'ചെറിയൊരു കണ്‍ഫ്യൂഷന്‍'; എല്‍ജി ഇലക്ട്രോണിക്‌സ് എല്‍ജി ബാലകൃഷ്ണനായി; വിപണിയില്‍ വന്‍ മുന്നേറ്റം

എല്‍ജി ബാലകൃഷ്ണന്‍ കമ്പനിയുടെ പശ്ചാത്തലമെന്ത്?

കഴിഞ്ഞ ദിവസം മികച്ച പ്രകടനമാണ് ഓഹരിവിപണിയില്‍ എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ കാഴ്ച്ചവെച്ചത്. ഇഷ്യു വിലയേക്കാള്‍ 50 ശതമാനം നേട്ടത്തോടെയാണ് കമ്പനി വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. അതിനിടെ നിക്ഷേപകര്‍ക്ക് പേരിന്റെ കാര്യത്തില്‍ ഒരു കണ്‍ഫ്യൂഷന്‍ വന്നതിനെ തുടര്‍ന്ന് എല്‍ജി ബാലകൃഷ്ണന്‍ & ബ്രദേഴ്‌സ് ലിമിറ്റഡിന്റെ ഓഹരിയും കുത്തനെ ഉയരുന്നതിനും കാരണമായി. 11,607 കോടി രൂപയുടെ ഐപിഒ നേടിയതിന് ശേഷം എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ ലിമിറ്റഡ് ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ ആശയക്കുഴപ്പം ഉണ്ടായത്.

ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ് ഭീമനായ എല്‍ജി ഇലക്ട്രോണിക്‌സിന്റെ ഷെയര്‍ വാങ്ങിക്കൂട്ടുന്നതിന് ഇടയിലാണ് നിക്ഷേപകരുടെ ഇടയില്‍ പേരില്‍ കണ്‍ഫ്യൂഷനുണ്ടാകുന്നത്. ഇതിനെ തുടര്‍ന്ന് എല്‍ജി ബാലകൃഷ്ണന്റെ ഓഹരി വില ആദ്യ വ്യാപാരത്തില്‍ 15% ഉയര്‍ന്ന് ബിഎസ്ഇയില്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,640 രൂപയിലെത്തി. മുന്‍ ക്ലോസിംഗ് നിരക്കായ 1,367.60 രൂപയില്‍ നിന്ന് ഇത് 1,600 രൂപയായി.

ഫ്രിഡ്ജുകളും ടിവികളും നിര്‍മ്മിക്കുന്ന 'എല്‍ജി' അല്ല തങ്ങളുടെ 'എല്‍ജി' എന്ന് നിക്ഷേപകര്‍ക്ക് മനസ്സിലാകാന്‍ അധികസമയം വേണ്ടി വന്നില്ല. ഉടനെ തന്നെ നിക്ഷേപകര്‍ എല്‍ജി ബാലകൃഷ്ണന്‍ ഓഹരി വിറ്റഴിച്ചു. ദിവസം അവസാനിച്ചപ്പോള്‍ ഏകദേശം 2% താഴ്ന്നാണ് ക്ലോസ് ചെയ്തത്.

1937-ല്‍ സ്ഥാപിതമായ എല്‍ജി ബാലകൃഷ്ണന്‍ & ബ്രദേഴ്‌സ്, ഓട്ടോമോട്ടീവ് ട്രാന്‍സ്മിഷന്‍ പ്രൊഡക്ട്‌സ് ചെയിനുകള്‍, സ്‌പ്രോക്കറ്റുകള്‍, ടെന്‍ഷനറുകള്‍ എന്നിവയ്ക്ക് പേരുകേട്ട തദ്ദേശീയ കമ്പനിയാണ്. എയര്‍ കണ്ടീഷണറുകള്‍, ടെലിവിഷനുകള്‍, വാഷിംഗ് മെഷീനുകള്‍ എന്നിവയ്ക്ക് പേരുകേട്ട ദക്ഷിണ കൊറിയയിലെ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ഭീമനായ എല്‍ജി കോര്‍പ്പറേഷന്റെ ഇന്ത്യന്‍ വിഭാഗമാണ് എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ. എല്‍ജി ബാലകൃഷ്ണന്റെ വിപണി മൂലധനം ഏകദേശം 4,300 കോടി രൂപയാണ്, അതേസമയം എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യയുടെ മൂലധനം ഏകദേശം 1.14 ലക്ഷം കോടി രൂപ വിലവരും.

Content Highlights: lg mix up sent lg balakrishnan

To advertise here,contact us