ബ്രാൻഡ് മൂല്യത്തിൽ കോഹ്ലി തന്നെ ഒന്നാമൻ,രശ്മികയും തമന്നയും പട്ടികയിൽ മുന്നേറി; സഞ്ജുവിനെ അന്വേഷിച്ച് മലയാളികൾ

ക്രോളിന്റെ സെലിബ്രിറ്റി ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ടാണ് പുറത്തു വന്നത്

ഒരു സെലിബ്രിറ്റി ആകുക എന്നതിലപ്പുറം ഒരു ബ്രാന്‍ഡ് ആയി മാറുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രശസ്തി നേടുന്നതിനപ്പുറം അംഗീകാരങ്ങള്‍, സോഷ്യല്‍ മീഡിയയിലെ സ്വാധീനം തുടങ്ങിയ കാര്യങ്ങളൊക്കെ മുന്‍ നിര്‍ത്തിയാണ് ഒരു സെലിബ്രിറ്റിയുടെ മൂല്യം അളക്കുന്നത്. 2024ലെ ക്രോളിന്റെ സെലിബ്രിറ്റി ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയ റിപ്പോര്‍ട്ട് അനുസരിച്ച് ഇത്തവണയും പട്ടികയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത് കായിക താരങ്ങളും സിനിമാ താരങ്ങളുമാണ്.

വിരാട് കൊഹ്ലി

231.1 മില്യണ്‍ ഡോളറുമായി ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ് പട്ടികയില്‍ ഒന്നാമത്. ഇതോടുകൂടി രാജ്യത്ത് ഏറ്റവും കൂടുതല്‍ ബ്രാന്‍ഡ് മൂല്യമുള്ള താരമായി വിരാട് കൊഹ്ലി മാറി. 14 വര്‍ഷത്തെ മികച്ച കരിയറിന് ശേഷം 2025 മെയ് മാസത്തിലാണ് വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. നിലവില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ റൺവേട്ടക്കാരനാണ് കോഹ്ലി.

രണ്‍വീര്‍ സിംഗ്

170.7 മില്യണ്‍ ഡോളറുമായി രണ്‍വീര്‍ സിംഗാണ് രണ്ടാം സ്ഥാനത്ത്. അഭിനയം, അവാര്‍ഡുകള്‍, ബിസിനസ് സംരംഭങ്ങള്‍ എന്നിവയിലൂടെയുള്ള രണവീറിന്റെ ആസ്തി ഏകദേശം 50 മില്യണ്‍ ഡോളറാണ്.

ഷാരൂഖ് ഖാന്‍

145.7 മില്യണ്‍ ഡോളറുമായി ഷാരൂഖ് ഖാനാണ് മൂന്നാം സ്ഥാനത്തുള്ളത്. ജവാന്‍ എന്ന ചിത്രത്തിന് ഇത്തവണ ഷാരൂഖ് ഖാന് തന്റെ ആദ്യ ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.

ആലിയ ഭട്ട്

നാലാം സ്ഥാനത്ത് 116.4 മില്യണ്‍ ഡോളറുമായി ആലിയഭട്ടാണുള്ളത്. എഡ്-എ-മമ്മ പോലുള്ള പരിസ്ഥിതി സൗഹൃദ ബ്രാന്‍ഡുകളെ പിന്തുണയ്ക്കുന്നതിനാല്‍ ആലിയയുടെ പൊതു പ്രതിച്ഛായയ്ക്ക് മൂല്യം വര്‍ധിച്ചിട്ടുണ്ട്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിൻ ടെണ്ടുൽക്കറാണ് പട്ടികയിൽ അഞ്ചാമത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 112.2 മില്യണ്‍ ഡോളർ സമ്പാദ്യവുമായി ആദ്യ അഞ്ചിലെത്തി. ബിസിസിഐ നമന്‍ അവാര്‍ഡുകളില്‍ കേണല്‍ സി കെ നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചിരിന്നു.

19-ാം സ്ഥാനത്ത് കൃതി സനോണ്‍,21-ാം സ്ഥാനത്ത് തമന്ന ഭാട്ടിയ, 22-ാം സ്ഥാനത്ത് ജസ്പ്രീത് ബുംറ, 25-ാം സ്ഥാനത്ത് 35.2 മില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യവുമായി അനന്യ പാണ്ഡെ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് സെലിബ്രിറ്റികള്‍. നടി രശ്മിക മന്ദാന കഴിഞ്ഞ വര്‍ഷം ഇരുപതാം സ്ഥാനത്തായിരുന്ന 58.9 മില്യണ്‍ ഡോളര്‍ മൂല്യവുമായി ഈ വര്‍ഷം പതിനഞ്ചാം സ്ഥാനത്തെത്തി. തമന്ന ഭാട്ടിയ 40.4 മില്യണ്‍ ഡോളറോടെ 28ല്‍ നിന്ന് 21ലേക്ക് എത്തി. കഴിഞ്ഞ വട്ടം 41ലായിരുന്ന ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ ഇത്തവണ വലിയ മികച്ച കുതിപ്പാണ് നടത്തിയിരിക്കുന്നത്. പട്ടികക്ക് പുറകെ മലയാളികള്‍ ഏറ്റവും കൂടുതല്‍ അന്വേഷിച്ചത് സഞ്ജു സാസംണ്‍ ഏത് സ്ഥാനത്ത് എത്തിയെന്നതാണ്. എന്നാൽ സഞ്ജു സാംസൺ ഈ പട്ടികയിൽ ഇടംപിടിച്ചിട്ടില്ല.

Content Highlights: indian celebrity brand valuation rankings by Krolly list

To advertise here,contact us