പെട്ടെന്ന് ഒരു അത്യാവശ്യത്തിന് പണം വേണമെന്നുണ്ടെങ്കില് നമ്മള് എന്താണ് ചെയ്യുന്നത്. എടിഎമ്മില് പോകുന്നു കാര്ഡ് ഉപയോഗിച്ച് പണം പിന്വലിക്കുന്നു, അല്ലേ?. എന്നാല് ഇനി കാര്ഡ് ഇല്ലെങ്കിലും പണം പിന്വലിക്കാന് സാധിക്കും. ഇന്ത്യയിലെ എടിഎമ്മുകള് പുതിയ മാറ്റങ്ങള്ക്ക് വിധേയമാവുകയാണ്. ഗൂഗിള്പേ, ഫോണ്പേ, പേടിഎം, ഭീം തുടങ്ങിയ യുപിഐ ആപ്പുകള് വഴി നേരിട്ട് പണം പിന്വലിക്കാന് അനുവദിക്കുന്ന പുതിയ കാര്ഡ്ലെസ് സംവിധാനം രാജ്യവ്യാപകമാക്കാനുള്ള ശ്രമത്തിലാണ് ബാങ്കുകള്.
ICCW (ഇന്റര്ഓപ്പറബിള് കാര്ഡ്ലെസ് ക്യാഷ് വിത്ത്ഡ്രോവല്) അല്ലെങ്കില് യുപിഐ ക്യാഷ് വിത്ത്ഡ്രോവല് എന്നാണ് ഈ സംവിധാനം അറിയപ്പെടുന്നത്. ഇത് പരമ്പരാഗതമായി കാര്ഡ് ഉപയോഗിച്ച് പണം പിന്വലിക്കുന്ന രീതിയേക്കാള് വേഗതയേറിയതും സൗകര്യപ്രദവും സുരക്ഷിതവുമാണ്. കാരണം ഇവിടെ എടിഎമ്മില് കാര്ഡ് ഉപയോഗിച്ച് പണം പിന്വലിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാകുന്നു.
എടിഎമ്മില് കയറി 'UPI cash withdrawal'' അല്ലെങ്കില് 'ICCW' എന്ന് ലേബല് ചെയ്തിരിക്കുന്ന ഓണ്സ്ക്രീന് ഓപ്ഷന് തിരഞ്ഞെടുക്കുക. പിന്വലിക്കാന് ആഗ്രഹിക്കുന്ന തുക ടൈപ്പ് ചെയ്ത് കൊടുക്കുക. അപ്പോള് എടിഎം ഒരു QR കോഡ് സ്ക്രീനില് കാണിക്കും. ഫോണിലെ UPI ആപ്പ് ഉപയോഗിച്ച് ഈ QR കോഡ് സ്കാന് ചെയ്യുക. നിങ്ങളുടെ UPI ഐഡിയുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് UPI പിന് നല്കുക. ഫോണില് ഇടപാട് സ്ഥിരീകരിച്ചുകഴിഞ്ഞാല് നിങ്ങള്ക്ക് ATM ലൂടെ പണം ലഭിക്കും.
എല്ലാ എടിഎമ്മുകളിലൂടെയും പണം പിന്വലിക്കാന് സാധിക്കില്ല. ICCW സജീവമാക്കിയ എടിഎമ്മുകളില് മാത്രമേ ഈ സേവനം ലഭ്യമാകൂ. യുപിഐ ആപ്പുകളില് ഗൂഗിള് പേ, ഫോണ്പേ, പേടിഎം, ഭീം എന്നീ ആപ്പുകള് ഇതില് ഉള്പ്പെടുന്നു. എടിഎമ്മുകളില് യുപിഐ വഴിയുള്ള ഓരോ ഇടപാടിനും പിന്വലിക്കാവുന്ന തുകയുടെ പരിധി 10,000 ആണ്.
പൂര്ണ്ണമായും കാര്ഡ് ഉപയോഗിക്കാതെ ചെയ്യുന്ന ഇടപാട് ആയതുകൊണ്ട് കാര്ഡ് സ്കിമ്മിംഗ്, ക്ലോണിംഗ്, കാര്ഡുകളുടെ നഷ്ടം അല്ലെങ്കില് മോഷണം എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യതകളെ ഇത് ഇല്ലാതാക്കുന്നു. UPI ആക്സസ് ഉള്ള ഏതൊരു ബാങ്കിന്റെയും ഉപഭോക്താക്കള്ക്ക് പ്രവര്ത്തനക്ഷമമാക്കിയ എടിഎമ്മുകളില് ഈ സവിശേഷത ഉപയോഗിക്കാന് കഴിയും എന്നാണ്.
കാര്ഡ് രഹിത പിന്വലിക്കലുകള് ചില അപകടസാധ്യതകള് കുറയ്ക്കുമെങ്കിലും, ഉപയോക്താക്കള് ഇപ്പോഴും അവരുടെ മൊബൈല് അപ്ഡേറ്റ് ചെയ്യുകയും UPI പിന് നമ്പറും ആര്ക്കും പങ്കുവയ്ക്കാതിരിക്കുകയും വേണം. വിശ്വസനീയമായ UPI ആപ്പുകള് മാത്രം ഉപയോഗിക്കുക. ഇടപാട് നടത്തുംമുന്പ് ATM, QR കോഡ് സ്കാന് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക.
Content Highlights :There is a way to withdraw money without an ATM card; Know about the Cardless UPI feature