കുത്തനെ ഇടിഞ്ഞ് ഓഹരിവിപണി; രൂപയുടെ മൂല്യവും താഴേക്ക്

നിഫ്റ്റി 26,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയെത്തി

ഇന്ന് കുത്തനെ ഇടിഞ്ഞ് ഓഹരിവിപണി. സെന്‍സെക്സ് 450ലധികം പോയിന്റ് ആണ് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഇടിഞ്ഞത്. നിഫ്റ്റി 26000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയെത്തി. ഇന്നലെ 2500 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്. വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായി മാറിയതും കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വ് അടുത്തൊന്നും പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയില്ലാത്തതുമാണ് ഓഹരി വിപണിയിലെ ഇടിവിനുള്ള പ്രധാന കാരണമെന്ന് വിപണി വിദഗ്ദര്‍ പറയുന്നു.

ഡോളറിനെതിരെ രൂപയുടെ മൂല്യവും ഇടിഞ്ഞു. 21 പൈസയുടെ നഷ്ടത്തോടെയാണ് വ്യാപാരത്തിന്റെ തുടക്കത്തില്‍ 88.43 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് പ്രഖ്യാപനവുമാണ് രൂപയെ സ്വാധീനിച്ചത്.

സ്വര്‍ണവിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 88,360 രൂപയാണ് വില. പവന് 1400 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 11,045 രൂപ നല്‍കണം. ഇന്നലെ രണ്ടു തവണ സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഇന്നലെ രാവിലെ സ്വര്‍ണവില പവന് 89,160 രൂപയായിരുന്നു വില. ഉച്ച കഴിഞ്ഞതോടെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു പവന് 89,760 രൂപയിലെത്തിയിരുന്നു.

Content Highlights: Stock market plunges rupee value also falls

To advertise here,contact us