യുപിയിലെ ഗോരഖ്പൂരിൽ കാണാതായ പത്തുവയസുകാരനെ ഒടുവിൽ പൊലീസ് സ്നിഫർ നായ മണത്ത് കണ്ടുപിടിച്ചു. കാണാതായ കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന ഭീതിയിലായിരുന്നു മാതാപിതാക്കളും പൊലീസുമടക്കം. നാലു മണിക്കൂറോളം പൊലീസ് നടത്തിയ തിരച്ചിലിന് ഒടുവിലാണ് വീട്ടിനുള്ളിൽ തന്നെ ഗാഢമായ ഉറക്കത്തിലായിരുന്ന കുട്ടിയെ കണ്ടെത്തിയത്.
ബുധനാഴ്ചയാണ് സംഭവം. വൈകിട്ട് അഞ്ച് മണിയോടടുത്ത് കളിക്കാനായി പുറത്തുപോയ നാലാം ക്ലാസുകാരൻ ലക്ഷ്യ പ്രതാപ് സിങ് പിന്നെ വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. ഇതാണ് വീട്ടുകാരെയും നാട്ടുകാരെയും ആശങ്കയിലാക്കിയത്. മണിക്കൂറുകളായിട്ടും കുട്ടിയെ കാണാതായതോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് പൊലീസും ഉറപ്പിച്ചു. ലക്ഷ്യയുടെ മുത്തച്ഛൻ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണവും ആരംഭിച്ചു. വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റ് പൊലീസ് ശൃംഖലകളിലും കുട്ടിയുടെ വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ബസ് സ്റ്റാന്റുകളും റെയിൽവെ സ്റ്റേഷനും പൊലീസ് അരിച്ചു പെറുക്കി. എന്നാൽ കുട്ടിയെ കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് പൊലീസ് സൂപ്രണ്ട് ഡോഗ് സ്ക്വാഡിനെ നിയോഗിക്കാൻ നിർദേശം നൽകിയത്. ഇതോടെയാണ് സംഭവത്തിൻ്റെ ചുരുളഴിഞ്ഞത്.
ഏഴു വയസ്സുകാരനായ ഡോബർമാൻ വിഭാഗത്തിൽപ്പെട്ട ടോണിയെയാണ് ലക്ഷ്യയെ കണ്ടെത്താനായി ഉപയോഗിച്ചത്. നിമിഷങ്ങൾക്കുള്ളിൽ നായയുമായുള്ള ഉദ്യോഗസ്ഥർ കുട്ടിയുടെ വീട്ടിന് മുകളിലത്തെ നിലയിലെ പൂട്ടിയിട്ട മുറിക്ക് മുന്നിൽ നിന്നും കുരയ്ക്കാൻ ആരംഭിച്ചു. വാതിൽ തള്ളിത്തുറന്ന പൊലീസുകാർ, മുറിയുടെ മൂലയിലിരുന്ന് ഉറങ്ങുന്ന കുട്ടിയെ കണ്ടെത്തി.
ട്യൂഷന് പോകാതിരിക്കാൻ മനഃപൂർവം മുറിയ്ക്കുള്ളിൽ ഒളിഞ്ഞിരിക്കുകയായിരുന്നു താനെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. ടീച്ചർ പോയി കഴിയുമ്പോൾ മുറിക്ക് പുറത്ത് വരാമെന്ന് കരുതിയെങ്കിലും ഉറങ്ങിപോയെന്നും കുട്ടി പൊലീസിന് മൊഴി നൽകി. കുട്ടിയെ ആരോ തട്ടിക്കൊണ്ട് പോയെന്ന നിഗമനത്തിൽ പല സംഘമായി പൊലീസിനെ വിന്യസിച്ചിരുന്നു.Content Highlight: Missing boy found from home sleeping in UP after fearing abduction