തിക്കിലും തിരക്കിലും പെട്ടുപോയാൽ നിങ്ങൾ എന്തുചെയ്യും? അറിഞ്ഞിരിക്കാം ജീവനോളം വിലയുള്ള ഈ രക്ഷാ മാർഗങ്ങൾ

വിജയുടെ ടിവികെ സമ്മേളനം, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) ഐപിഎൽ വിജയാഘോഷം, മഹാ കുംഭ മേളയോട് അനുബന്ധിച്ച് ന്യൂഡൽ​ഹി റെയിൽവേ സ്റ്റേഷനിലുണ്ടായ ദുരന്തം, 'പുഷ്പ 2' പ്രദർശിപ്പിച്ചുകൊണ്ടിരിക്കെയുണ്ടായ തിക്കും തിരക്കും തുടങ്ങി നിരവധി പേരാണ് ആൾക്കൂട്ട ദുരന്തങ്ങളിൽപ്പെട്ട് മരിക്കുന്നത്

വിജയ്‌യുടെ തമിഴ് വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം നിരവധിപേരാണ് മരിച്ചത്. ഇനിയും മരണസംഖ്യ വർധിച്ചേക്കാമെന്നാണ് വിദ​ഗ്ധർ പറയുന്നത്. റാലി നടന്ന സ്ഥലത്തിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. ഇത്രയേറെ ആളുകളെ ഉൾക്കൊള്ളാൻ ശേഷിയില്ലാത്ത സ്ഥലത്താണ് റാലി സംഘടിപ്പിച്ചതെന്നാണ് വിവരം. ടിവികെ അറിയിച്ചതിനേക്കാൾ കൂടുതൽ ആളുകൾ റാലിയിൽ പങ്കെടുത്തിരുന്നു. ഇത്രയേറെ ആളുകളെ നിയന്ത്രിക്കാനുള്ള പൊലീസ് സംവിധാനവും സ്ഥലത്ത് ഉണ്ടായിരുന്നില്ല.

ഇതാദ്യമായല്ല ഇന്ത്യയിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കുന്നതും അതൊരു ദുരന്തമായി മാറുന്നതും. അത്തരത്തിൽ സമീപകാലത്തുണ്ടായ നിരവധി സംഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) ഐപിഎൽ വിജയാഘോഷം, മഹാ കുംഭമേളയോട് അനുബന്ധിച്ച് ന്യൂഡൽ​ഹി റെയിൽവേ സ്റ്റേഷനിലുണ്ടായ ദുരന്തം, 'പുഷ്പ 2' പ്രദർശിപ്പിച്ചുകൊണ്ടിരിക്കെയുണ്ടായ തിക്കും തിരക്കും തുടങ്ങി നിരവധി പേരാണ് ആൾക്കൂട്ട ദുരന്തത്തിൽപ്പെട്ട് മരിക്കുന്നത്. ഇതിനെല്ലാം പിന്നിൽ കൃത്യമായ നടപ്പിലാക്കാത്ത സുരക്ഷാ സംവിധാനങ്ങളുടെ പിഴവുകളുമുണ്ട്. എന്നാൽ അപ്രതീക്ഷിതമായി ഇത്തരത്തിലുണ്ടാവുന്ന ആക്രമണങ്ങളിൽ നിന്ന് എങ്ങനെ നമുക്ക് രക്ഷപ്പെടാനാകുമെന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. അത്തരത്തിൽ തിക്കിലും തിരക്കിലുംപ്പെട്ട് അപകടമുണ്ടാകാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട ജീവൻ രക്ഷാ മാർ​ഗങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.

തിക്കിലും തിരക്കിലുപ്പെട്ടുള്ള അപകടങ്ങൾ ഒഴിവാക്കാനുള്ള ജീവൻ രക്ഷാ മാ‍ർ​ഗങ്ങൾ

ധാരാളം ആളുകളുള്ള ഒരിടത്തോ പരിപാടിക്കോ എത്തിചേർന്നാൽ മുൻകൂട്ടി തന്നെ അവിടുത്തെ എല്ലാ എക്സിറ്റുകളും മനസ്സിൽ കുറിച്ചിടുക. നിങ്ങളെ കൂടുതൽ വേഗത്തിൽ പുറത്തുകൊണ്ടുവരാൻ കഴിയുന്ന കുറച്ച് ആളുകൾ മാത്രം ഉപയോഗിക്കാൻ സാധ്യതയുള്ള ഒരു എക്സിറ്റ് കണ്ടുവെക്കുക. ആൾക്കൂട്ടത്തിൽ നിങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങുമ്പോൾ ആദ്യം പോകാൻ നോക്കേണ്ട സ്ഥലമാണിത്.

