പണമിടപാടുകള്‍ക്കായി കറന്‍സി ഉപയോഗിക്കാത്ത ജനത; ലോകത്തെ ആദ്യ ക്യാഷ്‌ലെസ്സ് രാജ്യം ഏതാണെന്നറിയാം

ഈ രാജ്യത്ത് എല്ലാ ഇടപാടുകളും 1% ത്തില്‍ താഴെ മാത്രമേ പണമുപയോഗിച്ച് നടത്തുന്നുള്ളൂ

ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ആഗോളമാതൃക സൃഷ്ടിച്ചുകൊണ്ട് ലോകത്തിലെ ആദ്യത്തെ കറന്‍സി ഉപയോഗിക്കാത്ത രാജ്യമെന്ന പദവി സ്വന്തമാക്കിയ രാജ്യമാണ് സ്വീഡന്‍. ഷോപ്പിംഗ് ആയാലും യാത്രയായാലും സ്വീഡനിലെ മിക്കവാറും സാമ്പത്തിക ഇടപാടുകള്‍ ഇലക്ട്രോണിക് രീതി ഉപയോഗിച്ചാണ് നടക്കുന്നത്. സ്വീഡനിലെ ആകെ പണമിടപാടുകള്‍ പരിശോധിച്ചാല്‍ അതില്‍ 1 ശതമാനം മാത്രമാണ് പണമുപയോഗിച്ച് നടത്തുന്നവ.

എങ്ങനെയാണ് സ്വീഡന്‍ ആദ്യത്തെ കറന്‍സി ഉപയോഗിക്കാത്ത രാജ്യമായി മാറിയത്? 2000ത്തിന്റെ തുടക്കത്തില്‍ തന്നെ കറന്‍സി നോട്ടുകള്‍ ഉപയോഗിക്കാതെയുള്ള സമ്പദ്‌വ്യവസ്ഥയിലേക്കുള്ള യാത്ര സ്വീഡന്‍ ആരംഭിച്ചതാണ്.

പ്രധാന ബാങ്കുകള്‍ തമ്മിലുളള സഹകരണത്തിലൂടെ സൃഷ്ടിക്കപ്പെട്ട മൊബൈല്‍ പേമെന്റ് ആപ്പായ 'സ്വിഷ് 2012' ആപ്പിലൂടെ സ്വീഡിഷുകാര്‍ക്കിടയിലെ പണം കൈകാര്യം ചെയ്യുന്ന രീതികള്‍ മാറിമറിഞ്ഞു. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പേമെന്റ് നടത്താനുളള ഈ രീതി രാജ്യത്തെ ജനങ്ങള്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു.

സ്വീഡിഷ് സര്‍ക്കാരും രാജ്യത്തിന്റെ കേന്ദ്രബാങ്കായ റിസ്‌ക്ബാങ്കും ഡിജിറ്റല്‍ സാമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. അവര്‍ ശക്തമായ സൈബര്‍ സുരക്ഷാ നിയമങ്ങള്‍ നടപ്പിലാക്കുകയും ഇ-പേമെന്റ് ആപ്പുകളും കോണ്‍ടാക്റ്റ്‌ലെസ് കാര്‍ഡുകളും സ്വീകരിക്കാന്‍ പൗരന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സൗകര്യം മാത്രമല്ല, അഴിമതി, കള്ളപ്പണം, മോഷണം എന്നിവ കുറച്ച് സാമ്പത്തിക ഇടപാടുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.

ഫിന്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, ചൈന, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് സ്വീഡന്റെ മാതൃക പ്രചോദനമായി തോന്നുകയും ആ രാജ്യങ്ങളുടെ പേമെന്റ് സംവിധാനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തു. സ്വീഡന്റെ ഈ ധീരമായ നീക്കം ലോകമെമ്പാടുമുള്ള ഡിജിറ്റല്‍ പേമെന്റ് വിപ്ലവത്തിന് തുടക്കമിട്ടു എന്ന് ആഗോള മാറ്റങ്ങള്‍ കാണിക്കുന്നുണ്ട്.

Content Highlights :Do you know which is the first cashless country in the world?

To advertise here,contact us