അമിത് ഷായും അജിത് ഡോവലുമായി കോണ്‍ഫറന്‍സ് കോള്‍, സംശയം തോന്നിയില്ല; 53കാരനിൽ നിന്ന് തട്ടിയെടുത്തത് 4 കോടി

വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥനായ സൂര്യകാന്ത് തോറട് എന്നയാളിൽ നിന്നാണ് പണം തട്ടിയെടുത്തത്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും പേരുപറഞ്ഞ് കോടികളുടെ തട്ടിപ്പ്. പുനെയിലെ മുൻ ബാങ്ക് ഉദ്യോഗസ്ഥനിൽ നിന്നാണ് സ്വന്തം ബന്ധു തന്നെ പണം തട്ടിയെടുത്തത്. നാല് കോടി രൂപയാണ് തട്ടിയെടുത്തത്.

2019ലായിരുന്നു സംഭവങ്ങളുടെ തുടക്കം. വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥനായ സൂര്യകാന്ത് തോറട് എന്നയാളിൽ നിന്നാണ് പണം തട്ടിയെടുത്തത്. തന്റെ മകൻ ഇന്റലിജൻസ് സംവിധാനത്തിനായി സേവനമനുഷ്ഠിച്ചിരുന്നുവെന്നും ശമ്പളമായി 38 കോടി രൂപ ലഭിക്കുമെന്നും പറഞ്ഞാണ് ബന്ധു സൂര്യകാന്തിനെ വിളിച്ചത്. ഇതിന്റെ പ്രോസസിംഗ് ഫീസ്, വക്കീൽ ഫീസ്, മുതിർന്ന ഉദ്യോഗസ്ഥർക്കുള്ള സമ്മാനങ്ങൾ എന്നിവയ്ക്കായി പണം ആവശ്യമുണ്ടെന്നും വിശ്വസിപ്പിച്ചു. തുടർന്ന് പണം ആവശ്യപ്പെട്ടു.

വിശ്വാസം നേടിയെടുക്കാനായി സൂര്യകാന്തിനൊപ്പം അമിത് ഷാ, അജിത് ഡോവൽ എന്നിവരുമായതി കോൺഫറൻസ് കോൾ ചെയ്യുന്നതായും അഭിനയിച്ചു. ഇത് വിശ്വസിച്ച സൂര്യകാന്ത് 2020 മുതൽ 2024 വരെയുള്ള വർഷങ്ങളിൽ പല തവണകളായി നാല് കോടി രൂപ നൽകുകയായിരുന്നു.

തന്റെ മകന്റെ ഐഡി കാർഡ്, റിവോൾവർ, ബാങ്കിന്റെ സന്ദേശം എന്നിവയെല്ലാം കാണിച്ചുനൽകിയാണ് ബന്ധു സൂര്യകാന്തിനെ വിശ്വസിപ്പിച്ചത്. ഒരു പ്രാവശ്യം പോലും തനിക്ക് ബന്ധുവിനെ സംശയം തോന്നിയിരുന്നില്ല എന്നും സൂര്യകാന്ത് പറയുന്നു. മകൻ ട്രെയിനിങ്ങിലായിരുന്നു എന്നും വീട്ടിലുണ്ടായിരുന്നില്ല എന്നതിനാൽ തങ്ങൾ വിശ്വസിച്ചുവെന്നും അദ്ദേഹം പറയുന്നു. നാല് വർഷത്തിനിടെ പലതവണയായാണ് പണം നൽകിയത് എന്നും ഫ്ലാറ്റ്, ഫാം, കാർ എന്നിവ വിറ്റുവെന്നും പിഎഫിൽ നിന്നുവരെ പണം പിൻവലിച്ചെന്നും സൂര്യകാന്ത് പറയുന്നു.

അമിത് ഷാ, അജിത് ഡോവൽ എന്നവകാശപ്പെട്ട് ചിലർ സംസാരിച്ചപ്പോൾ താൻ വിശ്വസിച്ചുപോയി എന്നും സൂര്യകാന്ത് പറയുന്നു. പിന്നീടാണ് അങ്ങനെയൊന്ന് ഉണ്ടാകാൻ സാധ്യതയില്ല എന്ന് തനിക്ക് മനസിലായത്. സ്വന്തം കുടുംബാംഗങ്ങൾ തന്നെ പിന്നിൽ നിന്ന് കുത്തുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോലീസ് അഞ്ച് പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

Content Highlights: 4 crores duped from banker telling amit shah and ajit doval

To advertise here,contact us