൽ. ഭൂമിയുടെ അന്തരീക്ഷത്തില് നിന്നുള്ള ഓക്സിജന് ഒരു ‘കാറ്റ്’ പോലെ ചന്ദ്രനിലേക്ക് എത്തുന്നുണ്ട് എന്നാണ് അവരുടെ പഠനത്തിൽ കണ്ടെത്തിയത്. സൂര്യനിൽ നിന്നുള്ള ചാർജ്ജ് ചെയ്ത കണികകൾ മിക്ക സമയത്തും ഭൂമിയിലേക്കും ചന്ദ്രനിലേക്കും എത്തുന്നുണ്ട്. സൂര്യനും ചന്ദ്രനും ഇടയിലൂടെ ഓരോ മാസവും ഏകദേശം അഞ്ച് ദിവസം ഭൂമി കടന്നുപോകുമ്പോൾ മിക്ക സൗരകണങ്ങളെയും ഭൂമിയുടെ കാന്തിക മണ്ഡലം തടഞ്ഞു നിർത്തും. ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഭാഗമായിരുന്ന കണികകളുമായി ചന്ദ്രൻ പ്രധാനമായും സമ്പർക്കം പുലർത്തുന്ന സമയമാണിത്. ഇതിനെ 'എർത്ത് വിൻഡ്' എന്ന് വിശേഷിപ്പിക്കാറുമുണ്ട്. ഇങ്ങനെയാണ് ഓക്സിജന് കണികകള് ചന്ദ്രനിലേക്ക് എത്തുന്നത്.
2020-ല് ഇന്ത്യയുടെ ചന്ദ്രയാന്-1 ദൗത്യമാണ് ചന്ദ്രന്റെ ധ്രുവപ്രദേശങ്ങളില് ഹെമറ്റൈറ്റിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്. ഈ കണ്ടെത്തലാണ് പുതിയ പഠനങ്ങൾക്ക് വഴിവെച്ചത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം മനസ്സിലാക്കാൻ ഈ കണ്ടെത്തലുകൾ സഹായിക്കുമെന്ന് സംഘം പറയുകയും ചെയ്തു. സിലിയാങ്ങും സഹപ്രവർത്തകരും കണ്ടെത്തിയ വിവരങ്ങൾ പിന്നീട് ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സിൽ റിപ്പോർട്ടും ചെയ്തിരുന്നു. ചന്ദ്രനിൽ എങ്ങനെ ഇത്രയും ഹെമറ്റൈറ്റ് വന്നു എന്ന് കൂടുതൽ മനസ്സിലാക്കാനും ചന്ദ്രനെ കുറിച്ചും ഭൂമിയെക്കുറിച്ചും കൂടുതൽ അറിയാനും ഗവേഷണം സഹായകമാകുമെന്നും ശാസ്ത്രജ്ഞൻ സിലിയാങ് ജിൻ ചൂണ്ടിക്കാണിക്കുന്നത്.Content Highlights : Moon is rusting and Earth is responsible; study by Scientists