കൂപ്പുകുത്തി ഓഹരിവിപണി; അദാനി ഗ്രൂപ്പിന് വന്‍ മുന്നേറ്റം

ഹിന്‍ഡന്‍ബര്‍ഗ് ആരോപണ വിഷയത്തില്‍ അദാനി ഗ്രൂപ്പിന് ക്ലീന്‍ചീറ്റ്

തുടര്‍ച്ചയായ മുന്നേറ്റത്തിനൊടുവില്‍ കൂപ്പുകുത്തി ഓഹരിവിപണി. ബിഎസ്ഇ സെന്‍സെക്സ് 500 പോയിന്റ് ആണ് വിപണിയുടെ തുടക്കത്തില്‍ ഇടിഞ്ഞത്. 25,300 പോയിന്റില്‍ താഴെയാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്. ബാങ്ക് നിഫ്റ്റിയും തുടക്കം മുതല്‍ നഷ്ടത്തിലാണ്. ഐടി, എഫ്എംസിജി, ഓട്ടോ, ധനകാര്യ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് മേഖലകളും രാവിലെ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.ലാഭമെടുപ്പാണ് ഓഹരി വിപണിയെ ഇന്ന് കൂപ്പുകുത്തിലേക്ക് നയിച്ചതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കൂടാതെ ഐടി, റിയല്‍ എസ്റ്റേറ്റ് ഓഹരികളില്‍ ഉണ്ടായ ഇടിവും വിപണിയില്‍ ഒന്നടങ്കം പ്രതിഫലിച്ചു. ഐടി, എഫ്എംസിജി, സ്വകാര്യ ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഓഹരികള്‍ ഒരുശതമാനം വരെയാണ് ഇടിഞ്ഞത്.

അദാനി ഗ്രൂപ്പിന്റെ മുന്നേറ്റം

ഹിന്‍ഡന്‍ബര്‍ഗ് ആരോപണ വിഷയത്തില്‍ സെബി ക്ലീന്‍ ചിറ്റ് നല്‍കിയതിന്റെ ഫലമായി അദാനി ഗ്രൂപ്പ് വന്‍ മുന്നേറ്റമാണ് ഇന്ന് ഓഹരിവിപണിയില്‍ കാഴ്ചവച്ചത്. അദാനി ടോട്ടല്‍ ഗ്യാസ് 12 ശതമാനം കയറിയിട്ട് അല്‍പം താഴ്ന്നു. അദാനി എന്റര്‍പ്രൈസസ് അഞ്ചു ശതമാനം കയറി. മറ്റ് ഓഹരികള്‍ രണ്ടര മുതല്‍ എട്ടുവരെ ശതമാനം ഉയര്‍ന്നു. അദാനി എന്റര്‍പ്രൈസസ് 4 ശതമാനം, അദാനി പോര്‍ട്സ് 2 ശതമാനം, അദാനി ഗ്രീന്‍ 3 ശതമാനം, അദാനി എനര്‍ജി 3 ശതമാനം തുടങ്ങിയവയാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. അദാനി ഗ്രൂപ്പ് ഓഹരികളില്‍ കൃത്രിമത്വം നടത്തിയെന്ന ഹിന്‍ഡെന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നാണ് സെബി അന്വേഷണത്തില്‍ കണ്ടെത്തിയത്. ഹിന്‍ഡെന്‍ബര്‍ഗ് ആരോപണത്തില്‍ ആടിയുലഞ്ഞ അദാനി കമ്പനികളുടെ മൂല്യത്തില്‍ 2.85 ലക്ഷം കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

ഡോളറിനെതിരെ രൂപ ഇന്നും ഇടിഞ്ഞു. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതിനെ തുടര്‍ന്ന് ഡോളര്‍ ശക്തിയാര്‍ജിച്ചതാണ് ഇന്നും രൂപയ്ക്ക് വിനയായത്. ഡോളറിനെതിരെ ഏഴു പൈസയുടെ നഷ്ടത്തോടെ 88.20 എന്ന നിലയിലാണ് രൂപയുടെ മൂല്യം. ക്രൂഡ് ഓയില്‍ വിലയും താഴ്ന്നു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 67.35 ഡോളര്‍ വരെ കുറഞ്ഞു. അതേസമയം സ്വര്‍ണത്തിന്റെ വില കുത്തനെ ഉയരുകയാണ്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 120 രൂപ ഉയര്‍ന്ന് 81,640 രൂപയില്‍ എത്തി.

Content Highlights: Stock market plunges Adani Group makes huge progress

To advertise here,contact us