സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് ആഗോളതലത്തിൽ തന്നെ വലിയ മാറ്റം കൊണ്ടുവന്ന ആശയമായിരുന്നു ഗർഭനിരോധന ഉറകൾ. മൂവായിരം വർഷം മുമ്പാണ് ഗർഭനിരോധന ഉറകളുടെ കണ്ടെത്തൽ. പുതിയ കാലത്ത് വൈവിധ്യമായ കോണ്ടങ്ങൾ വിപണിയിൽ ലഭ്യമാണ്. പുതിയ കാലത്ത് നിന്ന് നോക്കുമ്പോൾ 3000 വർഷം മുമ്പ് കോണ്ടം നിർമ്മിച്ചിരുന്നു എന്നത് കൗതുകകരമാണ്. കോണ്ടം നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളിൽ അടക്കം നിരവധിയായ പരിണാമങ്ങളിലൂടെയാണ് ഇന്ന് കാണുന്ന ഗർഭനിരോധന ഉറകൾ കടന്ന് പോയത് എന്ന് കാണാൻ സാധിക്കും.
ആദ്യകാലങ്ങളിൽ മൃഗങ്ങളുടെ കുടലുകൾ ഉപയോഗിച്ചായിരുന്നു കോണ്ടം നിർമിച്ചിരുന്നത്. ചെമ്മരിയാടുകളുടെയോ ആടുകളുടെയോ കുടലിൽ നിന്നുണ്ടാക്കുന്ന തുകലായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. ലൈംഗിക രോഗങ്ങൾ തടയുക, ഗർഭനിരോധനം എന്നിവയായിരുന്നിരിക്കണം അക്കാലത്തും കോണ്ടത്തിൻ്റെ ഉപയോഗത്തിന് മനുഷ്യരെ പ്രേരിപ്പിച്ചിരിക്കുക.
ഹോമറിന്റെ ഇലിയഡിലാണ് ആദ്യമായി കോണ്ടത്തിന്റെ പരാമർശം കാണപ്പെടുന്നത്. കിംഗ് മിനോസ് ഓഫ് ക്രീറ്റിന്റെ ശുക്ലത്തിൽ നിന്നും പാമ്പുകളും തേളുകളും ഉണ്ടാവുന്നു എന്നാണ് കരുതപ്പെട്ടിരുന്നത്. ഭാര്യമാർക്ക് പുറമെ രാജാവിന് ശാരീരിക ബന്ധത്തിൽ ഏർപ്പെടാനായി കൊട്ടാരത്തിൽ പാർപ്പിച്ചിരുന്ന മറ്റ് സ്ത്രീകൾ ഇതുമൂലം മരിക്കാൻ കാരണമായി എന്നും പറയുന്നു. കൂടുതൽ മരണങ്ങൾ ഉണ്ടാവാതിരിക്കാൻ ആടിൻ്റെ കുടൽ അല്ലെങ്കിൽ മൂത്രസഞ്ചി ഉപയോഗിച്ച് ഇടുങ്ങിയ ഒരു ഉറപോലൊരു വസ്തു ശാരിരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉപയോഗിക്കാനായി നിർമിച്ചു. ഇതുപയോഗിച്ചിട്ടും രാജാവിന് തന്റെ ഭാര്യയിൽ എട്ടു മക്കളുണ്ടായി എന്നാണ് പറയുന്നത്. .
ശുക്ലത്തിലെ പാമ്പിന്റെയും തേളിന്റെയുമൊക്കെ കഥ അതിശയോക്തി കലർന്നതാണെങ്കിലും, അക്കാലത്തും കോണ്ടമെന്ന ആശയത്തെക്കുറിച്ച് മനുഷ്യർ ചിന്തിച്ചിരുന്നു എന്നതാണ് ഇതിലുടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്തായാലും കാലക്രമത്തിൽ മൃഗങ്ങളുടെ കുടലിൽ നിന്ന് ഇത്തരത്തിൽ നിർമ്മിക്കുന്ന ഗർഭനിരോധന ഉറയ്ക്ക് വലിയ ജനപ്രീതി ഉണ്ടായി. പതിയെ കോണ്ടം നിർമ്മിക്കുന്നത് ബിസിനസായി മാറി. കശാപ്പുകാർക്ക് മൃഗങ്ങളുടെ കുടലിന്റെ ഇലാസ്റ്റിസിറ്റിയെ കുറിച്ചറിയാവുന്നത് കൊണ്ടാണ് അവരായിരുന്നു ഇവ കച്ചവട അടിസ്ഥാനത്തിൽ നിർമ്മിക്കാൻ ആരംഭിച്ചത്.
