മോദിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന്; ഇത്തവണയും കോളടിക്കുക 'നമാമി ഗംഗേയ്ക്ക്'

ഇത്രയും കാലത്തിനിടയില്‍ ഔദ്യോഗിക പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തപ്പോള്‍ ലഭിച്ച സമ്മാനങ്ങളാണ് ലേലത്തിന് വച്ചിരിക്കുന്നത്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങളുടെ ഇ - ലേലത്തിന്‍റെ ഏഴാം എഡിഷന്‍ പുരോഗമിക്കുന്നു. സെപ്തംബര്‍ 17ന് ആരംഭിച്ച നടപടികള്‍ ഗാന്ധിജയന്തി വരെ തുടരും. എല്ലാ പൗരന്മാരോടും ലേലത്തില്‍ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇത്രയും കാലത്തിനിടയില്‍ ഔദ്യോഗിക പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തപ്പോള്‍ ലഭിച്ച സമ്മാനങ്ങളാണ് ലേലത്തിന് വച്ചിരിക്കുന്നത്. ലേലത്തില്‍ നിന്നും ലഭിക്കുന്ന തുക വിനിയോഗിക്കുക നമാമി ഗംഗേ പദ്ധതിക്ക് വേണ്ടിയാകും. ഗംഗാ നദി ശുചീകരണവുമായി ബന്ധപ്പെട്ട പദ്ധതിയാണിത്.

'കഴിഞ്ഞ കുറച്ച് ദിവസമായി പല വ്യത്യസ്തമായ പരിപാടികളില്‍ നിന്നും എനിക്ക് ലഭിച്ച വിവിധ സമ്മാനങ്ങളുടെ ഓണ്‍ലൈന്‍ ലേലം നടക്കുകയാണ്. ഇന്ത്യയുടെ സംസ്‌കാരവും സര്‍ഗാത്മഗതയും എടുത്ത് കാട്ടുന്ന മികച്ച നിര്‍മിതികള്‍ ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലേലത്തില്‍ നിന്നും ലഭിക്കുന്ന തുക നമാമി ഗംഗേ പദ്ധതിയിലേക്കാണ് പോകുന്നത്. നിങ്ങളും ഇതിന്റെ ഭാഗമാകു.' എന്നാണ് എക്‌സില്‍ പ്രധാനമന്ത്രി കുറിച്ചത്.

ന്യൂഡല്‍ഹിയിലെ നാഷണല്‍ ആര്‍ട്ട് ഗ്യാലറിയാണ് ഈ ലേലം സംഘടിപ്പിക്കുന്നത്. സാംസ്‌കാരിക മന്ത്രാലയം ഈ ലേലത്തിന്റെ ലോഞ്ചിങ് വിവരം മുന്നേ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്താണ് ലേലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. 1300 സമ്മാനങ്ങളാണ് ലേലത്തിലുള്ളത്. ഇതില്‍ പെയിന്റിങുകള്‍, പുരാവസ്തുക്കള്‍, ശില്‍പങ്ങള്‍, ദേവീ ദേവന്മാരുടെ വിഗ്രഹങ്ങള്‍, സ്‌പോർട്‌സുമായി ബന്ധപ്പെട്ട ശേഖരം എന്നിവ ഉള്‍പ്പെടും.

2019ലാണ് ആദ്യ ലേലം സംഘടിപ്പിച്ചത്. ഇത് വഴി ഗംഗാ ശുചീകരണ പദ്ധതിയിലേക്ക് 50 കോടി രൂപയോളം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തനിക്ക് ലഭിച്ച സമ്മാനങ്ങള്‍ പൊതുആവശ്യത്തിനായി നല്‍കിയ ആദ്യ പ്രധാനമന്ത്രി. എംമ്പ്രോയിഡറിയുള്ള ജമ്മു കശ്മീരി പഷ്മിന ഷാള്‍, നടരാജ വിഗ്രഹം, കൈകൊണ്ടു തുന്നിയ നാഗാ ഷാള്‍ ഉള്‍പ്പെടെ ലേലത്തിന് വച്ചിട്ടുണ്ട്. പാരിസ് ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യ പാരാ അത്റ്റലറ്റുകള്‍ സമ്മാനിച്ച സ്‌പോട്‌സുമായി ബന്ധപ്പെട്ട ശേഖരമാണ് ഇതില്‍ പ്രത്യേകം ഉയര്‍ത്തിക്കാട്ടുന്ന സമ്മാനം.Content Highlights: Gift received by PM Modi up for auction

To advertise here,contact us