നവരാത്രി ആഘോഷങ്ങള്ക്കിടയില് മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലെ ക്ഷേത്രമാണ് ചർച്ചയിൽ. ഒരു കുന്നിന് മുകളില് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില് ആരാധിക്കപ്പെടുന്ന ദേവിയ്ക്ക് സമർപ്പിക്കുന്ന നേർച്ചയാണ് വാര്ത്തകളില് ഇടംപിടിച്ചിരിക്കുന്നത്. കുട്ടികളെ പോലെ കുസൃതിയും അവരെപ്പോലെ കുഞ്ഞു സമ്മാനങ്ങളൊക്കെ പ്രിയമുള്ള ദേവിയാണ് ഇവിടെയെന്നാണ് ഭക്തരുടെ വിശ്വാസം. മധ്യപ്രദേശിലെ സിദ്ധിധാത്രി പഹാഡിവാലി ക്ഷേത്രത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഇവിടുത്തെ ദേവീ പ്രതിഷ്ഠയ്ക്ക് സ്വര്ണമോ വെള്ളിയോ ഒന്നും നേർച്ചയായി വേണ്ട, പൂക്കളും മധുരങ്ങളും വേണ്ട. ഇവിടുത്തെ ദേവിയ്ക്ക് ഇഷ്ടം ചെരുപ്പുകൾ, കണ്ണാടികള്, വാച്ചുകൾ എന്തിന് കുട പോലും ദേവിക്ക് സമര്പ്പിക്കാം.
കോലാര് കുന്നിലെ മുന്നൂറ് പടികള് കയറി വേണം ഇവിടെ എത്താന്. കൊച്ചു പെണ്കുട്ടിയുടെ രൂപത്തിലാണ് ഇവിടെ ദേവി പ്രതിഷ്ഠ. പ്രാദേശികരുടെ ഭാഷയില് ജീജി ഭായി ക്ഷേത്രമെന്നാണ് ഇത് അറിയപ്പെടുന്നത്. പണ്ഡിറ്റ് ഓംപ്രകാശ് എന്നയാള് മുപ്പത് കൊല്ലം മുമ്പ് സ്ഥാപിച്ചതാണ് ഈ ക്ഷേത്രം. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ പതിനഞ്ച് ലക്ഷത്തോളം രൂപയുടെ വസ്ത്രങ്ങളാണ് ഇവിടുത്തെ ദേവി പ്രതിഷ്ഠയ്ക്ക് നേര്ച്ചയായി ലഭിച്ചത്. വിദേശത്ത് നിന്നും സ്വദേശത്ത് നിന്നുമുള്ളവര് പല നേര്ച്ചകളും സമര്പ്പിക്കുന്നുണ്ട്. ഇത്തരത്തില് ലഭിക്കുന്ന സാധനങ്ങള് ക്ഷേത്ര അധികൃതര് അനാഥാലങ്ങൾക്ക് നല്കുകയാണ് പതിവ്. ആഗ്രഹ സഫലീകരണത്തിന് പിന്നാലെയാണ് ആളുകള് നേര്ച്ചകള് നല്കുകയെന്നാണ് ക്ഷേത്രം സ്ഥാപിച്ച ഓം പ്രകാശ് പറയുന്നത്.
ഭക്തരില് ആരോ കണ്ട സ്വപ്നത്തിന്റെ ഫലമായാണ് ചെരുപ്പുകള് ക്ഷേത്രത്തിൽ സമര്പ്പിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഒരു കുഞ്ഞു പെണ്കുട്ടി പോലും ചെരുപ്പുകളില്ലാതെ നടക്കാന് പാടില്ലെന്ന് ദേവി സ്വപ്നത്തില് വന്നു പറഞ്ഞുവെന്നാണ് വിശ്വാസികൾ ഇതിന് കാരണമായി പറയുന്നത്. ഇതിന് പിന്നാലെ ചെരുപ്പുകള് സമര്പ്പിക്കുന്ന രീതി തന്നെയുണ്ടായി. നവരാത്രി ആഘോഷങ്ങളില് ദേവിക്ക് മുന്നില് സമര്പ്പിക്കാനായി ചെരുപ്പുകളുടെ നീണ്ടനിരയുണ്ടാവും. കുട്ടികള്ക്കായുള്ള ചെരുപ്പുകള് നേരിട്ട് സമര്പ്പിക്കുമ്പോള്, വലിയവര്ക്കുള്ളത് പ്രത്യേകം ബോക്സിലാണ് സമര്പ്പിക്കുക.
Content Highlights: A diety in daughter form who loves slippers and sandals in Madhya Pradesh