'ഞാൻ മെഡിക്കൽ കോളേജിൻ്റെ സ്വത്ത്'; 84കാരൻ്റെ ടാറ്റൂവിൻ്റെ വില ചെറുതല്ല!

ശരീരം മെഡിക്കൽ കോളജിന് ദാനം ചെയ്യുന്നതായി തൻ്റെ പുറംഭാഗത്താണ് വൃദ്ധൻ പച്ചകുത്തിയിരുന്നത്

മരണത്തിന് ശേഷം ശരീരം ദാനം ചെയ്യുന്നത് മെഡിക്കൽ പഠനവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ഒന്നായാണ് കണക്കാക്കപ്പെടുന്നത്. പരിഹാരമില്ലാത്ത പല ആരോഗ്യപ്രശ്നങ്ങള്‍ക്കും ചിലപ്പോള്‍ വഴിത്തിരിവാകുന്നത് ഇത്തരത്തില്‍ ദാനം ചെയ്യുന്ന ശരീരത്തിലെ പഠനങ്ങളാകും. അന്തരിച്ച സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐഎം നേതാക്കളായ എംഎം ലോറന്‍സ്, എം സി ജോസഫൈൻ ത എന്നിവർ അടുത്തിടെ സ്വന്തം ശരീരം മെഡിക്കൽ പഠനത്തിനായി വിട്ടുകൊടുത്തത് ഏറെ ചർച്ചയായിരുന്നു.

മരിച്ചാലും തന്റെ ശരീരം അല്ലെങ്കിൽ അവയവങ്ങൾ കൊണ്ട് മറ്റുള്ളവർക്ക് ഉപയോഗം ഉണ്ടാകണം എന്ന് ചിന്തിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് മധ്യപ്രദേശിൽ നിന്നുള്ള 84കാരനായ അശോക് മജുംദാർ. ഗ്വാളിയാർ സ്വദേശിയാണ് അദ്ദേഹം. തന്റെ ശരീരം മെഡിക്കൽ കോളജിന് ദാനം ചെയ്യുന്നതായി അദ്ദേഹം തന്റെ പുറംഭാഗത്താണ് പച്ചകുത്തിയിരുന്നത്. അതും 2007 ഒക്ടോബർ 16ന്.

ജയ് ആരോഗ്യ ഹോസ്പിറ്റലിൽ ഈയിടെ നടന്ന ഒരു ശസ്ത്രക്രിയയിലാണ് മെഡിക്കൽ കോളേജിന്റെ പ്രോപർട്ടിയെന്ന് അദ്ദേഹം പച്ചകുത്തിയിരിക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുന്നത്. ആശുപത്രിയിലെ ഡോക്ടർമാർ ഈ ടാറ്റുവിനെ കുറിച്ച് ഗജാര രാജ മെഡിക്കൽ കോളേജ് അധികൃതരെ വിവരമറിയിച്ചു. ഇതോടെ മെഡിക്കൽ കോളേജ് ഡീൻ ഡോ. ആർ കെ എസ് ദക്കാഡ് മജുംദാറിനെ ബന്ധപ്പെടുകയും ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ സമ്മതം തേടുകയും ചെയ്തു. പിന്നാലെ മജുംദാറിന്റെ ശരീരം മരണശേഷം മെഡിക്കൽ കോളേജിന് നൽകുമെന്ന തീരുമാനം ഔദ്യോഗികമായി രേഖപ്പെടുത്തി. മെഡിക്കൽ കോളേജ് അദ്ദേഹത്തെ ആദരിക്കാൻ ഒരു ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തു.

വീട്ടുകാർ തന്റെ താത്പര്യം എപ്പോഴും ഓർത്തിരിക്കാൻ വേണ്ടിയാണ് ടാറ്റു ചെയ്തതെന്നും തനിക്ക് ഇക്കാര്യത്തിലുള്ള പ്രതിബദ്ധത എല്ലാവർക്കും മനസിലാവാനും ബോധ്യപ്പെടാനും കൂടിയാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറയുന്നു.

Content Highlights: Elderly man tattooed him as Property of Medical College

To advertise here,contact us