ഇനി അപകടമുണ്ടാവുന്നു എന്ന് തോന്നിയാൽ വളരെ സൂക്ഷിച്ച് മാത്രം നീങ്ങുക. പരിഭ്രാന്തരായി ഓടുന്നതിനിടയിൽ ആരെയും ചവിട്ടി മെതിക്കുന്നില്ലായെന്ന് പരമാവധി ശ്രദ്ധിക്കുക. ആൾക്കൂട്ടത്തിനെതിരെ തള്ളിക്കയറരുത്. അലറുകയോ നിലവിളിക്കുകയോ ചെയ്ത് പരിഭ്രാന്തി പരതാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ചുറ്റുമുള്ളവരുമായി ആശയവിനിമയം നടത്താൻ ആംഗ്യഭാഷ ഉപയോഗിക്കുക.

ഒരു ബോക്സറെ പോലെ നിങ്ങളുടെ കൈകൾ നെഞ്ചിനോട് ചേർത്ത് വയ്ക്കുക. ഇത് നിങ്ങൾക്ക് ചലനം അനുവദിക്കുകയും നെഞ്ചിനെ സംരക്ഷിക്കുകയും ചെയ്യുന്നു. നിങ്ങൾ അപകടത്തിലാണെങ്കിൽ, ആളുകളോട് ക്രൗഡ്-സർഫ് ( ഒരു വ്യക്തിയെ എടുത്ത് ആൾകൂട്ടത്തിന് മുകളിലൂടെ കൈമാറുന്ന പ്രവർത്തി) ചെയ്യാൻ ആവശ്യപ്പെടുക . ആരെങ്കിലും സഹായത്തിനായി കൈ നീട്ടിയാൽ, അവരെ എഴുന്നേൽപ്പിച്ച് പിടിച്ചു നിർത്തുക. ഇതിനിടയിൽ നിങ്ങൾ വീണ് പോകാതിരിക്കാനും ശ്രദ്ധിക്കുക.

കാരണം വീണാൽ എഴുന്നേൽക്കാൻ വളരെ ബുദ്ധിമുട്ടാണ്. ചവിട്ടിമെതിക്കപ്പെടാനുള്ള സാധ്യതയുണ്ട്. നിവർന്നു നിൽക്കാൻ മതിൽ അല്ലെങ്കിൽ റെയിലിംഗ് പോലുള്ള ലഭ്യമായ ഏതെങ്കിലും പിന്തുണ ഉപയോഗിക്കുക. ആൾക്കൂട്ടത്തിൽ നിന്ന് സ്വയം രക്ഷിക്കാൻ ഒരു വ്യക്തി ഒരു മതിൽ, ഒരു തൂൺ അല്ലെങ്കിൽ സമീപത്തുള്ള ഒരു വലിയ ഫർണിച്ചർ പോലുള്ള എന്തെങ്കിലും തിരയുക. അതിൽ പിടിച്ച് നിൽക്കാൻ ശ്രമിക്കുക.

ഇത്തരം സാഹചര്യങ്ങളിൽ 'ബോക്‌സർ പൊസിഷൻ' പലപ്പോഴും സഹായിച്ചിട്ടുണ്ടെന്ന് മെഡിക്കൽ പ്രൊഫഷണലുകൾ പറഞ്ഞുയാറുണ്ട്. ട്രോമാറ്റിക് ശ്വാസംമുട്ടൽ മൂലമാണ് മിക്ക മരണങ്ങളും സംഭവിക്കുന്നത്. അതിനാൽ, ഒരു ബോക്സറുടെ കൂട്ട് നിങ്ങളുടെ കൈകൾ ഉയർത്തി നെഞ്ചിനോട് ചേർത്ത് വയ്ക്കുന്നത്, സുപ്രധാന അവയവങ്ങൾ ചതഞ്ഞരയുന്നതിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ചലനങ്ങളിൽ കുറച്ച് നിയന്ത്രണം നിലനിർത്താനും സഹായിക്കും.

ഓ‍‍ർക്കുക പരിഭ്രാന്തി നിങ്ങൾക്ക് യുക്തിസഹമായ തീരുമാനങ്ങൾ എടുക്കുന്നത് ബുദ്ധിമുട്ടാക്കും. അതിനാൽ ആദ്യം കുറച്ച് ആഴത്തിൽ ശ്വസിക്കുക, സാഹചര്യം വിലയിരുത്തുക, ഉടൻ തന്നെ സുരക്ഷയിലേക്കുള്ള വഴി കണ്ടെത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പൊലീസ് അല്ലെങ്കിൽ ഇവന്റ് സ്റ്റാഫ് പോലുള്ള അധികാരികൾ സന്നിഹിതരാണെങ്കിൽ അവരുടെ നിർദ്ദേശങ്ങൾ പാലിക്കുക. അവർക്ക് ഏറ്റവും സുരക്ഷിതമായ രക്ഷപ്പെടൽ വഴികളെക്കുറിച്ച് മാർഗ്ഗനിർദ്ദേശം നൽകാനോ പ്രദേശം ഒഴിപ്പിക്കുന്നതിൽ സഹായം വാഗ്ദാനം ചെയ്യാനോ കഴിഞ്ഞേക്കും.

Content Highlights- know these life-saving tips during stampede

To advertise here,contact us