കംബോഡിയ ആസ്ഥാനമാക്കി 'പിഗ് ബുച്ചറിംഗ്' തട്ടിപ്പ് നടത്തിയിരുന്ന വ്യക്തിയിൽ നിന്നും 15 ബില്യൺ അമേരിക്കൻ ഡോളർ വിലമതിക്കുന്ന 34.5 ബിറ്റ്കോയിൻ പിടിച്ചെടുത്തു. അമേരിക്കൻ ഫെഡറൽ ഏജൻസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബിറ്റ്കോയിൻ വേട്ടയാണ് ഇതെന്നാണ് റിപ്പോർട്ട്. ചെൻ ഷിയാണ് 'പിഗ് ബുച്ചറിംഗ് ഓപ്പറേഷൻ' എന്നറിയപ്പെടുന്ന ഈ തട്ടിപ്പിന് പിന്നിലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഷി നിലവിൽ ഒളിവിലാണെന്നാണ് റിപ്പോർട്ട്.
വിൻസെന്റ് എന്ന പേരിലും അറിയപ്പെടുന്ന ഷി കംബോഡിയ ആസ്ഥാനമായുള്ള ഒരു ബഹുരാഷ്ട്ര ബിസിനസ് കൂട്ടായ്മയായ പ്രിൻസ് ഹോൾഡിംഗ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമാണെന്നാണ് കോടതി രേഖകൾ വ്യക്തമാക്കുന്നത്.
പിഗ് ബുച്ചറിംഗ് അഴിമതികൾ എന്നറിയപ്പെടുന്ന ക്രിപ്റ്റോകറൻസി നിക്ഷേപ തട്ടിപ്പ് പദ്ധതികളിൽ ഏർപ്പെട്ടിരിക്കുന്നവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ അമേരിക്ക ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഇരകളിൽ നിന്ന് കോടിക്കണക്കിന് ഡോളർ മോഷ്ടിച്ചുവെന്നാണ് ഡിഒജെ അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.
ക്രിപ്റ്റോ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന ഒരു പദമാണ് 'പിഗ് ബുച്ചറിംഗ്'. 'റൊമാൻസ് സ്കാം' എന്നതിന്റെ മറ്റൊരു പേരായും ഇത് ഉപയോഗിക്കപ്പെടുന്നു. തട്ടിപ്പുകാർ ഒറ്റപ്പെട്ട വെബ് ഉപയോക്താക്കളെയാണ് ലക്ഷ്യം വെയ്ക്കുക. തെക്കുകിഴക്കൻ ഏഷ്യയിലാണ് ഈ തട്ടിപ്പ് ഉത്ഭവിച്ചത്, ചൈനീസ് ഭാഷയിലെ "ഷാഴുപാൻ" എന്നതിൽ നിന്നാണ് ഈ വാക്ക് വന്നത്. ഒരു കർഷകൻ പന്നിയെ കശാപ്പ് ചെയ്യുന്നതിന് മുമ്പ് ഭക്ഷണം നൽകി കൊഴുപ്പിക്കുന്നതിനെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്. ഈ രീതിയോട് സമാനമായ നിലയിൽ ഇരയുമായി അടുപ്പം സ്ഥാപിക്കുകയും അവരുടെ വിശ്വാസം നേടിയ ശേഷം അവരുടെ ക്രിപ്റ്റോകൾ മോഷ്ടിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഈ തട്ടിപ്പിനെ 'പിഗ് ബുച്ചറിംഗ്' എന്ന് വിളിക്കുന്നത്.
നേരത്തെ തന്നെ പിഗ് ബുച്ചറിംഗിനെതിരെ അമേരിക്കൻ അന്വേഷണ ഏജൻസികൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. മാസങ്ങളോളം ഇരകളുമായി വിശ്വസനീയമായ ബന്ധം സ്ഥാപിക്കുന്നതാണ് ഈ തട്ടിപ്പിൽ കുറ്റവാളികളുടെ പൊതുരീതി. ഇത്തരത്തിൽ ഇരകളുമായി ഏറ്റവും അടുത്ത ബന്ധം സ്ഥാപിച്ച് സ്ഥിരമായ സന്ദേശങ്ങളിലൂടെ ആശയവിനിമയം നടത്തുക ഇത്തരം തട്ടിപ്പുകാരുടെ പൊതുരീതിയാണ്. ഇരയുടെ പൂർണ്ണ വിശ്വാസം നേടിക്കഴിഞ്ഞാൽ പോൻസി ക്രിപ്റ്റോ സ്കീമുകളിൽ നിക്ഷേപിക്കാൻ അവരോട് ആവശ്യപ്പെടുകയാണ് രീതി. ക്രിപ്റ്റോകളിൽ നിക്ഷേപിക്കുന്നതിലൂടെ എല്ലാ സമ്പത്തും കൈവരിക്കാൻ കഴിയുമെന്ന് അവരെ ബോധ്യപ്പെടുത്തിയാവും ഈ നീക്കം. പണം കൈമാറ്റം ചെയ്തുകഴിഞ്ഞാൽ, തട്ടിപ്പുകാർ ഫണ്ടുകൾ കൈവശപ്പെടുത്തുന്നതാണ് തട്ടിപ്പിൻ്റെ രീതി.
Content Highlights: US Government Seizes 15 Billion Dollar in Bitcoin From Pig Butchering Scam