വിധവയായ ഇന്ത്യക്കാരിയെ 33 വർഷങ്ങള്‍ക്ക് ശേഷം നാടുകടത്തി അമേരിക്ക; പ്രതിഷേധം കനക്കുന്നു

1992ൽ സിംഗിൾ മദറായാണ് കൗർ അമേരിക്കയിലെത്തുന്നത്

മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം അമേരിക്കയിൽ നിന്നും നാടുകടത്തപ്പെട്ടിരിക്കുകയാണ് 73കാരിയായ ഹർജിത് കൗർ. കുടിയേറ്റ നിയമങ്ങൾ ചൂണ്ടിക്കാട്ടി സ്വന്തം കുടുംബത്തോട് യാത്ര പറയാൻ പോലും അനുവദിക്കാതെയാണ് പഞ്ചാബിയായ കൗറിനെ അമേരിക്ക തിരികെ അയച്ചത്. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ചാർട്ടർ ചെയ്ത വിമാനത്തിൽ സെപ്തംബർ 23നാണ് കൗർ ഡൽഹി വിമാനത്താവളത്തിലെത്തിയതെന്ന് അവരുടെ അഭിഭാഷകൻ ദീപക് അഹ്ലുവാലിയ പറഞ്ഞു. അപ്രതീക്ഷിതമായാണ് കാലിഫോർണിയയിലെ ബേക്കസ്ഫീൽഡിലായിരുന്ന കൗറിനെ ഞായറാഴ്ചയോടെ ലോസ് ആഞ്ചലസിലേക്ക് മാറ്റിയത്. അവിടെ നിന്നും ജോർജിയയിലേക്കും അതുവഴി ന്യൂഡൽഹിലേക്കും ഇവരെ തിരികെ അയക്കുകയായിരുന്നു. ഒരു വ്യക്തിക്ക് ആവശ്യമായ അടിസ്ഥാന പരിഗണനകളൊന്നും നൽകാതെ കൈയിൽ കുറ്റവാളികളെ പോലെ വിലങ്ങ് അണിയിച്ച്, തുറന്ന കോൺക്രീറ്റ് സെല്ലുകളിൽ തടങ്കലില്‍ പാർപ്പിച്ച്, കൗറിനെ ഉപദ്രവിച്ചെന്ന് അവരുടെ അഭിഭാഷകൻ ആരോപിച്ചു.

സ്വന്തം സാധനങ്ങള്‍ എടുക്കാനോ കുടുംബത്തോടൊരു യാത്ര പറയാനോ അനുവാദം ലഭിച്ചില്ല. മാനുഷിക പരിഗണന ഇല്ലാതെയാണ് കൗറിനെ നാടുകടത്തിയതെന്നാണ് ആക്ഷേപം ഉയരുന്നത്. വിധവയായ, ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങൾ അനുഭവിക്കുന്ന പ്രായമായ ഒരു സ്ത്രീയോടുള്ള അമേരിക്കൻ അധികൃതരുടെ സമീപനത്തിൽ അമേരിക്കയിലെ സിഖ് സംഘടനകളും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഉയർന്ന രക്തസമ്മർദവും പ്രമേഹവും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കൗറിനെ സെപ്തംബർ എട്ടിനാണ് തടങ്കലിലാക്കുന്നത്. സാൻഫ്രാൻസിസ്‌ക്കോ ഐസിഇ ഓഫീസിൽ സ്ഥിരമായുള്ള ചെക്ക് ഇൻ നടത്താനായി പോയതാണ് കൗർ.

പിന്നീട് തടവിലാക്കപ്പെട്ട കൗറിന് മരുന്നുകൾ കഴിക്കാൻ പോലും സമ്മതമുണ്ടായിരുന്നില്ല. 1992ൽ സിംഗിൾ മദറായാണ് കൗർ അമേരിക്കയിലെത്തുന്നത്. ഒരു സാരി ഷോപ്പിൽ തയ്യൽ ജോലി ചെയ്തും ഗുരുദ്വാരകളിൽ സന്നദ്ധസേവനം നടത്തിയുമാണ് ഇവർ ജീവിതം പുലർത്തിയത്. യുഎസിൽ അഭയം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഇവരുടെ അപേക്ഷ 2005ൽ നിരസിക്കപ്പെട്ടിരുന്നു. തുടർന്ന് 13 വർഷമായി യുഎസ് ഇമിഗ്രേഷൻ ഏജൻസിയുടെ പ്രോട്ടോക്കോൾ അനുസരിച്ചാണ് അമേരിക്കയിൽ തുടർന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇവർ പതിവായി ചെക്കിന്നുകളും വർക്ക് പെർമിറ്റ് റിന്യൂവലുകളും നടത്തിയിരുന്നു.

അപ്രതീക്ഷിതമായി കൗറിനെ നാടുകടത്തിയത് കാലിഫോർണിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ജനപ്രതിനിധികൾ വരെ കൗറിന്റെ നാടുകടത്തിൽ തടയണമെന്ന് ആവശ്യപ്പെട്ടിട്ടും ഇമിഗ്രേഷൻ അധികൃതർ അതെല്ലാം തള്ളി. അമേരിക്കയിൽ പതിറ്റാണ്ടുകളായി ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരോട് കാണിക്കുന്ന ക്രൂരതയാണിതെന്ന് സിഖ് സംഘടന പ്രതികരിച്ചു.

Content Highlights: 73 old punjab widow deported from America after 33 years

To advertise here,contact us