ആയിരം വർഷങ്ങൾക്ക് മുമ്പ് പുരാതന ഈജിപ്ത്യൻ സംസ്കാരത്തിൻ്റെ കാലത്ത് ലിനൻ കൊണ്ടുള്ള ആവരണം ലൈംഗിക ബന്ധത്തിനിടെ ഉപയോഗിച്ചിരുന്നു. അന്നുകാലത്ത് ഈജിപ്തിലുണ്ടായിരുന്ന ഒരു തരം ലൈംഗിക രോഗം തടയാനായാണ് ഇത് രൂപകൽപന ചെയ്തതെന്ന് ചരിത്രകാരന്മാർ കണക്കാക്കുന്നത്. അതേസമയം ന്യൂഗിനിയയിലെ ജുകാസ് ഗ്രോതവർഗക്കാരാണ് ആദ്യമായി സ്ത്രീകൾക്കായുള്ള കോണ്ടം വികസിപ്പിച്ചത്. കപ്പ് രൂപത്തിലുള്ള ഈ കോണ്ടം ഒരു പ്രത്യേകതരം ചെടിയിൽ നിന്നാണ് ഉണ്ടാക്കിയിരുന്നത്. പഴയ കാലത്ത് പുരുഷന്മാർ ഉപയോഗിച്ചിരുന്ന ഗർഭനിരോധന ഉറകളെക്കാൾ സ്ത്രീകളുടെ കോണ്ടത്തിനാണ് പ്രചാരമുണ്ടായിരുന്നത്. ചൈനയിൽ എണ്ണ തേച്ച സിൽക്ക് പേപ്പറായിരുന്നു കോണ്ടമായി ഉപയോഗിച്ചിരുന്നത്. സെൻട്രൽ യൂറോപിൽ പകർച്ചവ്യാധികൾ പടർന്നുപിടിച്ചിരുന്ന കാലത്ത് ഇവ ഉപയോഗിക്കുക സാധാരണയായിരുന്നു. ജപ്പാനിൽ ആമയുടെ തോടുപയോഗിച്ചുള്ള കോണ്ടം നിലവിലുണ്ടായിരുന്നു.
ഇന്ന് കാണുന്ന ആധുനിക ഗർഭനിരോധന ഉറകൾ രൂപകൽപ്പന ചെയ്തത് യൂറോപ്യൻ ശാസ്ത്രജ്ഞരാണ്. 1564ൽ ഇറ്റാലിയൻ അനാട്ടമിസ്റ്റായ ഗബ്രിയേൽ ഫലോപ്പിയോ ആണ് സിഫിലിസ് എന്ന രോഗം തടയുന്നതിനായി ഒരു ലിനൻ ഗർഭനിരോധന ഉറയെ കുറിച്ചുള്ള ആശയം മുന്നോട്ടുവച്ചത്. ഈ ഉറയെ റിബൺ ഉപയോഗിച്ചാണ് പുരുഷ ലൈംഗിക അവയവുമായി ബന്ധിപ്പിച്ചിരുന്നത്. 1100 പുരുഷന്മാരിലാണ് അദ്ദേഹം പഠനം നടത്തിയത്. ഇത് വിജയവുമായിരുന്നു. അദ്ദേഹത്തിന്റെ പഠനമാണ് ആധുനിക കോണ്ടത്തിന് അടിസ്ഥാനമിട്ടത്. 17-ാം നൂറ്റാണ്ടിൽ ഈ റിബൺ കോണ്ടം വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു
19 - 20 നൂറ്റാണ്ടുകൾക്കിടയിലാണ് വാട്ടർപ്രൂഫ് ഫാബ്രിക്സ്, മരങ്ങളിൽ നിന്നുള്ള ലാറ്റക്സ്, ഇന്ത്യൻ റബർ എന്നിവ ഉപയോഗിച്ചുള്ള കോണ്ടങ്ങൾ രംഗത്ത് വരുന്നത്. 1855ൽ വൾക്കനൈസ്ഡ് റബർ കോണ്ടങ്ങൾ വിപണയിലെത്തി. ഇതോടെ ഗർഭനിരോധന ഉറകൾക്ക് വില കുറയുകയും ചെയ്തു. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷമാണ് ഇപ്പോൾ ഉപയോഗിക്കപ്പെടുന്ന തരം കോണ്ടം ഉണ്ടായത്. നിലവിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന ലാറ്റക്സ് കോണ്ടത്തിന് അഞ്ച് വർഷം വരെ ഷെൽഫ് ലൈഫ് ഉണ്ട്. മൃഗങ്ങളുടെ കുടലിൽ നിന്ന് തയ്യാറാക്കപ്പെട്ടിരുന്ന കാലത്ത് നിന്നും ഇന്ന് വ്യത്യസ്ത ഫ്ലേവറുകളിലും നിറങ്ങളിലും ലൈംഗികാനുഭൂതി വർദ്ധിപ്പിക്കുന്ന രൂപത്തിലേയ്ക്കും ഗർഭനിരോധന ഉറകൾ രൂപം മാറിയിട്ടുണ്ട്. കച്ചവട സാധ്യതകൾ വർദ്ധിച്ചതോടെ പുതിയ പരീക്ഷണങ്ങൾ ഗർഭനിരോധന ഉറകളുടെ ഡിസൈനിലും അനുദിനം എന്നവണ്ണം പരീക്ഷിക്കപ്പെടുന്നുണ്ട്.Content Highlights: Story of Condom made from animal intestine to High Tec Latex