ഒരോ തവണയും പണമിടപാട് നടത്തുമ്പോള് ഫോണിലേക്ക് ഒടിപി വരുന്നുണ്ടോ? എസ്എംഎസായി വരുന്ന ഈ ഒടിപി നല്കിയാല് മാത്രം ഇടപാട് പൂര്ത്തിയാക്കാനാവുന്നത് ചിലപ്പോഴെങ്കിലും തലവേദന സൃഷ്ടിച്ചിട്ടില്ലേ. ഒടിപിയില്ലാതെ തന്നെ ഡിജിറ്റല് ഇടപാട് പൂര്ത്തിയാക്കാന് ഉപയോക്താക്കള്ക്ക് സാധിക്കുന്ന രീതിയില് ടു ഫാക്ടര് ഓതന്റിക്കേഷനില് മാറ്റം വരുത്തുകയാണ് ആര്ബിഐ. 2026 ഏപ്രില് മുതല് ഈ മാറ്റം നിലവില് വരും.
ഒടിപിക്ക് പകരം മറ്റെന്ത്?
എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള ഒടിപിക്ക് പകരം ബയോമെട്രിക് സംവിധാനമുള്പ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളായിരിക്കും ഉപയോഗിക്കുക.പാസ്വേഡ്, പാസ്ഫ്രെയ്സ്, പിന്, കാര്ഡ് ഹാര്ഡ്വെയര്, സോഫ്റ്റ്വെയര് ടോക്കണ്, വിരലടയാളം,ആധാര് അധിഷ്ഠിതമായതോ, ഇടപാടുകള്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി ബന്ധിപ്പിച്ചതോ ആയ ബയോമെട്രിക് സംവിധാനങ്ങള് തുടങ്ങിയവയില് എന്തെങ്കിലുമായിക്കും ഇതിനായി ഉപയോഗിക്കുക. പക്ഷെ ഇതില് ഒന്ന് ഡൈനാമിക് രീതിയിലുള്ളതാകണം. അതായത് മാറിക്കൊണ്ടിരിക്കുന്ന ഒന്നായിരിക്കണം.
മാറ്റം എന്തിനുവേണ്ടി?
ഡിജിറ്റല് പണമിടപാട് സംവിധാനങ്ങള്ക്ക് കുറേക്കൂടി സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ടു ഫാക്ടര് ഓതന്റിക്കേഷന് മാര്ഗരേഖകളില് മാറ്റങ്ങള് കൊണ്ടുവരുന്നത്. ഒടിപി ഒഴിവാക്കിയാലും ഇന്ത്യക്ക് അകത്തുള്ള ഡിജിറ്റല് ഇടപാടുകള്ക്കെല്ലാം ടു ഫാക്ടര് ഓതന്റിക്കേഷന് കര്ശനമാക്കും. ഏത് മാര്ഗം അവലംബിക്കണമെന്ന് ധനകാര്യ സ്ഥാപനങ്ങള്ക്ക് സ്വയം തീരുമാനിക്കാം. ഇതിനര്ഥം ഒടിപി പൂര്ണമായും ഇല്ലാതാകുമെന്നല്ല. പകരം മറ്റു സാങ്കേതിക സംവിധാനങ്ങളും വരുമെന്നാണ്.
Content Highlights: RBI's New Payment Authentication Rules: A Shift Beyond OTPs